ശാര്‍ങ്ഗദേവന്‍

ശാര്‍ങ്ഗദേവന്റെ സംഗീതരത്‌നാകരം ഭാരതീയ സംഗീതശാസ്ത്രത്തിലെ ഏറ്റവും ആധികാരികവും പ്രാമാണികവുമായ കൃതികളില്‍ ഒന്നാണ്. ഇതിലെ അടിസ്ഥാനവ്യവസ്ഥകളാണ് പില്‍ക്കാലത്ത് കര്‍ണാടകസംഗീതത്തിലും ഹിന്ദുസ്ഥാനി സംഗീതത്തിലും ആധികാരിക തത്വമായി കണക്കാക്കപ്പെട്ടത്.

ഏഴ് അദ്ധ്യായങ്ങളുള്ളതിനാല്‍ സപ്താദ്ധ്യായി എന്നും അറിയപ്പെടുന്നു. ആദ്യത്തെ ആറ് അദ്ധ്യായങ്ങളും സംഗീതത്തിനേയും സംഗീതോപകരണങ്ങളേയും കുറിച്ചു പ്രതിപാദിക്കുന്നു. ഏഴാമത്തേതായ ‘നര്‍ത്തനാദ്ധ്യായം’ നൃത്തത്തെപ്പറ്റിയാണ്.
സംഗീതരത്‌നാകരത്തില്‍ 250 ല്‍പ്പരം രാഗങ്ങളെക്കുറിച്ചു പറയുന്നുണ്ട്. അവയില്‍ ബംഗാള, ഭൈരവി, ധന്യാസി, ഛായാനാട്ട, ഘണ്ടാരവ, കാംബോജി, ലളിത, മാളവശ്രീ, മാളവി, നാട്ട, പ്രതാപ വരാളി, രവിചന്ദ്രിക, ശങ്കരാഭരണ, ശ്രീരാഗ, ടക്ക, തരംഗിണി, തോഡി, നസന്ത, വേളാവലി തുടങ്ങിയവയില്‍ ലക്ഷണങ്ങളില്‍ വ്യത്യാസമുണ്ടെങ്കിലും ആ രാഗനാമങ്ങള്‍ ഇന്നും കര്‍ണാടക സംഗീതത്തില്‍ ശോഭിക്കുന്നു.
എ.ഡി. 1210 നും 1247 നും ഇടയ്ക്ക് ദേവഗിരിയിലെ രാജാവായ ഇമ്മാഡി ദേവരായരുടെ കാര്യാലയത്തില്‍ രാജസേവകനായിരുന്നു ശാര്‍ങ്ഗദേവന്‍. സംസ്‌കൃത പണ്ഡിതനായിരുന്ന അദ്ദേഹത്തിന് തമിഴിലും വ്യുത്പത്തി ഉണ്ടായിരുന്നു. രാഗങ്ങള്‍ എണ്ണമറ്റതാണെന്നും ദേശവ്യത്യാസമനുസരിച്ച് അതിന്റെ മേന്മയിലും ഭാവത്തിലും ഘടനയിലും മറ്റും വ്യത്യാസമുണ്ടാകുന്നുവെന്നും ബൃഹദ്ദേശി വെളിപ്പെടുത്തി. മേളജന്യ വ്യവസ്ഥ വന്നതോടെ ശാര്‍ങ്ഗദേവന്റെ രാഗ ലക്ഷണ വര്‍ണ്ണനകളില്‍ പലതും അപ്രസിദ്ധങ്ങളായി. സംഗീതരത്‌നാകരത്തെ അവലംബിച്ച് പില്‍ക്കാലത്തു് പല വ്യാഖ്യാനങ്ങളും പാഠങ്ങളും ഉണ്ടായിട്ടുണ്ട്. അതില്‍ പ്രധാനപ്പെട്ടതാണ് സിംഹഭൂപാലന്റെ സംഗീതസുധാകരം (ഏ.1330), കല്ലീനാഥന്റെ കലാനിധി (ഏ.1430) എന്നിവ.