61

ആക്കുചേലാഭിഖ്യനാം നിസ്സ്വൻതൻ ചങ്ങാതി ഞാൻ;
ശീഘ്രമായ് ത്രിവക്രതൻ കൂനെല്ലാം നിവർത്തവൻ;
തേർതെളിച്ചവൻ പോരിൽ സൂതനാ, യാഗന്തുവിൻ
പാദത്തെ ക്ഷാളിച്ചവൻ ദാസനായ് മഖത്തിങ്കൽ;
സമ്രാട്ടിൻ ക്ഷണം ക്ഷണം ത്യാജ്യമായ്ക്കല്പിച്ചുകൊ-
ണ്ടുണ്മാനായ് രാവിൽപ്പോയോൻ ക്ഷത്താവിൻഗൃഹം തേടി;
ഓന്തിനെക്കൂപത്തിൽനിന്നുദ്ധരിച്ചവൻ; ദൂന-
സ്വാന്തയായ്ക്കേഴും സ്ര്തീതൻ മാനത്തെപ്പാലിച്ചവൻ;
പ്രൗഢർതൻ പാർശ്വത്തിങ്കൽച്ചേരാതെയാടൽപ്പെട്ടു
നാടുവിട്ടോടിപ്പോയ ദീനനെത്തുണച്ചവൻ;
ഞാനെന്റെ സർവാർത്ഥവും ത്യാഗം ചെയ്തത്രേ നേടി
താണോർതന്നുയർച്ചയാൽ ധർമ്മത്തിൻ സംസ്ഥാപനം.

62

പോരാഞ്ഞി,ട്ടന്നക്കുരുക്ഷേത്രത്തിൽ ശസ്ത്രാജീവർ
പോരാടാൻ സന്നദ്ധരായ്ക്കോദണ്ഡം കുലയ്ക്കുവേ;
ഭീമമാം ജ്യാഘോഷത്തിൻ ജൃംഭണം ദൂരസ്ഥമാം
വ്യോമത്തിൻ രന്ധ്രത്തിലും മൗഖര്യം വായ്പിക്കവേ;
ഭാരതം ഘോരാജിയാം മാരണപ്പിശാചിന്നു
ഭൈരവപ്പാഴ്ക്കൂത്തരങ്ങാകുവാൻ ഭാവിക്കവേ;
ലോഹിത സ്രോതസ്വിനീ പാണിപീഡനത്തിന്നു
സാഗരം കാപ്പും കെട്ടി സജ്ജനായ് ചാഞ്ചാടവേ
മർത്ത്യർതൻ ദു:ത്തിനും തൽ പ്രാണഗ്രാ സോദ്യതൻ
മൃത്യുവിൻ ദർത്തിനും ശൈഥില്യം വരുംമട്ടിൽ,
കൃഷ്ണൻ ഞാ,നെൻചങ്ങാതിയർജ്ജുനൻതൻകർണ്ണത്തിൽ
ശ്ലക്ഷ്ണമാമെൻ സന്ദേസമോതിനേൻ ഗീതാഭിധം.

 

63

ഒന്നേ ഞാനോതീട്ടുള്ളു ഗീതയിൽ പ്രധാനമാ-
യെന്നേയ്ക്കും നരന്നതേ താരകം മഹാമന്ത്രം.
യോഗസ്ഥനായിച്ചെയ്ക കർമ്മം നീ സങ്‌ഗംവിട്ടു;
യോഗമോ ലാഭാലാഭതുല്യദർശനം മാത്രം.
കർമ്മങ്ങൾ ചെയ്തേ പറ്റൂ മർത്ത്യന്നു യാവജ്ജീവം;
കർമ്മത്തിൻ ലക്ഷ്യം രണ്ടാം സ്വാർത്ഥവും പരാർത്ഥവും.
സ്വാർത്ഥത്തെ ലാക്കാക്കിയാൽ സങ്‌ഗപങ്കിലം കർമ്മം;
സ്വാർത്ഥമൊന്നറ്റാലറ്റൂ ഷഡ്വർഗ്ഗം യോഗാപഹം
ആകയാൽപ്പരാർത്ഥമായ്ക്കർമ്മം ഞാൻ ചെയ്‌വാൻചൊന്നേൻ;
ലോകത്തിൻ പുരോഗതിക്കില്ലല്ലോ മാർഗ്ഗം വേറെ,
താണോർതൻ സമുൽക്കർഷമൊന്നിനാൽ വേണം പൊങ്ങാൻ
വാനോളം, ധരാതലം പാതാളപാതാശങ്കി.

64

ചിന്തിക്കാം കിഞ്ചിജ്ഞർ ഞാൻ പ്രേമാത്മാവെന്നാൽച്ചൊടി-
ച്ചെന്തിനായ് ഹിരണ്യനെക്കൊന്നതെന്നിഗ്ഘട്ടത്തിൽ.
ആകവേ നിശാന്തത്തിൽ ധ്വാന്തത്തെധ്വംസിപ്പീലേ
ലോകത്തിന്നുൽബോധനം നൽകുവാൻ വിഭാവസു?
പാഴ്ത്തൃണം കുദ്ദാലത്താൽ ഭഞ്ജനംചെയ്യുന്നീലേ
ക്ഷേത്രത്തെസ്സസ്യാഢ്യമായ്ത്തീർക്കുവാൻ കൃഷീവലൻ?
ധർമ്മത്തിൻ സംസ്ഥാപനം സാദ്ധ്യമ,ല്ലധർമ്മത്തിൻ
മർമ്മത്തെബ്ഭേദിക്കാതെ ലൗകികവ്യാപാരത്തിൽ.
അത്തത്വം വെളിപ്പെടാൻ “ദാനവാന്തകൻ” ഞാനെ-
ന്നർത്ഥവാദാകാരത്തിലോതുന്നൂ പൗരാണികർ
ഒപ്പമായ്നൽകുന്നു ഞാൻ ഭക്തനും ദ്വേഷ്ടാവിനും
മൽപദം; പ്രേമത്തിനെന്തപ്പുറം ലക്ഷ്യം വേണ്ടൂ?

65

വേദമെന്നുച്ഛ്വാസമായ് വീക്ഷിക്കും വിദ്യാവൃദ്ധ-
രേതുമെന്നന്ത്യോച്ഛ്വാസമല്ലതെന്നോർക്കുന്നീല.

ചാലവേ തന്നിത്യോപബൃംഹണം നിർന്നിദ്രൻ ഞാൻ

കാലദേശാവസ്ഥാനുരൂപമായ് സാധിക്കുന്നു
ബാലൻതന്നാഹരവും വസ്ത്രവും യുവാവിന്നു
ശീലിപ്പാനാവില്ലെന്നു കാണ്മീലേ കൗടുംബികൻ?
സ്പഷ്ടമെൻശിഷ്ടോച്ഛ്വാസമെൻ ശേഷനന്നന്നുള്ള
ശിഷ്ടർ തൻ രണ്ടായിരം ജിഹ്വയാലുൽഘോഷിപ്പൂ.
ലോകത്തിൻ ക്രമോന്നതിക്കൊപ്പമായ് സ്ഫുടിക്കുന്ന-
താഗമം.വിടർത്തുന്നൂ വേദം ഞാനാകൽപാന്തം.
കണ്ടിടാം നിർബന്ധമായക്കാഴ്ച്ചയാർക്കും കണ്ണിൽ-
ത്തൊണ്ടിനെപ്പരിപ്പാക്കിത്തോന്നിക്കും രോഗംവിട്ടാൽ.