കളിത്തോണിയിൽ

“ഇന്നലെ ഞാനൊരു സ്വപ്നം കണ്ടു,
ഇന്നതോന്നോതാനസാധ്യം തോഴീ!
പാതിരാവായെന്നു നീ പറഞ്ഞു
വാതിലും ബന്ധിച്ചു പോയശേഷം
പിന്നെയും പുസ്തകവായനയാൽ—
ത്തന്നെ ഞാന്നേരം കഴിച്ചുകൂട്ടി;
ഉറ്റുശ്രമിച്ചു ഞാനെങ്കിലതി—
ലൊറ്റ ലിപിപോലും നീങ്ങിയില്ലാ!
തങ്കച്ചിറകുവിരിച്ചെഞ്ചിത്ത—
പൈങ്കിളിയെങ്ങോ പറന്നിരുന്നൂ;
മെറ്റേതോ ഗ്രന്ധം തിരഞ്ഞുനോക്കി—
ച്ചുറ്റുമെൻ കണ്ണുകൾ പാഞ്ഞിരുന്നു!

എത്തുകില്ലിങ്ങിനിയെന്നു നിങ്ങ—
ളൊക്കെയുമോതുമെന്നാത്മനാഥൻ
‘മഞ്ജുളേ! മഞ്ജുളേ!’യെന്നു വിളി—
ച്ചെന്നഴിവാതിൽക്കലെത്തി മന്ദം,
‘പോരിക’യെന്നു പറഞ്ഞു പിന്നിൽ
ശാരികപോലെ പറന്നെത്തി ഞാൻ!….

തോരാത്ത കണ്ണീരും വറ്റുമട്ടി—
ലാ രാത്രിയത്രയ്ക്കു മോഹനംതാൻ!

 

രാകാശശാങ്കനും താരകളും
രാഗപരാഗം പുരട്ടി വാനിൽ;
മഞ്ജുളമഞ്ജരീപുഞ്ജമാളും
കുഞ്ജസദനത്തിൽ രാക്കിളികൾ
രാവിന്റെ മാഹാത്മ്യം വാഴ്ത്തിവാഴ്ത്തി-
ത്തൂകീ മരന്ദം പരിസരത്തിൽ;
ഓമനസ്വപ്നങ്ങൾ കണ്ടുകണ്ടി-
ബ്ഭൂമിയും കോരിത്തരിച്ചിരുന്നൂ!
ഹസ്തേന ഹസ്തം ഗ്രഹിച്ചു മോദാൽ
വൃത്താന്തമോരോന്നുരച്ചു ഞങ്ങൾ
ചന്ദ്രികപ്പൊയ്കയിൽ തത്തും രണ്ടു
പൊൻതിരയായിട്ടൊഴുകിപ്പോയി!……

ആനന്ദാലുള്ളം തുളുമ്പിനില്ക്കു-
മാഴിതൻ തീരത്തിലെത്തി ഞങ്ങൾ,
തങ്ങളിൽത്തങ്ങളിൽപ്പുല്കിപ്പോകും
ഭംഗപരമ്പര നോക്കി നിന്നൂ;
അന്തമറ്റോരക്കടലിലപ്പോൾ
പൊൻതോണിയൊന്നു കണ്ടോതി നാഥൻ;
“ഓമനേ,യിക്കടൽ ശാന്തം, നമ്മൾ-
ക്കോടിക്കളിച്ചു രസിച്ചു പോകാം.”
‘അക്കളിത്തോണിയിലേറിയാൽ നാ-
മക്കരയെത്തുമോ?’എന്നു ഞാനും;
‘ഉൾക്കരുത്തൊന്നു കരസ്ഥമാമെങ്കി-
ലൊക്കെയും സാധ്യ’മെന്നപ്പുമാനും.
എന്തി,നത്തോണിയിലേറി ഞങ്ങൾ
ചെന്തീപ്പൊരിയും ചിതറിയെന്നിൽ!
ഗാനങ്ങളോരോന്നു പാടിപ്പാടി-
സ്സാനന്ദം തോണി തുഴഞ്ഞു മന്ദം.
ഒട്ടിടയങ്ങനെ സഞ്ചരിക്കേ
മട്ടൊക്കെ മാറി, മറഞ്ഞു ചന്ദ്രൻ!
വൻ തിരമാലയിരച്ചുപൊങ്ങി-

യന്ധകാരാവൃതമായി വാനും!
അക്കളിത്തോണി കമഴ്ന്നു ഞങ്ങ-
ളക്കടൽമധ്യത്തിൽ ത്യക്തരായി!…”