വക്രതവും കുമ്പിട്ടു സന്തപ്തമാം ചിത്തത്തോടും
രാമ രാമേതി ജപധ്യാനനിഷ്ഠയാ ബഹു
യാമിനീചരകുലനാരികളുടെ മദ്ധ്യേ 1490
നീഹാരശീതാതപവാതപീഡയും സഹി
ച്ചാഹാരാദികളേതും കൂടാതെ ദിവാരാത്രം
ലങ്കയില്‍ വസിച്ചിതാതങ്കമുള്‍ക്കൊണ്ടു മായാ
സങ്കടം മനുഷ്യജന്മത്തിങ്കലാര്‍ക്കില്‌ളാത്തു?

സീതാന്വേഷണം

രാമനും മായാമൃഗവേഷത്തെക്കൈക്കൊണ്ടൊരു
കാമരൂപിണം മാരീചാസുരമെയ്തു കൊന്നു
വേഗേന നടകൊണ്ടാനാശ്രമം നോക്കിപ്പുന
രാഗമക്കാതലായ രാഘവന്‍തിരുവടി.
നാലഞ്ചു ശരപ്പാടു നടന്നോരനന്തരം
ബാലകന്‍വരവീഷദ്ദൂരവേ കാണായ്‌വന്നു. 1500
ലക്ഷമണന്‍ വരുന്നതു കണ്ടു രാഘവന്‍താനു
മുള്‍ക്കാമ്പില്‍ നിരൂപിച്ചു കല്‍പിച്ചു കരണീയം.
‘ലക്ഷമണനേതുമറിഞ്ഞീലലേ്‌ളാ പരമാര്‍ത്ഥ
മിക്കാലമിവനേയും വഞ്ചിക്കെന്നതേവരൂ.
രക്ഷോനായകന്‍ കൊണ്ടുപോയതു മായാസീതാ
ലക്ഷമീദേവിയെയുണ്ടോ മറ്റാര്‍ക്കും ലഭിക്കുന്നു?
അഗ്‌നിമണ്ഡലത്തിങ്കല്‍ വാഴുന്ന സീതതന്നെ
ലക്ഷമണനറിഞ്ഞാലിക്കാര്യവും വന്നുകൂടാ.
ദുഃഖിച്ചുകൊള്ളൂ ഞാനും പ്രാകൃതനെന്നപോലെ
മൈക്കണ്ണിതന്നെത്തിരഞ്ഞാശു പോയ് ചെല്‌ളാമലേ്‌ളാ 1510
രക്ഷോനായകനുടെ രാജ്യത്തിലെന്നാല്‍ പിന്നെ
ത്തല്‍ക്കുലത്തോടുംകൂടെ രാവണന്‍തന്നെക്കൊന്നാല്‍
അഗ്‌നിമണ്ഡലേ വാഴും സീതയെസ്‌സത്യവ്യാജാല്‍
കൈക്കൊണ്ടുപോകാമയോദ്ധ്യയ്ക്കു വൈകാതെ, പിന്നെ
അക്ഷയധര്‍മ്മമോടു രാജ്യത്തെ വഴിപോലെ
രക്ഷിച്ചു കിഞ്ചില്‍ കാലം ഭൂമിയില്‍ വസിച്ചീടാം.
പുഷ്‌കരോല്‍ഭവനിത്ഥം പ്രാര്‍ത്ഥിക്കനിമിത്തമാ
യര്‍ക്കവംശത്തിങ്കല്‍ ഞാന്‍ മര്‍ത്ത്യനായ്പിറന്നതും.
മായാമാനുഷനാകുമെന്നുടെ ചരിതവും