ദ സ്റ്റോറി ഓഫ് സിവിലിസേഷന്‍
(ചരിത്രം)
വില്‍ ഡുറാന്റ്
അമേരിക്കന്‍ ചരിത്രകാരനും ചിന്തകനുമായ വില്‍ ഡുറാന്റ് എഴുതിയ വിശ്വനാഗരികതയുടെ ബൃഹദ് ചരിത്രമാണ് ദ സ്റ്റോറി ഓഫ് സിവിലിസേഷന്‍ അഥവാ സംസ്‌കാരത്തിന്റെ കഥ. പതിനൊന്നു വാല്യങ്ങളായി പ്രസിദ്ധീകരിച്ച ഈ പരമ്പരയുടെ അവസാനത്തെ അഞ്ചു വാല്യങ്ങള്‍ ഡുറാന്റ് പത്‌നി ഏരിയല്‍ ഡുറാന്റിന്റെ പങ്കാളിത്തത്തോടെ എഴുതിയതാണ്. താന്‍ നേരത്തേ ജോലിചെയ്തിരുന്ന ന്യൂയോര്‍ക്ക് ഈവനിങ്ങ് ജേര്‍ണലിന്റെ പത്രാധിപരായിരുന്ന ആര്‍തര്‍ ബ്രിസ്‌ബേന്റെ നിര്‍ദ്ദേശമനുസരിച്ച്, ഇംഗ്ലീഷ് ചരിത്രകാരനായ ഹെന്റി തോമസ് ബക്കിളിന്റെ ‘സംസ്‌കാരത്തിന്റെ ചരിത്രത്തിന് ഒരാമുഖം’ എന്ന പുസ്തകം ഡുറാന്റ് വായിച്ചിരുന്നു. മനുഷ്യന്റെ ഭൂതകാലത്തെ തത്ത്വചിന്താപരമായി നോക്കിക്കാണാന്‍ ആഗ്രഹിച്ച ഡുറാന്റിന് ആ പുസ്തകം ഇഷ്ടപ്പെട്ടു. മനുഷ്യസംസ്‌കാരത്തിന്റെ ചരിത്രത്തെ തുടക്കം മുതല്‍ പത്തൊന്‍പതാം നൂറ്റാണ്ടുവരെ പിന്തുടരുന്ന ഒരു ഗ്രന്ഥപരമ്പര എഴുതാന്‍ പദ്ധതിയിട്ട ബക്കിള്‍ ആമുഖവാല്യം എഴുതിക്കഴിഞ്ഞതോടെ അകാലത്തില്‍ മരിച്ചു എന്ന വിവരം ഡുറാന്റിനെ സ്പര്‍ശിച്ചു. ബക്കിള്‍ ഉദ്ദേശിച്ചതരം ഗ്രന്ഥം എഴുതാന്‍ ഡുറാന്റ് തീരുമാനിച്ചത് അങ്ങനെയാണ്. നേരത്തെ എഴുതിയ ‘തത്ത്വചിന്തയുടെ കഥ’ എന്ന പ്രഖ്യാതഗ്രന്ഥത്തിന്റെ വന്‍ വിജയമാണ്, ഈ ബൃഹദ്‌സംരംഭത്തിലേര്‍പ്പെടാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചത്.
Leave a Reply