കേരളത്തിലെ പത്രപ്രവര്‍ത്തകരുടെ തൊഴില്‍ മികവിനും പത്രപ്രവര്‍ത്തന മേഖലയിലെ പഠന ഗവേഷണങ്ങള്‍ക്കുമായി 1979 മാര്‍ച്ച് 19 ന് നിലവില്‍വന്ന സ്ഥാപനമാണ് കേരള പ്രസ് അക്കാദമി. പത്രപ്രവര്‍ത്തകരുടെ പ്രൊഫഷണലിസം, മേന്മ എന്നിവ പ്രോത്സാഹിപ്പിക്കുക പ്രഖ്യാപിത ലക്ഷ്യം. കേരള സര്‍ക്കാര്‍, കേരള യൂണിയന്‍ ഓഫ് വര്‍ക്കിംഗ് ജേര്‍ണലിസ്റ്റ്‌സ്, ഇന്ത്യന്‍ ന്യൂസ്‌പേപ്പര്‍ സൊസൈറ്റി എന്നിവരുടെ ഒരു സംയുക്ത സംരംഭമാണിത്. 2014 നവംബറില്‍ സര്‍ക്കാര്‍ പ്രസ് അക്കാദമിയെ കേരള മീഡിയ അക്കാദമിയായി പുനസംഘടിപ്പിച്ചു.1984ല്‍ മനുഷ്യാവകാശപ്രശ്‌നങ്ങളെ സംബന്ധിച്ച് മലയാളം വര്‍ത്തമാനപ്പത്രങ്ങളില്‍ പ്രസിദ്ധീകരിക്കുന്ന മികച്ച റിപ്പോര്‍ട്ടുകള്‍ക്കായി വി. കരുണാകരന്‍ നമ്പ്യാര്‍ അവാര്‍ഡ് സ്ഥാപിച്ചു. 1985 മേയ് മാസത്തില്‍ കാക്കനാട് പ്രസ്സ് അക്കാദമിയുടെ ആസ്ഥാനം ഉദ്ഘാടനം ചെയ്തു. അതിനടുത്തവര്‍ഷം പ്രസ് അക്കാദമി 'പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ ജേണലിസം' എന്ന ഒരുവര്‍ഷ കോഴ്‌സ് ആരംഭിച്ചു. 1992ല്‍ ഡോ. മൂക്കന്നൂര്‍ നാരായണന്‍ അവാര്‍ഡ്, ചൊവ്വര പരമേശ്വരന്‍ അവാര്‍ഡ് എന്നിവ ആരംഭിച്ചു. 1993ല്‍ 'പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ പബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ട്ടൈ്വസിംഗ്' എന്ന ഒരു വര്‍ഷ കോഴ്‌സ് ആരംഭിച്ചു. 1996ല്‍ ജേണലിസത്തിന് മൊഫൂസില്‍ റിപ്പോര്‍ട്ടേഴ്‌സ് അവാര്‍ഡ് എര്‍പ്പെടുത്തി.
    പരിശീലന കോഴ്‌സുകള്‍, വര്‍ക്ക് ഷോപ്പുകള്‍, സെമിനാറുകള്‍, എക്‌സിബിഷനുകള്‍, കണ്‍സള്‍ട്ടന്‍സി സര്‍വ്വീസുകള്‍ എന്നിവ പത്രപ്രവര്‍ത്തകര്‍, മാദ്ധ്യമ മാനേജുമെന്റുകള്‍ സര്‍വ്വകലാശാലകള്‍ എന്നിവയുമായി യോജിച്ച് നടത്തുന്നു. ഗ്രന്ഥങ്ങള്‍, ആനുകാലികങ്ങള്‍, മോണോഗ്രാഫുകള്‍, ഗവേഷണപ്രബന്ധങ്ങള്‍ എന്നിവ പ്രസിദ്ധീകരിക്കും. അക്കാദമിക സ്ഥാപനങ്ങളുമായും സംഘടനകളുമായും സഹകരിച്ച് പത്രപ്രവര്‍ത്തനം പഠിപ്പിക്കാന്‍ സിലബസ് തയ്യാറാക്കുക. വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും സംഘടനകള്‍ക്കും പുരസ്‌കാരങ്ങള്‍ നല്‍കുക. പത്രപ്രവര്‍ത്തനത്തില്‍ ഗവേഷണം നടത്തുന്നതിന് ഗ്രാന്റ് നല്‍കുക. പത്രപ്രവര്‍ത്തനം, പബ്ലിക് റിലേഷന്‍സ്, പരസ്യം എന്നിവയില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ കോഴ്‌സുകള്‍ നടത്തുക.