പതിനാലാം ശതകത്തിന്റെ ഒടുവില്‍ ഉണ്ടായ ചമ്പുവാണ് ഉണ്ണിയാടീചരിതം. ഓടനാടു വാണിരുന്ന ഇരവി കേരളവര്‍മ്മന്‍, പല ഭാര്യമാരില്‍ ഒരാളാണെങ്കിലും തന്നെ ഏറ്റവും വശീകരിച്ച നര്‍ത്തകിയായ ചെറുകര കുട്ടത്തിയുമായി കണ്ടിയൂര്‍ക്ഷേത്രത്തിനു സമീപമുളള കീര്‍ത്തിപുരം കൊട്ടാരത്തില്‍ മക്കളില്ലാത്ത ദുഃഖമനുഭവിച്ച് 12 കൊല്ലം കഴിഞ്ഞശേഷം ഒരു കുഞ്ഞുപിറന്നു. കണ്ടിയൂര്‍കോവിലില്‍ ഭജനമിരുന്നശേഷം പിറന്ന ഈ പെണ്‍കുട്ടിയാണ് ഉണ്ണിയാടി. 12 വയസ്‌സായപ്പോള്‍ അവളുടെ സൗന്ദര്യത്തെ വാഴ്ത്തി രാജസദസ്യനായിരുന്ന ദാമോദരചാക്യാര്‍ എഴുതിയ മണിപ്രവാളകൃതിയാണിത്. ഇതെഴുതി ഒരുവര്‍ഷംകഴിഞ്ഞപ്പോള്‍ മഹോദയപുരത്തെ രാമവര്‍മ്മന്‍ അവളെ വിവാഹം കഴിച്ചു. ഈ വിവാഹത്തിന്റെ പൊടിപൂരത്തെപ്പറ്റി ചാക്യാര്‍തന്നെ 'ശിവവിലാസം' എന്ന സംസ്‌കൃതകാവ്യം രചിച്ചു.
    പ്രാവൃട് എന്ന അപ്‌സരസ്‌സിന്റെ അവതാരമാണ് ഉണ്ണിയാടി എന്ന് കവി പറയുന്നു. സൗന്ദര്യത്തിന്റെ അവതാരമായ പ്രാവൃട് ജലക്രീഡ ചെയ്യുന്നതുകണ്ട് മോഹപരവശനായ ചന്ദ്രന്‍ അവളോടൊത്തു രമിച്ചു പോയതറിഞ്ഞ് ഭാര്യ രോഹിണി കുപിതയായി ഭൂമിയില്‍ മനുഷ്യസ്ത്രീയായി ജനിക്കട്ടെ എന്ന് ശപിച്ചതായാണ് കഥ. അങ്ങനെ ജനിച്ച ഉണ്ണിയാടി 12 വയസ്‌സുളളപ്പോള്‍ ഒരുദിവസം ചെറുകര ഇല്ലത്തിരുന്ന് ശ്രുതിമധുരമായി പാടുന്നതുകേട്ട ചന്ദ്രന്‍ മുമ്പെന്നപോലെ കാമാഗ്‌നിയില്‍ വെന്തുരുകി രണ്ടു ദാസന്മാരെ ഭൂമിയിലേക്കയച്ചു. അവര്‍ അഞ്ചാംദിവസം മടങ്ങിയെത്തി സുന്ദരമായ ഒരു കാവ്യശില്പം ചന്ദ്രന് സമര്‍പ്പിച്ചത്രെ.
    കേരളത്തിലെ ഗ്രാമങ്ങളുടെ പ്രകൃതിഭംഗി, ജീവിതശൈലി, പട്ടണങ്ങളുടെയും അങ്ങാടികളുടെയും സമൃദ്ധി, ഉപരിവര്‍ഗ്ഗക്കാരുടെ സന്മാര്‍ഗ്ഗഭ്രംശം എന്നിവയെല്ലാം ഇതില്‍ തെളിഞ്ഞുകാണാം.