പത്താംനൂറ്റാണ്ടില്‍ സംസ്‌കൃതത്തിലും കന്നഡത്തിലുമാണ് ചമ്പൂപ്രസ്ഥാനം ആരംഭിച്ചത്. കേരളത്തില്‍ ഇത് ആദ്യമായി ഉണ്ടായത് സംസ്‌കൃതത്തിലല്ല, മണിപ്രവാളത്തിലാണ്. ആദ്യത്തെ ചമ്പു 'ഉണ്ണിയച്ചീചരിതം' എന്ന മണിപ്രവാള കൃതിയാണ്. ഗദ്യത്തിലുള്ള ചമ്പുവും ഗദ്യപദ്യോഭയമയമായ ചമ്പുവും ഉണ്ട്. ഗദ്യമെന്നത് വൃത്തനിബദ്ധമായ ഗദ്യംതന്നെ. ആയവും ആക്കവുമുള്ള വൃത്തങ്ങളില്‍ എഴുതുന്ന പദ്യമാണ് ചമ്പുക്കളിലേത്. സംസ്‌കൃതത്തില്‍നിന്ന് പറിച്ചുനട്ട ഒരു പ്രസ്ഥാനമാണ് ചമ്പു. നിരവധി കൃതികള്‍ നാലഞ്ചു നൂറ്റാണ്ടിലായി ഇതില്‍ എഴുതിയിട്ടുണ്ട്.
    ആദ്യത്തെ മണിപ്രവാള ചമ്പുവാണ് ഉണ്ണിയച്ചീചരിതം. തേവന്‍ ചിരികുമാരന്‍ (ദേവന്‍ ശ്രീകുമാരന്‍) ആണ് കവി എന്ന് ഗ്രന്ഥാരംഭത്തിലുണ്ട്. പതിമൂന്നാംശതകത്തിന്റെ ആരംഭത്തിനുപിമ്പും അവസാനത്തിനുമുമ്പുമാണ് രചനാ കാലമെന്നു കരുതുന്നു.
    സേലത്ത് അതിയമാനല്ലൂരില്‍നിന്നു കോലത്തുനാട്ടിലും അവിടെനിന്ന് പുറക്കിഴാനാട്ടിലെ തിരുമരുതൂരിലും എത്തിച്ചേര്‍ന്ന ഒരച്ചിയാരുടെ മകളായ ഉണ്ണിയച്ചി എന്ന സുന്ദരിയില്‍ ഭ്രമിച്ചുവശായി ഒരു ഗന്ധര്‍വ്വന്‍ അവളെ കാണാന്‍ ഭൂമിയില്‍ വരുമ്പോള്‍, ഒരു ചട്ടന്‍ (ശാലാവിദ്യാര്‍ത്ഥി) അവളുടെ പൂര്‍വ്വകഥയും കുടുംബസ്ഥിതിയും സൗന്ദര്യവും വിസ്തരിച്ച് വര്‍ണ്ണിച്ചുകേള്‍പ്പിക്കുന്നു. ഇതുകേട്ട് വികാരവിവശനായ ഗന്ധര്‍വ്വന്‍ പിറ്റേന്ന് ആ ചട്ടനെയും കൂട്ടി ഉണ്ണിയച്ചിയുടെ വീട്ടില്‍ എത്തിയപ്പോള്‍ അവിടെ, കാത്തുകെട്ടിക്കിടക്കുന്ന വൈദ്യന്മാര്‍, ജ്യോത്‌സ്യന്മാര്‍, കച്ചവടക്കാര്‍, നായന്മാര്‍, ചട്ടന്മാര്‍, വൈദികശാലാദ്ധ്യക്ഷന്‍മാര്‍ തുടങ്ങിയ വലിയൊരു സംഘത്തെ കണ്ടു. ഒരാവൃത്തികൂടി നായികയെ വര്‍ണ്ണിക്കുന്നു.
    പറയത്തക്ക കഥയില്ലാത്ത ഈ കൃതി അടിമുടി നായികാവര്‍ണ്ണനമാണ്. വേശ്യാഗൃഹങ്ങളെ സ്വര്‍ഗ്ഗമായി കാണുന്ന ആഢ്യകുലജാതന്മാരായ വിടന്മാരുടെയും അഴിഞ്ഞ ജീവിതം നയിക്കുന്ന മറ്റു പ്രമാണിമാരുടെയും നേര്‍ക്ക് കൂരമ്പുകളും ഈ കൃതി തൊടുത്തുവിടുന്നു.