മാനിനിയെ മാലവെച്ച് മണിയറയകം പുക്കു
മാനമോടമ്മാവിതാനും പറഞ്ഞാളേവം
ഞാനിനി നാളെക്കടുത്ത നാളിവിടെ വരുന്നുണ്ട്
ആനനാംഭോരുഹം കാണ്മാന്‍ സുന്ദരീ നിന്റെ
എന്നുചൊല്ലഗ്ഗമിച്ചങ്ങു ചെന്നു വീട്ടിലകംപുക്കു
കുന്നുവെല്ലുംമുലയാള്‍താന്‍ കോപ്പുകള്‍ കൂട്ടി.
പിന്നെയങ്ങു കുളിച്ചിട്ടു കോകിലഭാഷിണി താനും
തന്നുടയ ആഭരണമണിഞ്ഞു നന്നായ്,
നീലവേണിയതും കെട്ടി പൂമലര്‍ മാലയും ചുറ്റി
ചാലവേ കസ്തൂരികൊണ്ടു തിലകംതൊട്ട്

മലയചന്ദനം നല്ല പനിനീരില്‍ കുഴച്ചിട്ട്
മുലയിലും മാര്‍വിലുമങ്ങണിഞ്ഞു നന്നായ്
ഇന്നിയുമിക്കഥാശേഷം കേള്‍ക്കണമെന്നിരിക്കിലോ
ഈയടച്ച അണിവാതില്‍ തുറക്ക പെണ്ണേ.
ചെപ്പുമെല്ലെ തുറന്നിട്ടു നല്‍പ്പുഴുവുമെടുത്തുടന്‍
ചില്ലമോടേ മുഖപത്മം മിനുക്കി നന്നായ്
ഉല്പലാക്ഷീമണിതന്റെ സഖിമാരെ വിളിച്ചുടന്‍
അപ്പം മെല്ലെ എടുപ്പിച്ചു നടന്നു മെല്ലെ.
കൊമ്പുതാളം കുഴല്‍വീണാ മദ്ദളവുമടിയ്ക്കയും
വന്‍പാറമേളങ്ങളെപ്പോളത്രയും ചിതം.

തപ്പുപാരമടിക്കുന്നു ചെപ്പിടഞ്ഞുപൊടിക്കുന്നു
പര്‍പ്പടാഭം തകിലുമങ്ങടിച്ചീടുന്നു
രുദ്രവീണാ മുഖവീണാ നഗവീണാ നഗഗീതം
ഭദ്രമായിക്കേട്ടു വാദ്യമുടുക്കുകളും.
കിന്നരി കൈലാസവീണാ ഉന്നതമാം ഡെമ്മാനങ്ങള്‍
ഒട്ടകത്തിന്‍ കഴുത്തിലിട്ടടച്ചീടുന്നു,
വാദ്യഘോഷം കേള്‍പ്പതിനാഗ്രഹമുണ്ടെങ്കിലോ നിങ്ങള്‍
മോദമോടിക്കതകാണി തുറന്നീടേണം.
ശംഖുനാദങ്ങളെക്കൊണ്ടും വായ്ക്കുരാ
ലൊച്ചകള്‍ കൊണ്ടും
വാദ്യഘോഷങ്ങളെക്കൊണ്ടും ദിക്കുകളെല്ലാം.

ഞെട്ടിയങ്ങു വിറയ്ക്കുന്നു കൂട്ടിയാട്ടിനടക്കുന്നു
വാട്ടമറ്റങ്ങവഥ ചെന്നു മന്ദിരം പുക്ക്
പാര്‍വണേന്ദു മുഖയാമ്മാവി പിന്നെയെതിരേല്പാന്‍
നാരിമാര്‍ പൊന്‍വിളക്കും കൈത്താലവുമായി
വായ്ക്കുരാലൊച്ചയുമായി ചെന്നെതിരേറ്റവര്‍ പിന്നെ
കൊണ്ടുവന്നു മണിയറപ്പുറവാതുക്കല്‍.
അംഗനമാര്‍ മണിയാകും അമ്മാവി താനും വിരവോടെ
ഭംഗിയാലേ കവാടത്തെ കരംവച്ചിട്ട്
സുന്ദരിമാര്‍ കുലരത്‌നമായ പെണ്ണേ മമബാലേ!
നിന്നെയിന്നു കാണ്മതിന്നു വന്നു ഞാനും.

പിന്നെയിങ്ങുകൊണ്ടുവന്ന വിഭവങ്ങള്‍ കേട്ടുകൊള്‍ക
ഒന്നൊഴിയാംവണ്ണം പറയാം ഞാനും.
സുന്ദരിയാം നിനക്കിന്നു കാണ്‍മതിന്നും കളിപ്പാനും
ഇന്ദുബിംബമിവിടത്തില്‍ കൊണ്ടുവന്നല്ലോ.
പിന്നെയങ്ങു ചന്ദനച്ചാറരപ്പാനുമതു കൊള്ളാം
സാന്ദ്രമായ പനിനീരുമായതിലുണ്ട്.
കൊന്നമലര്‍ മാലയുണ്ട് കുങ്കുമച്ചാറതുമുണ്ട്
കുഞ്ജര ദന്തങ്ങള്‍കൊണ്ട് ചെരിപ്പുമുണ്ട്.
മാനസപ്പൊയ്കയിലുള്ള വാരിജപ്പൊന്‍പൂക്കളുണ്ട്
ഹേമവര്‍ണമാകും നല്ല മാലകളുമുണ്ട്.

ഹേമകുംഭസ്തനങ്ങള്‍ക്കാ മുല്പടമങ്ങതുമുണ്ട്
ഹേ മഹാസുന്ദരീ കല്പവൃക്ഷവുമുണ്ട്
ഇനിയുമിക്കഥാശേഷം കേള്‍പ്പതിനു മോഹമെങ്കില്‍
കുന്നുവെല്ലും മുലയാളേ തുറപ്പിന്‍ വാതില്‍.
താരജാലങ്ങളെക്കൊണ്ടു മാലകോര്‍ത്തങ്ങതുമുണ്ട്
സാരമാം സൗഗന്ധികപ്പൂമാലയുമുണ്ട്.
മുല്ലമലര്‍മാലയുണ്ടു മല്ലികമാലയുമുണ്ട്
ചൊല്ലെഴും കൈതകീപ്പൂക്കുലയുമുണ്ട്.
കാനകത്തില്‍ വിരിഞ്ഞുള്ള കാനകനാറിയുമുണ്ട്
മേനിയേറും കൊന്നമാലക്കുലയുമുണ്ട്.

ചെത്തിയും ചേമന്തികളും പൂത്തിലഞ്ഞിക്കുസുമവും
പത്തുനൂറുപറയോളം കൊണ്ടുവന്നല്ലോ.
ചെമ്പകപ്പൂമലര്‍കൊണ്ടു ചേര്‍ച്ചയാം മാലയുമുണ്ട്
അമ്പിളിനെറ്റിക്കണിവാന്‍ ചന്ദനമൊണ്ട്.
സൗരഭ്യമായുള്ള നാടന്‍ പുഴുവുമുണ്ട്
വീരഭംസൗരഭ്യമായ കുറുമൊഴിമാലയുമുണ്ട്
വേഗമോടിക്കതകാണി തുറന്നിടേണം.
ചന്ദനപ്പൂമാലയോടു സിന്ദുവാരങ്ങളുമുണ്ട്
ചന്ദ്രബിംബം പോല്‍ വിളങ്ങും താമരയുണ്ട്
കാര്‍കുഴലിലണിവാനീപ്പൂക്കളുമുണ്ട്.

വാരണഗാമിനീ ചാരുലോചനേ നാരിമാര്‍ മൗലേ
നീരസം കൂടാതെയിന്നു കേട്ടുകൊണ്ടാലും.
ചന്തമേറും നെറ്റിതന്നിലണിവാന്‍ കൊണ്ടുവന്നല്ലോ
കാന്തമാം കസ്തൂരിയും നല്‍ചാന്തുമുണ്ടല്ലോ.
എന്തിനിത്ര പറയുന്നു നാരിമാരില്‍ മണിമാരേ
വേണമെങ്കില്‍ കതകാണി തുറന്നീടേണം.
വാരിജലോചനങ്ങളില്‍ ചേര്‍പ്പതിനഞ്ജനമുണ്ട്
നാസികാരത്‌നങ്ങള്‍ നല്‍ധാമിമാട്ടിയുമുണ്ട്
സ്വര്‍ണവര്‍ണം മിനുക്കുവാന്‍ കൊണ്ടുവന്ന
നല്ലവാസനയേറുന്ന നാടന്‍ പുഴുവുമുണ്ട്.

കളമൊഴികുലമൗലേ! നിനക്കു തിന്മതിന്നായ്
കിളിവാലന്‍ വെറ്റില ഞാന്‍ കൊണ്ടന്നിട്ടുണ്ട്
കളിപ്പാക്കും പഴുക്കായും നുറുക്കിതൈലവും കൂട്ടി
കളിയല്ലേ കളവാണീ കൊണ്ടുവന്നല്ലോ.
ചുക്കുചുട്ടങ്ങെടുത്തൊരു ചന്തമാം ചുണ്ണാമ്പുതന്നില്‍
ശങ്കയെന്യെ താത്തൂ കര്‍പ്പൂരാദികള്‍ കൂട്ടി
തങ്കരത്‌നക്കരണ്ടകം തന്നിലാക്കിയടച്ചിട്ട്
പങ്കജാക്ഷീ വിശേഷിച്ചു കൊണ്ടന്നല്ലോ.
പൂര്‍ണചന്ദ്രാനനം കാണ്മാന്‍ നല്ല കണ്ണാടിയുമുണ്ട്
ഓമലേ സുന്ദരിപ്പെണ്ണേ തുറക്കവാതില്‍.

പങ്കജസംഭവന്‍ തന്റെ പള്ളിശംഖുവെല്ലും ഗളംതന്നില്‍
ഭംഗിയോടെ അണിവാനും കൊണ്ടുവന്നല്ലോ.
മിന്നല്‍പോലെ മിന്നിടുന്നൊരിളക്കുതാലിയുമുണ്ട്
പിന്നെയങ്ങു നാഗപടത്തരവുമുണ്ട്.
ആമത്താലികള്‍ നല്ല കാശുതാലിയുമുണ്ട്
കോമളമായ് വിളങ്ങുന്ന പുലിനഖവും.
തങ്കരത്‌നപ്പതക്കങ്ങള്‍ പത്തുനൂറായിരമുണ്ട്.
പത്തരമാറ്റില്‍ പണിതാമണിക്കൂട്ടങ്ങള്‍
പൊന്മണിമാലകളുണ്ട് പവിഴമാലകളുണ്ട്
ഉണ്മയേറും എരിക്കിന്‍ പൂമാലയുമുണ്ട്.

ഇനിയും ഇത്തരങ്ങളെ കേട്ടുകൊള്‍വിന്‍ മങ്കമാരേ
ഈയടച്ച അണിവാതില്‍ തുറന്നിടേണം.
മുത്തുമാലകളുണ്ട് രത്‌നമാലയതും നല്ല
ചിത്രമാല പണമാലക്കൂട്ടവുമുണ്ട്
ഇന്ദ്രനീലം മരതകം പുഷ്പകമാം ചന്ദ്രകാന്തം
സാന്ദ്രമാം വൈരവും മുത്തു വിദ്രുമങ്ങളും
എന്നിതെല്ലാം ചേര്‍ത്തു തീര്‍ത്തുരുപ്പടികളൊക്കെയും
ഇന്ദുബാലേ നിനക്കായ് കൊണ്ടന്നിട്ടുണ്ട്.
ഓമനക്കൈകള്‍ക്കു രണ്ടും തോള്‍വളപ്പൂട്ടതുമുണ്ട്
കോമളമാം കവാടത്തെ തുറക്കപെണ്ണേ.

ചാരുരാമായണം കൊത്തിപണിചെയ്ത വളകളും
ചക്കമുള്ളന്‍ വളകളും പിരിവളകളും
പൂട്ടുകെട്ടിപ്പണിചെയ്യാം പെട്ടകപ്പൂട്ടുകളൊണ്ട്
പെട്ടകത്തില്‍വച്ചു പൂട്ടിക്കൊണ്ടന്നല്ലോ.
കങ്കണങ്ങളിതു നല്ല തങ്കരത്‌നപ്പതക്കകവും
തങ്കമിട്ടു പണിചെയ്ത മോതിരങ്ങളും
കൊണ്ടുവന്നു ഞാനിവിടെ കണ്ടുകൊള്‍ക മമ ബാലേ
പങ്കജാക്ഷീ വിളിച്ചതിന്നറിഞ്ഞില്ലേ നീ.
ഇത്തരങ്ങള്‍ പല വസ്തു ഇനിയുമുണ്ടുരചെയ്‌വാന്‍
സുന്ദരീ നീ അണിവാതില്‍ തുറക്കപെണ്ണേ.

എന്തെടോ നീ മഹാഭാഗേ! സുന്ദരീ നീയുറങ്ങുന്നോ
എന്തൊരു പോരായ്ക എങ്കില്‍ ഭവിച്ചിടുന്നു.
ബന്ധുരാംഗി പറഞ്ഞാലും ചിന്തയിലുള്ളഭിലാഷം
അന്തമില്ലാതെ ഞാനിന്നു കൊണ്ടന്നിട്ടുണ്ട്.
ആടതന്നില്‍ മോഹമെങ്കില്‍ ആയതു ഞാന്‍ തരുന്നുണ്ട്
ആടല്‍വേണ്ടാ നിനക്കുള്ളില്‍ അംഗനമൗലേ!
പേടമാന്‍നേര്‍മിഴിയാളേ ഉടുപ്പാന്‍ ഞാന്‍ നിനക്കിപ്പോള്‍
മോടിചേരുമുറുമാല്‍ ഞാന്‍ തരുന്നതുമുണ്ട്.
കുറിയുള്ളോരുറുമാലും അറത്തു കെട്ടിയുമുണ്ടു
ചെറകിളിയുറുമാലും കരത്തിലുണ്ട്.

കാച്ചുമുണ്ടിന്‍ തരമുണ്ടു കരിഞ്ചായല്‍ ചേലയുണ്ട്
മെച്ചമേറും കരയുള്ള സോമനുമുണ്ട്.
പൂപിഴിഞ്ഞ കസവിട്ട പൂപ്പുടവകളുമുണ്ട്
പുഷ്പവല്ലി കാച്ചിയോരു വേലകളുമുണ്ട്.
വിടുര്‍ത്ത് കാണ്‍കെടോ പട്ടക്കരയന്‍ മാതിരിയുണ്ടു
കള്ളമല്ലാ കളവറ്റ വെള്ളവസ്ത്രവുമുണ്ട്.
പുള്ളികാച്ചിത്തെളിവുള്ള പുടവകളുമുണ്ട്
നീളമേറും മണപ്പാടന്‍ ചേലകളൊണ്ട്
രുദ്രവല്ലിത്തരവഴി മുണ്ടുകളും പലതുണ്ട്
കേളിയേറും കുളച്ചിനല്‍മുണ്ടുകളും പലതുണ്ട്.

കാളമേഘത്തരവഴി മുണ്ടുകളുണ്ടനവധി
കെട്ടിയങ്ങുപിഴിഞ്ഞോരു പട്ടുപന്നച്ചേലയുണ്ടു
പട്ടുനൂല്‍ക്കാരന്‍ പുടവവച്ചതുമുണ്ട്.
ചെട്ടിവര്യന്‍ ചേലയുണ്ടു പട്ടണങ്ങളില്‍നിന്നു
കെട്ടിവന്ന നല്ലനല്ല പട്ടുകളും പലതുണ്ട്
ഇന്ദ്രനീല പട്ടുചേലാ തരത്തിലങ്ങതുമുണ്ട്
ചേനവര്യന്‍ ചേലയുണ്ടു ചെത്തിവര്‍ണച്ചേലയുണ്ടു
മേഘവര്‍ണച്ചേലകളും പലതുമുണ്ട്.
മാന്തളിര്‍പ്പട്ടുകളൊണ്ടു വരയന്‍ചേലകളുമുണ്ട്
ചന്തമേറുന്നോരു പീതാംബരവുമുണ്ട്.

കറുത്ത ചേലകളൊണ്ട് വരയന്‍ ചേലകളൊണ്ട്
അരിപ്പമല്ലിവയെല്ലാം വളരെയുണ്ട്.
പച്ചപ്പട്ടതുമുണ്ടു പഞ്ചവര്‍ണപ്പട്ടുമുണ്ടു
വീരവാളിപ്പട്ടുമുണ്ടു വീരവാളിച്ചേലയുമുണ്ടു
നീരസംകൂടാതെ വാതില്‍ തുറക്ക ബാലേ.
ഭാരതങ്ങളെഴുതിയ ദിവ്യമായ പുതപ്പുണ്ട്
ചാരുരാമായണം തീര്‍ത്ത പുതപ്പുമുണ്ട്.
നാലുവര്‍ണങ്ങളില്‍ തീര്‍ത്ത നല്ലനല്ല പുതപ്പുണ്ട്
കൃഷ്ണലീല എഴുതിയ പട്ടുമേക്കട്ടിയുമുണ്ട്.

ഉഷ്ണശാന്തം വരുത്തുവാന്‍ വിശറിയുണ്ട്
കെട്ടിയങ്ങുവിതാനിപ്പാന്‍ പട്ടുകാളാഞ്ചിയുണ്ട്
കട്ടിലും മെത്തയും നല്ല കോസടിയുമുണ്ട്.
പഞ്ചവര്‍ണക്കിളിയൊത്ത ശകലാസുവിരിയുണ്ട്
കൊഞ്ചമല്ലാതുള്ള നാടന്‍ കമ്പിളിയുണ്ട്
കരയും തൊങ്ങലുമുണ്ട് എരിയുംപൊന്‍വിളക്കുണ്ട്
പട്ടുതലയണ തലയ്ക്കും കാല്‍ക്കലുമുണ്ട്.
ചട്ടമായിട്ടിവയെല്ലാം കൊണ്ടുവന്നു മമ ബാലേ
മെച്ചമേറും വെറ്റിലത്തവുക്കാളവുമുണ്ട്.

തുപ്പുവാന്‍ കോളാമ്പിയുണ്ട് ആലവട്ടമതുമുണ്ട്

നീരസം കൂടാതെ വന്നു തുറക്കവാതില്‍
ഓമലാള്‍ ജാനകീദേവിക്കെന്തുകൊണ്ടുവന്നു
ഓമലാക്ഷീമണിമാരേ പറഞ്ഞീടുവിന്‍.
ചെമ്പരത്തിമാലയുണ്ടോ ചെപ്പുകണ്ണാടിയുമുണ്ടോ?
ചേവടികള്‍ വണങ്ങുന്ന ചേമന്തിയുണ്ടോ?
കൊഞ്ചിക്കൊഞ്ചിക്കളിക്കാനായ് കൊന്നമാലകളുമുണ്ടോ
കൊതിയ….ന്‍ ജാനകീദേവി പറഞ്ഞിടേണം.
ഇന്നിയും വേണ്ടുംവകകള്‍ ഇമ്പമോടെ പറഞ്ഞിടാം
ഈയടച്ച അണവാതില്‍ തുറക്കിയില്ല
കൊല്ലപ്പട്ടകളുമുണ്ട് കോഴിക്കോടന്‍ മുണ്ടുമുണ്ട്

നാടന്‍പട്ടൊട്ടു ചേരും കമ്പളിയൊണ്ട്.
പട്ടുകാവിത്തരമുണ്ടു ഇട്ടുടുത്തുകിടപ്പാനായ്
വിദ്രുമമായൊരു തൊപ്പിത്തരവുമുണ്ട്
അങ്കാരമ്പൊടുചേരും തലപ്പാവുകളുമുണ്ട്
സദാരമമ്മാവിമാരേ തുറപ്പിന്‍ വാതില്‍.
തുപ്പട്ടിത്തരമുണ്ട് തുപ്പുവാന്‍ കോളാമ്പിയുണ്ട്
ഇന്നു ഞങ്ങള്‍ കൊണ്ടുവന്ന വകയെല്ലാമേ
പച്ചപ്പട്ടുകളൊണ്ടോ പതിയന്‍ ശര്‍ക്കരയുണ്ടോ
പാല്‍മൊഴിയാള്‍ ജാനകീ കേള്‍ക്കണം വാക്കു
മുല്ലതന്റെ മാലയുണ്ടോ മുത്തണിക്കു ചൂടുവാനായ്

മുകില്‍വര്‍ണാ! ഭഗവാനേ ! വരണമെന്നു
അപ്പങ്ങള്‍ തരമുണ്ടു വളരെ ഞാന്‍ പറഞ്ഞിടാം
പരിചോടെ മണവാളാ കേട്ടുകൊണ്ടാലും.
പുട്ടപ്പങ്ങളും നല്ല നെയ്യപ്പങ്ങളുമുണ്ട്
ഓമലാള്‍ സുന്ദരിപ്പെണ്ണേ തുറക്കവാതില്‍.
ലക്ഷ്മിയോടു സമമാകും എന്നുടെ മരുമകള്‍ക്കു
ഭക്ഷണസാധനം കൊണ്ടുവന്നതു കേള്‍ക്ക.
തിങ്ങിവിങ്ങിപ്പഴുത്തോരു ചിങ്ങവാഴപ്പഴമുണ്ട്
ഭംഗിയേറും നേന്ത്രവാഴപ്പഴവുമുണ്ട്
കാളിവാഴപ്പഴമുണ്ട് വളരെക്കൊണ്ടന്നിട്ടുണ്ട്.

കേളിയേറും കദളിയും പൂവനുമുണ്ട്
വണ്ണമേറുന്നൊരു നല്ല കണ്ണന്‍ വാഴപ്പഴമുണ്ട്
കണ്ണിനുകൗതുകമാം തേന്‍ കാളിയുമുണ്ട്
പലവാഴപ്പഴമുണ്ട് കുലവാഴത്തരമുണ്ട്
പലപല പഴവുമീത്തരത്തിലുണ്ട്.
പലതുമിത്തരണത്തില്‍ ഞാന്‍ കൊണ്ടുവന്നോമലേകേള്‍
കലഹങ്ങള്‍ കളഞ്ഞുനീ തുറക്ക വാതില്‍.