രാമ! രാഘവ! പാദപങ്കജം നമോസ്തുതേ!
ശ്രീമയം ശ്രീദേവീപാണിദ്വയപത്മാര്‍ച്ചിതം.
മാനഹീനന്മാരാം ദിവ്യന്മാരാലനുധ്യേയം
മാനാര്‍ത്ഥം മൂന്നിലകമാക്രാന്തജഗത്ത്രയം
ബ്രഹ്മാവിന്‍ കരങ്ങളാല്‍ ക്ഷാളിതം പത്മോപമം
നിര്‍മ്മലം ശംഖചക്രകുലിശമത്സ്യാങ്കിതം
മന്മനോനികേതനം കല്‍മഷവിനാശനം
നിര്‍മ്മലാത്മനാം പരമാസ്പദം നമോസ്തുതേ.
ജഗദാശ്രയം ഭവാന്‍ ജഗത്തായതും ഭവാന്‍
ജഗതാമാദിഭൂതനായതും ഭവാനലേ്‌ളാ. 1160
സര്‍വഭൂതങ്ങളിലുമസക്തനലേ്‌ളാ ഭവാന്‍
നിര്‍വികാരാത്മാ സാക്ഷിഭൂതനായതും ഭവാന്‍.
അജനവ്യയന്‍ ഭവാനജിതന്‍ നിരഞ്ജനന്‍
വചസാം വിഷമമല്‌ളാതൊരാനന്ദമലേ്‌ളാ.
വാച്യവാചകോഭയഭേദേന ജഗന്മയന്‍
വാച്യനായ്‌വരേണമേ വാക്കിനു സദാ മമ.
കാര്യകാരണകര്‍ത്തൃഫലസാധനഭേദം
മായയാ ബഹുവിധരൂപയാ തോന്നിക്കുന്നു.
കേവലമെന്നാകിലും നിന്തിരുവടിയതു
സേവകന്മാര്‍ക്കുപോലുമറിയാനരുതലേ്‌ളാ. 1170
ത്വന്മായാവിമോഹിതചേതസാമജ്ഞാനിനാം
ത്വന്മാഹാത്മ്യങ്ങള്‍ നേരേയറിഞ്ഞുകൂടായലേ്‌ളാ.
മാനസേ വിശ്വാത്മാവാം നിന്തിരുവടിതന്നെ
മാനുഷനെന്നു കല്‍പിച്ചീടുവോരജ്ഞാനികള്‍.
പുറത്തുമകത്തുമെല്‌ളാടവുമൊക്കെ നിറ
ഞ്ഞിരിക്കുന്നതു നിത്യം നിന്തിരുവടിയലേ്‌ളാ.
ശുദ്ധനദ്വയന്‍ സമന്‍ നിത്യന്‍ നിര്‍മ്മലനേകന്‍
ബുദ്ധനവ്യക്തന്‍ ശാന്തനസംഗന്‍ നിരാകാരന്‍
സത്വാദിഗുണത്രയയുക്തയാം ശക്തിയുക്തന്‍
സത്വങ്ങളുളളില്‍ വാഴും ജീവാത്മാവായ നാഥന്‍ 1180
ഭക്താനാം മുക്തിപ്രദന്‍ യുക്താനാം യോഗപ്രദന്‍
സക്താനാം ഭുക്തിപ്രദന്‍ സിദ്ധാനാം സിദ്ധിപ്രദന്‍
തത്ത്വാധാരാത്മാ ദേവന്‍ സകലജഗന്മയന്‍
തത്ത്വജ്ഞന്‍ നിരുപമന്‍ നിഷ്‌കളന്‍ നിരഞ്ജനന്‍
നിര്‍ഗ്ഗുണന്‍ നിശ്ചഞ്ചലന്‍ നിര്‍മ്മലന്‍ നിരാധാരന്‍
നിഷ്‌ക്രിയന്‍ നിഷ്‌കാരണന്‍ നിരഹങ്കാരന്‍ നിത്യന്‍
സത്യജ്ഞാനാനന്താനന്ദാമൃതാത്മകന്‍ പരന്‍
സത്താമാത്രാത്മാ പരമാത്മാ സര്‍വ്വാത്മാ വിഭൂ
സച്ചിദ്ബ്രഹ്മാത്മാ സമസ്‌തേശ്വരന്‍ മഹേശ്വര
നച്യുതനാദിനാഥന്‍ സര്‍വദേവതാമയന്‍ 1190
നിന്തിരുവടിയായതെത്രയും മൂഢാത്മാവാ
യന്ധയായുളേളാരു ഞാനെങ്ങനെയറിയുന്നു
നിന്തിരുവടിയുടെ തത്ത്വ,മെന്നാലും ഞാനോ
സന്തതം ഭൂയോഭൂയോ നമസ്‌തേ നമോനമഃ
യത്രകുത്രാപി വസിച്ചീടിലുമെല്‌ളാനാളും
പൊന്‍ത്തളിരടികളിലിളക്കം വരാതൊരു
ഭക്തിയുണ്ടാകവേണമെന്നൊഴിഞ്ഞപരം ഞാ
നര്‍ത്ഥിച്ചീടുന്നേയില്‌ള നമസ്‌തേ നമോനമഃ
നമസ്‌തേ രാമരാമ! പുരുഷാദ്ധ്യക്ഷ! വിഷ്‌ണോ!
നമസ്‌തേ രാമരാമ! ഭകതവത്സല! രാമ! 1200