(നോവല്‍)
മലയാറ്റൂര്‍ രാമകൃഷ്ണന്‍

1967ല്‍ പ്രസിദ്ധീകൃതമായ മലയാറ്റൂര്‍ രാമകൃഷ്ണന്റെ സൈക്കോളജിക്കല്‍ ത്രില്ലര്‍ നോവലാണ് യക്ഷി. യക്ഷികളെപ്പറ്റി പഠനം നടത്തുകയാണ് കോളേജ് ലക്ചററായ ശ്രീനിവാസന്‍. ലാബിലെ ഒരു പരീക്ഷണത്തിനിടെ അയാള്‍ക്ക് സാരമായി പരിക്കേല്‍ക്കുന്നു. മുഖം കരിഞ്ഞ് വിരൂപനായിത്തീരുന്ന അയാളെ എല്ലാവരും വെറുക്കുന്നു. ഈ ഘട്ടത്തിലാണ് അയാള്‍ രാഗിണിയെ കാണുന്നത്. അതിസുന്ദരിയായ അവള്‍ വളരെ പെട്ടെന്നുതന്നെ ശ്രീനിവാസനുമായി അടുക്കുന്നു. അടുക്കുന്തോറും അയാളുടെ മനസ്സില്‍ ഒരു സംശയം ഉടലെടുത്തുകൊണ്ടിരുന്നു. ഇവള്‍ മനുഷ്യസ്ത്രീ തന്നെയോ? അതോ തന്റെ പഠനങ്ങള്‍ക്കു പാത്രമായിട്ടുള്ള ഏതെങ്കിലും യക്ഷിയോ? വിവാഹത്തിനുശേഷവും ഈ സംശയം അയാളെ വിട്ടൊഴിയുന്നില്ല.
കഥാപാത്രത്തിന്റെ മനസ്സില്‍ തോന്നുന്ന ഈ സംശയങ്ങള്‍ വായനക്കാരനെ സൈക്കഡലിക് വിഭ്രാന്തിയിലേക്കും അനുഭൂതികളിലേക്കും നയിക്കുന്നു. കഥാന്ത്യത്തില്‍ മാത്രമാണ് രാഗിണിയെപ്പറ്റി നോവലിസ്റ്റ് പൂര്‍ണ്ണമായും വ്യക്തമാക്കുന്നത്. നോവലിന് മലയാറ്റൂര്‍ ആദ്യം നിശ്ചയിച്ച ടൈറ്റില്‍ മുഖം എന്നായിരുന്നു. പിന്നീട് കവിയും സുഹൃത്തുമായ വയലാര്‍ രാമവര്‍മ്മയുടെ നിര്‍ദ്ദേശപ്രകാരമാണ് യക്ഷി എന്ന ടൈറ്റില്‍ സ്വീകരിച്ചത്.
തമിഴ്, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളില്‍ യക്ഷി വിവര്‍ത്തനം ചെയ്യപ്പെട്ടു. പ്രസിദ്ധീകരിച്ച വര്‍ഷം തന്നെ യക്ഷി സിനിമയായി. കെ.എസ്. സേതുമാധവന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ സത്യന്‍, ശാരദ എന്നിവര്‍ മുഖ്യവേഷങ്ങള്‍ അവതരിപ്പിച്ചു. 1993ല്‍ ഓഫ് ദ ഷെല്‍ഫ് പരിപാടിയില്‍ ബി.ബി.സി. വേള്‍ഡ് സര്‍വീസില്‍ 12 ഖണ്ഡങ്ങളായി യക്ഷി പ്രക്ഷേപണം ചെയ്തു.