ജില്ലാകേന്ദ്രം: പത്തനംതിട്ട
ജനസംഖ്യ: 12,34,016
സ്ത്രീപു. അനുപാതം: 1094/1000
സാക്ഷരത: 95.09%
മുനിസിപ്പാലിറ്റികള്‍: പത്തനംതിട്ട, തിരുവല്ല, അടൂര്‍
താലൂക്കുകള്‍: തിരുവല്ല, മല്ലപ്പള്ളി, റാന്നി, കോഴഞ്ചേരി, അടൂര്‍
റവന്യൂവില്ലേജുകള്‍: 68
ബോ്‌ളക്ക്പഞ്ചായത്ത്: 9
ഗ്രാമപഞ്ചായത്ത്: 54
മെയിന്റോഡ്: എം.സി. റോഡ്, തിരുവല്ലകുമ്പഴ, മണ്ണാറക്കുളഞ്ഞിചാലക്കയം റോഡുകള്‍.
ഭൂമിശാസ്ത്രം: പശ്ചിമഘട്ടങ്ങളെ തൊട്ട് ആലപ്പുഴ ജില്ലയുടെ താഴ്ന്ന പാടശേഖരങ്ങളിലേക്ക് അതിരിട്ടു കിടക്കുന്ന പത്തനംതിട്ടയില്‍ മൂന്നുതരം പ്രകൃതിവിഭജനമുണ്ട്. താഴ്ന്നയിടം, ഇടനിലം, മലമ്പ്രദേശം.
ചരിത്രം
കേരളത്തില്‍ ഏറ്റവുമൊടുവില്‍ ജനനം കൊണ്ട ജില്ല. പത്തനം+തിട്ട=പത്തനംതിട്ട. നദിയോരത്തെ വീടുകള്‍ എന്നാണ് അര്‍ത്ഥം. 1982 നവംബര്‍ ഒന്നിന് രൂപീകൃതമായി. ഈ ജില്ലയിലെ പന്തളം പഴയ പാണ്ഡ്യ സാമ്രാജ്യത്തില്‍പ്പെട്ടിരുന്നു.
പ്രത്യേകതകള്‍
സ്ഥലത്തിന്റെയും ജനസംഖ്യയുടെയും കാര്യത്തില്‍ കേരളത്തില്‍ പതിനൊന്നാം സ്ഥാനം.
പടയണിയുടെ ജന്മദേശം കടമ്മനിട്ട.
കോന്നിയില്‍ ആനക്കൊട്ടില്‍
സ്ത്രീപുരുഷ അനുപാതത്തില്‍ ഒന്നാം സ്ഥാനം.
ഏഷ്യയില്‍ ഏറ്റവുമധികം ക്രിസ്ത്യാനികള്‍ പങ്കെടുക്കുന്ന മരാമണ്‍ കണ്‍വെന്‍ഷന്‍ പമ്പയാറ്റിന്‍തീരത്ത്.
ഇന്ത്യയിലെ ഏറ്റവും പ്രസിദ്ധമായ തീര്‍ത്ഥാടനകേന്ദ്രമായ ശബരിമല.
കേരളത്തിലെ പഴക്കം ചെന്ന ജലമേളയായ ആറന്മുള വള്ളംകളി.
കേരളത്തില്‍ ഏറ്റവും കൂടുതല്‍ ഹിന്ദുക്കള്‍ പങ്കെടുക്കുന്ന ചെറുകോല്‍പുഴ ഹിന്ദുമത കണ്‍വെന്‍ഷന്‍.
ആറന്മുള ലോഹ കണ്ണാടിയുടെ നാട്.
‘ആശ്ചര്യചൂഢാമണി’ എന്ന സംസ്‌കൃത നാടകത്തിന്റെ രചയിതാവ് ശക്തിഭദ്രന്റെ ജന്മസ്ഥലം കൊടുമണ്‍.
വേലുത്തമ്പി ദളവ രക്തസാക്ഷിയായത് മണ്ണടിയില്‍.
പത്തനംതിട്ടയിലെ ഒരേയൊരു റെയില്‍വേ സ്‌റ്റേഷന്‍ തിരുവല്ലയില്‍.
ശ്രദ്ധേയമായ സ്ഥങ്ങളും സംഭവങ്ങളും

ശബരിമല: പത്തനംതിട്ട ടൗണില്‍നിന്ന് 72 കിലോ മീറ്റര്‍ അകലെയാണ് ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ തീര്‍ത്ഥാടനകേന്ദ്രമായ ശബരിമല. ഏപ്രിലിലെ വിഷുവിളക്ക്, വൃശ്ചികംധനുമാസ (നവംബര്‍ഡിസംബര്‍) ത്തിലെ മണ്ഡലപൂജ, ജനുവരിയിലെ മകരവിളക്ക് എന്നീ ഉത്‌സവങ്ങള്‍ക്ക് ലക്ഷക്കണക്കിന് ഭക്തര്‍ രാജ്യമെമ്പാടുനിന്നും എത്തുന്നു.

ആറന്മുള: പമ്പയുടെതീരത്ത് ചെറിയ ക്ഷേത്രനഗരം. ലോഹക്കണ്ണാടിക്ക് പ്രശസ്തം. ആറന്മുള വള്ളംകളി, വാസ്തുവിദ്യാ ഗുരുകുലം ഇവിടെയാണ്.
ചെറുകോല്‍ പുഴ: പമ്പയുടെ തീരത്ത് എല്ലാവര്‍ഷവും ഫെബ്രുവരിയില്‍ അയിരൂര്‍ ചെറുകോല്‍പ്പുഴ ഹിന്ദുമത കണ്‍വെന്‍ഷന്‍ നടക്കുന്നു.

കടമ്മനിട്ട: കടമ്മനിട്ട ദേവീക്ഷേത്രം പത്തുദിവസത്തെ പടയണി മഹോത്‌സത്തിനു പ്രശസ്തമാണ്. ഏപ്രില്‍ /മേയ് മാസത്തിലാണിത്. പടയണിയുടെ ജന്മദേശം.

കൊടുമണ്‍: ആശ്ചര്യചൂഢാമണിയുടെ രചയിതാവ് ശക്തിഭദ്രന്റെ ജന്മസ്ഥലം. കോന്നി ആനപരിശീലന കേന്ദ്രം.

മാരാമണ്‍: ഏഷ്യയിലെ ഏറ്റവും വലിയ ക്രൈസ്തവ കണ്‍വെന്‍ഷന്‍ കോഴഞ്ചേരിക്കടുത്തെ മാരാമണിലാണ്.

മണ്ണടി: അടൂരില്‍ നിന്ന് 13 കിലോമീറ്റര്‍ അകലെയുള്ള ഇവിടെയാണ് ബ്രിട്ടീഷുകാര്‍ക്കെതിരെ പോരാടി വേലുത്തമ്പിദളവ വീരമൃത്യു വരിച്ചത്. പ്രാചീനമായ  ഭഗവതിക്ഷേത്രത്തില്‍ പ്രസിദ്ധമായ കല്‍പ്രതിമയുണ്ട്. കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫോക്‌ലോര്‍ ആന്റ് ഫോക് ആര്‍ട്‌സ് പ്രവര്‍ത്തിക്കുന്നത് ഇവിടെയാണ്.

മൂലൂര്‍ സ്മാരകം: പത്തനംതിട്ട ടൗണില്‍ നിന്ന് 12 കിലോമീറ്റര്‍ അകലെയാണ് പ്രശസ്ത കവി മൂലൂര്‍ എസ്. പത്മനാഭപ്പണിക്കരുടെ (1869-1931) സ്മാരകം സ്ഥിതിചെയ്യുന്ന ഇലവുംതിട്ട. കവിമാത്രമല്ല, സാമൂഹ്യപരിഷ്‌കര്‍ത്താവും പത്രപ്രവര്‍ത്തകനുമായിരുന്നു മൂലൂര്‍.

പമ്പ: ഹിന്ദുക്കള്‍ പുണ്യനദിയെന്നു കരുതുന്ന പമ്പ. ശബരിമലയിലേക്ക് മലകയറുന്നത് പമ്പയില്‍ കുളിച്ചുതൊഴുതാണ്. മൂന്നുനദികള്‍ സംഗമിക്കുന്ന ത്രിവേണിസംഗമം ഇവിടെയാണ്.

പരുമല: മലയം ഓര്‍ത്തഡോക്‌സ് സഭയുടെ മാര്‍ഗ്രിഗോറിയസ് മെത്രാപ്പൊലീത്തയുടെ ഓര്‍മ്മപ്പെരുന്നാള്‍ കൊണ്ടാടുന്ന  പരുമല പള്ളി തിരുവല്ലയില്‍ നിന്ന് 10 കിലോമീറ്റര്‍ അകലെയാണ്.

പന്തളം: പന്തളം രാജാവിന്റെ മകനായിട്ടാണ് ശബരിമല അയ്യപ്പന്റെ മനുഷ്യാവതാരം. കൊട്ടാരത്തിനടുത്ത് വലിയകോയിക്കല്‍ ക്ഷേത്രം ശബരിമല കഴിഞ്ഞാല്‍ പ്രശസ്തമാണ്.
പെരുന്തേനരുവി വെള്ളച്ചാട്ടം : 60-100 അടി മുകളില്‍ നിന്ന് വെള്ളം താഴേക്കു പതിക്കുന്ന വെള്ളച്ചാട്ടം.

തിരുവല്ല: മലങ്കര മാര്‍ത്തോമ സിറിയന്‍ സഭയുടെ ആസ്ഥാനം. എല്ലാ ദിവസവും അനുഷ്ഠാനമായി കഥകളി അവതരിപ്പിക്കുന്ന കേരളത്തിലെ ഏക ക്ഷേത്രമായ ശ്രീവല്ലഭക്ഷേത്രം ഇവിടെയാണ്.

നിരണം: ഏ.ഡി. 52 ല്‍ കേരളത്തില്‍ വന്ന സെന്റ്‌തോമസ് സ്ഥാപിച്ചതെന്ന് കരുതുന്ന ഏറ്റവും പ്രാചീനമായ ക്രിസ്ത്യന്‍പള്ളി ഇവിടെയാണ്. പാലിയക്കര പള്ളിയില്‍ ചുവര്‍ചിത്രങ്ങളുമുണ്ട്.
കവിയൂര്‍: കേരളത്തിലെ പ്രാചീന മഹാദേവക്ഷേത്രത്തില്‍ ഒന്നായ കവിയൂര്‍ മഹാദേവക്ഷേത്രം പത്താംനൂറ്റാണ്ടില്‍ പണിതതാണെന്ന് കരുതുന്നു.