11

ആവതും യുവാവിമ്മട്ടാവിദൂരമാം ലാക്കി-

ലാവനാഴിയിൽത്തങ്ങുമമ്പെല്ലാം പിഴച്ചെയ്യും.
നിത്യവും ചിത്രംവരച്ചൊക്കാഞ്ഞു മായ്ക്കും; വീണ്ടും
വർത്തികക്കോൽകൊണ്ടോരോ വർണ്ണകം താളിൽത്തേയ്ക്കും.
ചിന്തോർമ്മിക്ഷീബവ്രജം ചിത്താബ്ധിശുണ്ഡയ്ക്കുള്ളിൽ-
പ്പൊന്തിടും; ഗർജ്ജിച്ചെങ്ങുമാക്രോശിച്ചുടൻ വീഴും.
ആയതില്ലല്ലോ കാലമങ്ങേയ്ക്കും ദ്വിജശ്രേഷ്ഠ!
മായതൻ ജാലംവിട്ടു മാനത്തിൽപ്പറക്കുവാൻ.
ചാരമാകണം വെന്തു ഗർവക്കാ;ടുൾച്ചില്ലിന-
ച്ചാരത്തിൻ തേയ്പാൽ‌വേണം തന്മലം നശിക്കുവാൻ
അങ്ങേയ്ക്കക്കണ്ണാടിയിൽ ദൃശ്യനാമുടൻതന്നെ-
യങ്ങയാലതേവരെച്ഛന്നനാമന്തര്യാമി.

12

ആത്തപോവനത്തിങ്കൽപ്പാർപ്പതുണ്ടൊരേടത്തു
“ചാത്ത”നെന്നോതീടുന്ന കാട്ടാളക്കിടാത്തനും.
ശ്രീയവൻ തന്മേനിയെത്തീണ്ടീട്ടില്ലേതും; “ഹരിഃ
ശ്രീ”യങ്ങേവഴിക്കൊന്നൊട്ടെത്തിയും നോക്കീട്ടില്ല;
എങ്കിലെന്ത,വൻ ധന്യൻ, ദൈവത്തിൻ കാരുണ്യത്താൽ
പങ്കത്തിൻ നിധാനമാം പട്ടണം കാണാത്തവൻ.
നാട്ടിലേക്കാടൊക്കെയും നാട്ടാർതൻ ഹൃത്തിൽത്തങ്ങി-
ക്കൂട്ടമായ്ക്കാമാദിയാം ശ്വാപദം പുലർത്തുന്നു.
വ്യാധനാമവൻതന്റെ ചിത്തമോ നിഷ്കല്മഷം,
ശീതളം, കാട്ടിൽപ്പായുമാറ്റിലെജ്ജലംപോലെ.
വാനത്തിന്നകത്തുള്ള നക്ഷത്രം താനക്കൊമ്പ-
നാനതൻ കുംഭത്തിങ്കൽ മിന്നിടും മുക്താഫലം.

 

13

നോക്കിനാൻ വനേചരൻ ദൂരെനിന്നമ്മട്ടിൽത്തൻ
മാർഗ്ഗത്തിൽത്തപംചെയ്യും വിപ്രനെസ്സകൗതുകം
വിസ്മയാകാരം നേടീ കൗതുകം ക്രമത്തിങ്കൽ;
വിസ്മയം വിശ്വാസമായ്, വിശ്വാസം സമ്പ്രീതിയായ്;
സമ്പ്രീതി ഭക്ത്യാദരസ്നേഹരൂപമായ് മാറീ;
മുമ്പിൽച്ചെന്നവൻകൂടീ മുന്യംഘ്രിപത്മംകൂപ്പാൻ
കാകനിക്കിഴങ്ങിനം കാഴ്ചവച്ചല്പം നീങ്ങി
മൂകനായ്ക്കൈകെട്ടിനിന്നാജ്ഞയെക്കാക്കും നിത്യം;
ഓതുകില്ലൊരക്ഷരം താപസൻ; കടാക്ഷമാം
വേതനംപോലും വേണ്ട വേലയ്ക്കന്നിഷാദനും
“നീയാ”രെന്നൊരിക്കലേ ചോദിച്ചുകേട്ടിട്ടുള്ളൂ;
“നായാടിച്ചെക്കൻ ചാത്തൻ” അത്രയേ മൂളീട്ടുള്ളൂ;

14

ഓതിനാൻ തപസ്വിയെത്തേടിച്ചെന്നൊരിക്കലാ
വ്യാധൻ തത്സമാധിതന്നന്തത്തിൽ ദയാർദ്രനായ്
“തമ്പുരാനൊട്ടേറെനാളായല്ലോ മലഞ്ചുള്ളി-
ക്കമ്പുപോലുണക്കുന്നു പൂമെയ്യിക്കൊടും കാട്ടിൽ.
വീർപ്പടക്കിയും കണ്ണുചിമ്മിയും മനം ചുട്ടു-
മോർപ്പതെന്തങ്ങിമ്മട്ടിലൂണുറക്കൊഴിഞ്ഞെന്നും?
ഇക്കാട്ടിൽത്തങ്ങും വിലങ്ങേതിനെക്കൊതിച്ചങ്ങു
മുക്കാലും പിറപ്പറപ്പിത്തരം പുലർത്തുന്നു?
ഉള്ളമട്ടോതാമല്ലോ വേണ്ടതിക്കാനം മുറ്റു-
മുള്ളങ്കൈനെല്ലിക്കയായ്ക്കാണ്മോനീ വേടച്ചെക്കൻ
ആവനാഴിയും വില്ലുമമ്പുമായ് നായാട്ടിൽ വെ-
ന്നാവിലങ്ങിനെപ്പിടിച്ചേല്പിക്കാമങ്ങേക്കൈയിൽ.”

15

കേവലം തിര്യഗ്രുതം-ഭ്രാന്തൻതൻ പ്രലാപമാ-
യാവചസ്സവൻ കേട്ടാനല്പവും രസിക്കാതെ,
ഉത്തരം കാത്തുംകൊണ്ടുനിൽക്കയാണോച്ഛാനിച്ചു
ലുബ്ധകൻ സമീപത്തിൽ – “മാരണം! മാറാശ്ശല്യം!!
എന്തിവൻ കണ്ടൂ പാവ,മെൻതത്വം? കൊള്ളാം വന്ന
ബന്ധു! ഞാൻ തീർണ്ണാർണ്ണവൻ നൂനമിപ്പോതത്തിനാൽ!!
എന്നെക്കൊണ്ടാവാത്തതാണിക്കിടാത്തനാലാവ-
തിന്നു ഞാനിരപ്പാളി! യിച്ചെക്കൻ വിണ്ണോർമരം!;

ഞാനിവൻ നൽകും വരം വാങ്ങുവാൻ വന്നോനല്ല;

മാനത്തിൽപ്പരുന്തിന്നു മാക്രിയോ മാർഗ്ഗം കാട്ടാൻ!”
അപ്പുമാനിമ്മട്ടോർത്താസ്സാധുവാമഭ്യാഗത-
ന്നല്പഹാസമാമർഘ്യമാദ്യമായ്സ്സമ്മാനിച്ചാൻ.