കാസര്‍ഗോഡു ജില്ലയില്‍ കാഞ്ഞങ്ങാടിനടുത്ത് അലാമിപ്പള്ളി എന്നൊരു സ്ഥലമുണ്ട്. പ്രധാനമായും അലാമിക്കളി അരങ്ങേറിയിരുന്നത് അവിടെയാണ്. അലാമിപ്പള്ളിയാണ് അലാമിക്കളിയുടെ പ്രധാന കേന്ദ്രം. അലാമികള്‍ക്കിവിടെ ആരാധനയ്ക്കായി പള്ളിയൊന്നുമില്ല; പകരം അഗ്‌നികുണ്ഡത്തിന്റെ ആകൃതിയില്‍ ഒരു കല്‍ത്തറ മാത്രമാണുള്ളത്. ഹിന്ദുസ്ഥാനിഭാഷ സംസാരിക്കുന്ന ഹനഫി വിഭാഗത്തില്‍പെട്ട മുസ്ലീങ്ങളാണ് അലാമി ചടങ്ങുകള്‍ക്ക് നേതൃത്വം വഹിച്ചത്.തുര്‍ക്കന്‍മാരെന്നും സാഹിബന്‍മാരെന്നും ഇവര്‍ അറിയപ്പെടുന്നു. അലാമിപ്പള്ളിയിലും പരിസരപ്രദേശങ്ങളിലുമായി ഇന്നും ഇവരുണ്ട്. ടിപ്പുവിന്റെ പടയോട്ടകാലത്തായിരുന്നു തുര്‍ക്കന്‍മാരുടെ വരവ്. ഇവര്‍ പുതിയോട്ട (പുതിയ+കോട്ട = കാഞ്ഞങ്ങാടിന്റെ ഭാഗമായ മറ്റൊരു സ്ഥലനാമം)യുടെ പരിസര പ്രദേശങ്ങളിലും കോട്ടയ്ക്കകത്തും താമസമുറപ്പിച്ചു. തുര്‍ക്കന്‍മാരുടെ ആയോധനകല വളരെ പ്രസിദ്ധമായതിനാല്‍ ആദരസൂചകമായിട്ടാണിവരെ സാഹിബന്‍മാര്‍ എന്നു വിളിച്ചത്.
മുഹറം ഒന്നിന് ഫക്കീര്‍ സാഹിബിന്റെ വീട്ടില്‍ നിന്നും കൈരൂപം പ്രത്യേക പ്രാര്‍ത്ഥനയോടെ പുതിയോട്ടയിലുള്ള സങ്കല്പസ്ഥാനത്ത് എത്തിക്കുന്നതോടെയാണ് ചടങ്ങുകള്‍ തുടങ്ങുന്നത്. രോഗശമനത്തിനും ആത്മസാക്ഷാത്കാരത്തിനുമായി നേര്‍ച്ച നേര്‍ന്നവര്‍ സ്ത്രീപുരുഷഭേദമന്യേ അലാമിത്തറയില്‍ എത്തുന്നു. അലാമിപ്പള്ളിയിലെ കൈരൂപം ദര്‍ശിച്ച് അവര്‍ ഒന്നരപ്പണം വീതം കാണിക്ക വച്ചിരുന്നു. തീര്‍ത്ഥമായി ഫക്കീറില്‍ നിന്നും നാടയാണ് വാങ്ങിയിരുന്നത്. അലാമികള്‍ കഴുത്തിലോ കൈകളിലോ അണിയുന്ന ചരടാണു നാട. നാട വാങ്ങുന്നതോടു കൂടിയാണ് അലാമികള്‍ രൂപം കൊള്ളുന്നത്.
മുഹറം പത്തിനാണ് ചടങ്ങുകള്‍ അവസാനിക്കുന്നത്. പത്താം നിലാവെന്നാണ് ഈ ദിവസം അറിയപ്പെടുന്നത്. അലാമികളും വ്രതമനുഷ്ഠിച്ചിരിക്കുന്ന സ്ത്രീകളും അന്നേ ദിവസം അലാമിത്തറയില്‍ എത്തുന്നു. മുന്‍കൂട്ടി തയ്യാറാക്കിയ അഗ്‌നികുണ്ഡം അവിടെ എരിഞ്ഞുകൊണ്ടിരിക്കും. മുമ്പെത്തെ വര്‍ഷത്തെ അഗ്‌നികുണ്ഡത്തിന്റെ ചാരം ഒരിക്കലും അവിടെനിന്നും നീക്കം ചെയ്യാറില്ല. അഗ്‌നികുണ്ഡത്തില്‍ നിന്നും തീക്കനല്‍ വാരിയെടുത്ത് ഒരു ചെപ്പിനകത്താക്കി ആ ചാരത്തില്‍ നിക്ഷേപിക്കും. അടുത്ത വര്‍ഷം അഗ്‌നികുണ്ഡമൊരുക്കാനുള്ള തീ ഈ ചെപ്പിനുള്ളില്‍ നിന്നുമാണത്രേ എടുക്കാറുള്ളത്. ഫക്കീര്‍ കുടുംബത്തിലെ അവകാശി അഗ്‌നികുണ്ഡത്തില്‍ നിന്നും കൈനിറയെ കനലുകള്‍ വാരി ഉയര്‍ത്തി പിടിച്ച് ഏറെ നേരം ‘ദുആ’ ഉരയ്ക്കും (പ്രാര്‍ത്ഥന നടത്തും). ശേഷം കനല്‍കട്ടകള്‍ അവിടെ തന്നെ നിക്ഷേപിക്കുന്നു. അലാമികളും സഹായികളും കൂടി ഈ പ്രാര്‍ത്ഥനയ്ക്കു ശേഷം നിക്ഷേപിച്ച കനല്‍കട്ടകളെ അഗ്‌നികുണ്ഡത്തിലെ കനല്‍കട്ടകളുമായ് ചേര്‍ത്ത് ഏറെ നേരം ഇളക്കുന്നു. തുടര്‍ന്ന് അതില്‍ നിന്നും കനലുകളെടുത്ത് വാരിവിതറി അതില്‍ കിടന്നുരുണ്ട് പ്രദക്ഷിണം വെക്കുന്നു.
മതമൈത്രിയുടെ സമ്മേളനമായിരുന്നു അലാമികളി. ഹൈന്ദവ മതപരമായ ഒട്ടനവധി ആചാരങ്ങള്‍ കാലാന്തരത്തില്‍ ഈ ആചാരവുമായി കൂട്ടിചേര്‍ക്കപ്പെട്ടു. വിഗ്രഹാരാധന, അഗ്‌നിപ്രദക്ഷിണം, എഴുന്നെള്ളിപ്പ് തുടങ്ങിയവ അതിന്റെ ഭാഗമായി മാറി. തുടര്‍ന്ന് മുസ്ലീം സമൂഹത്തില്‍ നിന്നും അതിന് കടുത്ത എതിര്‍പ്പ് നേരിടേണ്ടി വന്നു. ഇത്തരം അനുഷ്ഠാനങ്ങള്‍ തീര്‍ത്തും അനിസ്ലാമികമാണെന്നും അന്നദാനം, മൗലീദ് എന്നിവ മാത്രമേ അനുവദിനീയമായിട്ടുള്ളൂ എന്നും മുസ്ലീം പണ്ഡിതന്‍മാര്‍ ഫത്‌വ നല്‍കി. തുടര്‍ന്ന് ആഘോഷ നടത്തിപ്പില്‍ നിന്നും ഫക്കീര്‍കുടുംബം പിന്‍വാങ്ങി. പത്രപരസ്യത്തിലൂടെ അവരത് ജനങ്ങളെ അറിയിക്കുകയും ചെയ്തു. അങ്ങനെ 1963 ല്‍ ഈ ആചാരത്തിന് എന്നെന്നേക്കുമായി തിരശ്ശീല വീണു. ഇന്നു ചില ക്ലബുകളും മറ്റും അലാമിക്കളിയെന്ന പേരില്‍ അലാമിവേഷധാരികളെ ഉപയോഗിച്ച് നാടോടിഗാനങ്ങളും മറ്റും നടത്തി വരുന്നുണ്ട്.