തിരുവനന്തപുരം: ഭാഷാപണ്ഡിതനും അദ്ധ്യാപകനുമായ പന്മന രാമചന്ദ്രന്‍ നായര്‍ (86) ഓര്‍മ്മയായി. സംസ്‌കാരം ബുധനാഴ്ച വൈകിട്ട് തൈക്കാട് ശാന്തികവാടത്തില്‍ നടന്നു. ബന്ധുക്കളും ശിഷ്യരും സഹപ്രവര്‍ത്തകരും സാഹിത്യപ്രേമികളും ഉള്‍പ്പെടെ വലിയൊരു ജനാവലി ചടങ്ങുകളില്‍ പങ്കെടുത്തു. തലേന്ന് രാത്രി മുതല്‍ തന്നെ തിരുവനന്തപുരം വഴുതക്കാട്ടെ വസതിയില്‍ പൊതുദര്‍ശനത്തിന് വച്ച മൃതദേഹത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെ നൂറുകണക്കിനാളുകള്‍ അന്തിമോചാരമര്‍പ്പിച്ചു.

കൊല്ലം ജില്ലയിലെ പന്മനയില്‍ എന്‍. കുഞ്ചു നായരുടേയും എന്‍. ലക്ഷ്മിക്കുട്ടിയമ്മയുടേയും മകനായി ജനിച്ച രാമചന്ദ്രന്‍ നായര്‍ സംസ്‌കൃതത്തില്‍ ശാസ്ത്രിപരീക്ഷയും ഭൗതികശാസ്ത്രത്തില്‍ ബിരുദവും നേടി. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് 1957ല്‍ മലയാളം എം.എ. ഒന്നാം റാങ്കോടെ വിജയിച്ച് ഗോദവര്‍മ്മ സ്മാരക സമ്മാനം നേടി. രണ്ടു വര്‍ഷം മലയാളം ലെക്‌സിക്കണില്‍ ജോലിനോക്കി. പാലക്കാട്, ചിറ്റൂര്‍, തലശ്ശേരി, തിരുവനന്തപുരം എന്നിവിടങ്ങളിലെ സര്‍ക്കാര്‍ കലാലയങ്ങളില്‍ അധ്യാപകനായിരുന്നു. 1987ല്‍ യൂണിവേഴ്‌സിറ്റി കോളേജിലെ മലയാള വിഭാഗം അധ്യക്ഷനായിരിക്കെ വിരമിച്ചു. കേരളഗ്രന്ഥശാലാസംഘം, കേരള സാഹിത്യ അക്കാദമി, കേരള കലാമണ്ഡലം, സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം എന്നിവയുടെ സമിതികളിലും, കേരള സര്‍വകലാശാലയുടെ സെനറ്റിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.

മലയാള ഭാഷയുടെ ഉപയോഗത്തില്‍ പത്രപ്രവര്‍ത്തകരും വിദ്യാര്‍ത്ഥികളും ഉള്‍പ്പെടെയുള്ളവര്‍ വരുത്തുന്ന അക്ഷരപ്പിഴകളും വ്യാകരണ പിശകുകളും ചൂണ്ടിക്കാണിച്ച് ആനുകാലികങ്ങളില്‍ നിരവധി ലേഖനങ്ങള്‍ അദ്ദേഹം എഴുതിയിട്ടുണ്ട്. ഭാഷാസംബന്ധിയായ നിരവധി പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

തെറ്റും ശരിയും, ‘തെറ്റില്ലാത്ത മലയാളം’, ശുദ്ധമലയാളം, തെറ്റില്ലാത്ത ഉച്ചാരണം, ഭാഷാശുദ്ധിസംശയപരിഹാരങ്ങള്‍, നല്ല ഭാഷ, പരിചയം (പ്രബന്ധ സമാഹാരം), നവയുഗശില്‍പി രാജരാജ വര്‍മ്മ, നളചരിതം ആട്ടക്കഥ (വ്യാഖ്യാനം), നൈഷധം (വ്യാഖ്യാനം), മലയവിലാസം (വ്യാഖ്യാനം), ആശ്ചര്യചൂഡാമണി (വിവര്‍ത്തനം), നാരായണീയം (വിവര്‍ത്തനം), മഴവില്ല്, ഊഞ്ഞാല്‍, പൂന്തേന്‍, ദീപശിഖാകാളിദാസന്‍, അപ്പൂപ്പനും കുട്ടികളും.

മലയാള ഭാഷാശുദ്ധിക്കു വേണ്ടി ജീവിതം സമര്‍പ്പിച്ച പ്രഗത്ഭനായ അധ്യാപകനും എഴുത്തുകാരനുമായിരുന്നു പന്മന രാമചന്ദ്രന്‍ നായരെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു. മൗലികമായ നിരവധി കൃതികളുടെ കര്‍ത്താവായ അദ്ദേഹം വിവിധ തലങ്ങളില്‍ മലയാള ഭാഷയ്ക്ക് അംഗീകാരം ലഭിക്കുന്നതിനു വേണ്ടി നിരന്തരം പ്രയത്‌നിച്ചു. ഭാഷയുടെ ഉയര്‍ച്ചയ്ക്ക് വേണ്ടി അര്‍പ്പണബോധത്തോടെ പ്രവര്‍ത്തിച്ചു. അദ്ദേഹം അധ്യാപന രംഗത്തും വ്യക്തിമുദ്ര പതിപ്പിച്ചു. പന്മനയുടെ വേര്‍പാട് മലയാള ഭാഷയ്ക്കും സംസ്‌കാരത്തിനും വലിയ നഷ്ടമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.