ശ്രീരാമമയം ജഗത്സര്‍വമെന്നുറയ്ക്കുമ്പോള്‍
ശ്രീരാമചന്ദ്രന്‍തന്നോടൈക്യവും പ്രാപിച്ചീടാം.
രാമ! രാമേതി ജപിച്ചീടുക സദാകാലം
ഭാമിനി! ഭദ്രേ! പരമേശ്വരി! പത്മേക്ഷണേ!
ഇത്ഥമീശ്വരന്‍ പരമേശ്വരിയോടു രാമ
ഭദ്രവൃത്താന്തമരുള്‍ചെയ്തതു കേട്ടനേരം
ഭക്തികൊണ്ടേറ്റം പരവശയായ് ശ്രീരാമങ്കല്‍
ചിത്തവുമുറപ്പിച്ചു ലയിച്ചു രുദ്രാണിയും.

പൈങ്കിളിപൈ്പതല്‍താനും പരമാനന്ദംപൂണ്ടു
ശങ്കര! ജയിച്ചരുളെന്നിരുന്നരുളിനാള്‍.

(ഇത്യദ്ധ്യാത്മരാമായണേ ഉമാമഹേശ്വരസംവാദേ ആരണ്യകാണ്ഡം സമാപ്തം)