സങ്കുചിതമായ വ്യക്തി താല്പര്യങ്ങള്‍ക്കോ ഇടുങ്ങിയ സാമുദായിക പ്രലോഭനങ്ങള്‍ക്കോ ഒരിക്കലും അടിമപ്പെടാതെ രാജ്യത്തിന്റെ വിശാലതാല്പര്യമായ സ്വാതന്ത്ര സമ്പാദനം എന്ന ഏക ലക്ഷ്യത്തില്‍ മനസ്‌സൂന്നി ആയുരന്തം അടിപതറാതെ ഉറച്ചു നിന്ന മഹാനായ നേതാവാണ് ശ്രീ. പ്രാക്കുളം പി.കെ. മദ്യവര്‍ജ്ജന പ്രക്ഷോഭണത്തിലൂടെ ഒരു സ്വാതന്ത്രസമര സേനാനിയായി രംഗപ്രവേശം ചെയ്ത പ്രാക്കുളം പി.കെ. തിരുവിതാംകൂറിന്റെ രാഷ്ട്രീയ നഭോമണ്ഡലത്തില്‍ ഒരു വ്യാഴവട്ടക്കാലം ജ്വലിച്ചു നിന്ന ശുക്രനക്ഷത്രമായിരുന്നു. ജീവിത മദ്ധ്യാഹ്നത്തിലെത്തും മുമ്പേ എരിഞ്ഞടങ്ങിയ ആ തേജോഗോളം ഇന്നാട്ടിന്റെ ആത്മാഭിമാനത്തിന്റെയും സ്വാതന്ത്രബോധത്തിന്റെയും ഉജ്ജ്വല പ്രതീകമാണ്. വിശ്വ മാനവികതയുടെ വിശാലവിഹായസ്‌സില്‍ പൊങ്ങിപ്പറന്ന ഒരു രാജഹംസമായിരുന്നു പ്രാക്കുളം പി.കെ. മനുഷ്യത്വത്തിന്റെ വെണ്‍തൂവലുകളണിഞ്ഞ ആ ദിവ്യഹംസത്തിന്റെ ചിറകടികളില്‍ അധ:സ്ഥിതര്‍ പുളകം കൊള്ളുകയും ആത്മാഭിമാനികള്‍ ആനന്ദനിര്‍വൃതിയടയുകയും ചെയ്തിരിക്കണം. സ്വാര്‍ത്ഥമോഹികളും യാഥാസ്ഥിതികരുമായ ജാത്യഭിമാനികള്‍ക്ക് ആ ചിറകടി ശബ്ദം ഒരു പേടിസ്വപ്നം തന്നെയായിരുന്നു.
റ്റി.ഡി. സദാശിവന്‍ രചിച്ച ഈ ജീവചരിത്രം വായനക്കാര്‍ക്ക് വിലപ്പെട്ടതായിരിക്കും. കാരണം ഇത് ഒരു വ്യക്തിയുടെ ജീവിതചരിത്രമല്ല. മറിച്ച് ഇത് ഒരു ദേശത്തിന്റെ ചരിത്രമാണ്. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ചരിത്രമാണ്. അന്നത്തെ സാമുദായിക സാമൂഹിക ചരിത്രത്തിന്റെ ചരിത്രമാണ്.