101. ആലവട്ടത്തിൽ മുടികളിലും
പീലി നിരകൾ വിലസും പോലെ
നാലുവർണ്ണങ്ങളും ചേർന്നു മതാന്തരേ
കാലുവച്ചീടുന്നു യോഗപ്പെണ്ണേ!- അപ്പോൾ
താലോലിക്കും ചിലർ ജ്ഞാനപ്പെണ്ണേ!

102. ആര്യപുരാതന ഹിന്തുമത-
സാരങ്ങളൊക്കെപ്പരിശോധിച്ചാൽ
സാരമില്ല തീണ്ടലജ്ഞാനമൂർത്തിയെ-
ന്നാരും പറഞ്ഞിടും യോഗപ്പെണ്ണേ!- ചില
കാരണം കേൾക്കുക ജ്ഞാനപ്പെണ്ണേ!

 

103. പണ്ടു ശ്രീരാമനും ലക്ഷ്മണനും
വണ്ടണിവേണി വിദേഹജയും
താണ്ടിയില്ലേ സരയൂന്നദിയാപ്പോക്കിൽ
തണ്ടുവലിച്ചതാർ ? യോഗപ്പെണ്ണേ !- അന്നു
തീണ്ടിക്കുളിയുണ്ടോ? ജ്ഞാനപ്പെണ്ണേ!

104. ശൃംഗിവേരാധിപനാകും ഗുഹൻ
തുംഗപ്രതാപനിധിയരയൻ
അങ്ങിനെയായിട്ടും ശ്രീരാമസ്വാമിയാ-
ലിംഗനം ചെയ്തില്ലെ? യോഗപ്പെണ്ണേ !- എന്തു
മംഗലമക്കാ‍ലം ജ്ഞാനപ്പെണ്ണേ!

105. പട്ടാഭിഷേകസമയത്തിലും
കൂട്ടത്തിലാഗ്ഗുഹൻ വന്നിരുന്നു
പട്ടന്മാരെന്നല്ല നമ്പൂതിരിമാരും
മാട്ടിക്കളഞ്ഞില്ല യോഗപ്പെണ്ണേ !- ഒക്കെ
ത്തൊട്ടു തിന്നും പോയി ജ്ഞാനപ്പെണ്ണേ!