എല്‍.വി.രാമസ്വാമി അയ്യരുടെ(എല്‍.വി.ആര്‍) മലയാളം സ്വനവിജ്ഞാനത്തെക്കുറിച്ച് ഒരു സംക്ഷിപ്തവിവരണം എന്ന കൃതി മുപ്പത്തൊന്നുപുറം മാത്രമുള്ള ഒരു മോണോഗ്രാഫാണ്. 1925ല്‍ കല്‍ക്കത്ത സര്‍വ്വകലാശാലയുടെ ഫോണറ്റിക്‌സ് മോണോഗ്രാഫ് പരമ്പരയില്‍ ആദ്യത്തേതായി പ്രസിദ്ധീകരിച്ചു. മുമ്പേ ഈ വിഷയത്തില്‍ തല്‍പ്പരനായിരുന്നുവെങ്കിലും വര്‍ണ്ണോച്ചാരണനിബദ്ധമായ ലേഖനങ്ങള്‍ക്കനുസൃതമായ അച്ചുകളുടെ അഭാവം മൂലം ഇന്ത്യയിലെങ്ങും ഇതുവരെ അച്ചടിക്കാന്‍ കഴിഞ്ഞില്ലെന്നും എല്‍.വി.ആര്‍. ആമുഖത്തില്‍ പറയുന്നു. അക്കാലത്ത് കല്‍ക്കത്ത സര്‍വ്വകലാശാലയുടെ ഉന്നതവിദ്യാഭ്യാസസമിതി അദ്ധ്യക്ഷനായിരുന്ന ആശുതോഷ് മുഖര്‍ജിയുടേയും അവിടത്തെ ഫോണറ്റിക്‌സ് വിദഗ്ദനായിരുന്ന സുനീതികുമാറിന്റേയും പ്രത്യേകതാല്പര്യവും സഹായവും കൊണ്ടാണ് ഈ കൃതി പ്രസിദ്ധീകരിക്കാന്‍ കഴിഞ്ഞത്.
മലയാളം സ്വനവിജ്ഞാനത്തില്‍ എല്‍.വി.ആറിന്റെ പ്രധാന നിഗമനങ്ങള്‍ ഇവയാണ്: മലയാളഭാഷയുടെ സ്വനവിജ്ഞാനപരമായ പല പ്രത്യേകതകളും ആദ്യമായി പരാമര്‍ശിക്കുന്നതു് രാമസ്വാമിയുടെ ഈ പുസ്തകത്തിലാണ്:

    അകാരം കണ്ഠ്യമോ താലവ്യമോ എന്ന പ്രശ്‌നം: മുന്നോട്ടു തുറന്ന കേന്ദ്രസ്വരം ആണ് ഹ്രസ്വമായ അകാരം എന്ന് രാമസ്വാമി അഭിപ്രായപ്പെടുന്നു. ദീര്‍ഘമാവുമ്പോള്‍ സ്വല്പം പിന്നോട്ടുമാറുന്നു. എന്നാല്‍ യ, ര, ല, റ തുടങ്ങിയവയോടു ചേരുമ്പോള്‍ കൂടുതല്‍ അടഞ്ഞും പലപ്പോഴും എകാരത്തോടു ചേരുകയും പതിവുണ്ടു. പദാന്ത്യവ്യഞ്ജനങ്ങള്‍ക്കുമുമ്പു ചിലേടത്തും വികാരഭേദങ്ങള്‍ സംഭവിക്കാറുണ്ടെങ്കിലും അകാരത്തിന്റെ ഓഷ്ഠ്യമായ ഉച്ചാരണം ഓഷ്ഠ്യവ്യഞ്ജനങ്ങളുടെ സാമീപ്യത്തില്‍ വരുന്ന പ്രാദേശികപ്രേരണ മാത്രമാണെന്നു് അദ്ദേഹം കാണിച്ചുതരുന്നു.
    കേരളപാണിനി സംവൃതഉകാരം എന്നു വിളിക്കുന്ന സ്വരം ഉകാരത്തേക്കാള്‍ അടഞ്ഞതോ ചുണ്ടുരുട്ടി ഉച്ചരിക്കുന്നതോ അല്ല. അതിനാല്‍ സ്വനദൃഷ്ട്യാ അതിനെ സംവൃതോകാരം എന്നു വിളിക്കാനാവില്ല. അതേ സമയം പ്രക്രിയാപരമായി ഉകാരവുമായി ഈ സ്വരത്തിനു് ബന്ധമുണ്ടുതാനും. (കാട് > കാടുവെട്ടി, കാടുകള്‍: ഇവിടെ ഉകാരമായിത്തീരുന്നു; കടുകു്, കൊതുകു്, വെരുകു് തുടങ്ങിയ വാക്കുകളില്‍ രണ്ടാമത്തെ ഉകാരവും അലസമായ ഉച്ചാരണത്തില്‍ ഇതേ സംവൃതരൂപം കൈക്കൊള്ളുന്നു; വന്നു > വിനയെച്ചം > വന്നു് കണ്ടു തുടങ്ങിയ പ്രക്രിയകളില്‍ ഉകാരമോ സംവൃതമോ മാറിമാറി ഉപയോഗിക്കപ്പെടുന്നു; എന്നാല്‍ തൂകി, വീശി തുടങ്ങി ഭൂതപ്രത്യയം ഉകാരത്തിലല്ലാതെ അവസാനിക്കുന്നിടത്ത് മുറ്റുവിനയും വിനയെച്ചവും ഒരുപോലെ കാണുന്നു.