കൊച്ചി: ഇന്ത്യയില്‍ സ്വതന്ത്രമായി എഴുത്തു നടക്കുന്നത് രണ്ടു കോടതി വിധികളുടെ പിന്‍ബലത്തിലാണെന്ന് കവി പി.എന്‍ ഗോപീകൃഷ്ണന്‍ ചൂണ്ടിക്കാട്ടി. ‘പെരുമാള്‍ മുരുകന്‍ കേസില്‍ മദ്രാസ് ഹൈക്കോടതിയുടെയും മീശ നോവല്‍ കേസില്‍ സുപ്രീംകോടതിയുടെയും വിധികള്‍ ഇല്ലായിരുന്നെങ്കില്‍ സ്വതന്ത്രമായ എഴുത്തിന്റെ വഴി അടയുമായിരുന്നു. അഭിപ്രായ സ്വാതന്ത്ര്യം നിലനില്‍ക്കുന്നതില്‍ ഇവ നിര്‍ണായകമായി. ഈ കോടതി വിധികള്‍ ഇല്ലായിരുന്നെങ്കില്‍ എഴുത്തിന്റെ കഴുത്ത് അറ്റു പോയേനെ എന്നും ഗോപീകൃഷ്ണന്‍ പറഞ്ഞു.

ഈ വര്‍ഷത്തെ ഓടക്കുഴല്‍ പുരസ്‌കാരം ഏറ്റുവാങ്ങി സംസാരിക്കയായിരുന്നു അദ്ദേഹം.

കവിതയുടെ ബ്രാന്റിങ് ആണ് അതിനെ അകറ്റുന്നതെന്ന് ഗോപീകൃഷ്ണന്‍ പറഞ്ഞു. മൂവായിരം വര്‍ഷമായി കവിത ഉണ്ട്. ക്ലാസിക്കല്‍ കലകള്‍ക്ക് എല്ലാം ഒപ്പം തന്നെ കവിതയുണ്ട്. രൂപമാണ് പാരമ്പര്യം എന്നു പറഞ്ഞാല്‍ നമുക്ക് മ്യൂസിയത്തിലേക്ക് മാറേണ്ടിവരും. പാരമ്പര്യംതന്നെ സ്വയം പുതുക്കിക്കൊണ്ടിരിക്കുന്നതാണ്. അതുപോലെ  നിരന്തരം മാറിക്കൊണ്ടിരിക്കുന്ന മാധ്യമമാണ് കവിത. അത് ഉള്‍ക്കൊള്ളാതെ കവിത ഉണ്ടാവില്ല. ലോകത്തിലെ എല്ലാ കവിതകള്‍ക്കും ഒരു ഭാഷയാണ്. മനുഷ്യരോട് സംസാരിക്കുന്നവയാണ് അവ.

ഭക്തകവി ആരെന്ന് ചോദിച്ചാല്‍ പി കുഞ്ഞിരാമന്‍ നായര്‍ എന്നുപറയും. പിഎസ്‌സി ചോദ്യോത്തരം പോലെയാണ്. കവികളെ ബ്രാന്റിങ് നടത്തുകയാണ്. അങ്ങനെ എഴുതിയാല്‍ മാര്‍ക്ക് കിട്ടും. പക്ഷേ, കവിത അവിടെ നില്‍ക്കുന്നതല്ല. പി കുഞ്ഞിരാമന്‍ നായര്‍ മെക്കാളെയുടെ മകള്‍ എന്ന പേരില്‍ കവിത എഴുതിയിട്ടുണ്ട്. അന്ന് അങ്ങിനെ ഒരു പേരില്‍ കവിത എഴുതാന്‍ ലാവണ്യപരമായി വലിയ കരുത്തുള്ള ഭാവുകത്വശക്തി വേണമായിരുന്നു. പിയുടെ രാഷ്ട്രീയവീക്ഷണം വളരെ വലുതായിരുന്നു. ഗാന്ധി വെടിയേറ്റ് മരിക്കുമെന്ന് രണ്ടുവര്‍ഷം മുന്‍പേ അദ്ദേഹം പ്രവചിച്ചിരുന്നു. കവിത കാലത്തെ കവിഞ്ഞ് നില്‍ക്കുന്ന കാഴ്ചയാണ് ഇതുതരുന്നത്- ഗോപീകൃഷ്ണന്‍ ചൂണ്ടിക്കാട്ടി.

എവിടെയാണ് നമ്മള്‍ നമ്മളെ കുഴിച്ചിട്ടത് എന്ന് എഴുതുമ്പോഴാണ് ഇന്നത്തെ രാഷ്ട്രീയം പറയുന്ന കവിതകള്‍ ഉണ്ടാവുന്നത്. മുദ്രാവാക്യം എഴുതുന്നതോ പാര്‍ട്ടി വോട്ട് ചോദിക്കുന്നതോ അല്ല അത്. രാഷ്ട്രീയ കവി എന്നാല്‍ രാഷ്ടീയക്കാരന്‍ ആണെന്നതില്‍ സംശയമില്ല. എന്നാല്‍, ആ രാഷ്ട്രീയവും അയാളുടെ രാഷ്ട്രീയകക്ഷിയും മുഴുവന്‍ ജനതയുമാണ്-അദ്ദേഹം പറഞ്ഞു.

ഗുരുവായൂരപ്പന്‍ ട്രസ്റ്റിന്റെ 2023 ലെ ‘ഓടക്കുഴല്‍ അവാര്‍ഡ്’ പി എന്‍ ഗോപീകൃഷ്ണന്റെ ”കവിത മാംസഭോജിയാണ്” എന്ന കവിതാ സമാഹാരത്തിനാണ് ലഭിച്ചത്. എറണാകുളം മഹാകവി ജി ഓഡിറ്റോറിയത്തില്‍ ഡോ. ഇ വി രാമകൃഷ്ണന്‍ അവാര്‍ഡ് സമ്മാനിച്ചു. കെ ബി പ്രസന്നകുമാര്‍, ട്രസ്റ്റ് സെക്രട്ടറി ജി മധുസൂദനന്‍, സിഐസിസി ജയചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.