കാട്ടാറിന്റെ കരച്ചിൽ

കുലഗിരിയയൊന്നിൻ കഴൽ ചുംബിക്കുന്ന
നലമെഴുമൊരു നളിനിതന്നുള്ളിൽ
ഒളിച്ചിരുന്നു ഞാനൊരായിരം കൊല്ലം
വെളിച്ചമെന്നുള്ളതറിഞ്ഞിടാതഹോ!
നവവർഷാശ്ലേഷപുളകിതയാമാ
നളിനിതന്നുള്ളം തുളുമ്പിയ നാളിൽ
കുതിച്ചു ഞാനൂഴിപ്പരപ്പിലേ,യ്ക്കെന്നാൽ
പതിച്ചിതു കഷ്ടം ശിലാതലം തന്നിൽ!
എടുത്തവിടെനിന്നിവളെ, യാവന-
പ്പടർപ്പൊരമ്മപോൽ പുണർന്നു ലാളിച്ചാൽ.
പരിചിൽ ശാന്തത പരിലസിക്കുമെൻ-
പരിസരമെല്ലാം പരമസുന്ദരം;
കളിയാടീടുവാൻ കുളിരിളം തെന്നൽ,
പുളകം പൂശുവാൻ പുതുകുസുമങ്ങൾ,
കുണുങ്ങിയോടുവാൻ തൃണതലപ്പര,-
പ്പിണങ്ങിയെന്നിലന്നഖിലഭാഗ്യവും!
പഠിക്കുവാനായിപ്പല പത്രങ്ങളും
വിടുർത്തി നിന്നിതാ വിപിനലക്ഷ്മിയാൾ.
മദീയഭാഗ്യത്തിൽ മനം മയങ്ങി ഞാൻ
മദാലസയായിച്ചരിച്ചിതക്കാലം!
തടത്തിൽ നില്ക്കുന്ന ചെടിനിരയൊന്നി-
ലിടയ്ക്കു സുസ്മിതം പൊഴിച്ചു പൂക്കളാൽ
തുളുമ്പിയാനന്ദമകക്കുരുന്നിൽ, ഞാൻ

 

പളുങ്കുമാല്യങ്ങളവയിലർപ്പിച്ചു
കിളിനിരകൾതൻ കളകളസ്വനം
കുളിരിയറ്റിയെന്നകതളിരിങ്കൽ
പകരം ഞാൻ വീണാക്വണിതം മേല്ക്കുമേൽ-
പ്പകർന്നിതന്നാളപ്പതംഗപാളിയിൽ.
തടില്ലതപോലെ തരളമേനിയിൽ
തടംതല്ലിത്തകർത്തൊലിച്ച നാളുകൾ
-മദീയജീവിതപ്രഭാതവേളകൾ-
മറഞ്ഞുപോ;-യിനി വരില്ലൊരിക്കലും!