ഇത്തരമരുള്‍ചെയ്തു ഗംഗയും കടന്നവര്‍
സത്വരം ചെന്നു മിഥിലാപുരമകം പുക്കു.
മുനിനായകനായ കൗശികന്‍ വിശ്വാമിത്രന്‍
മുനിവാടംപ്രാപിച്ചിതെന്നതു കേട്ടനേരം
മനസി നിറഞ്ഞൊരു പരമാനന്ദത്തോടും
ജനകമഹീപതി സംഭ്രമസന്വിതം
പൂജാസാധനങ്ങളുമെടുത്തു ഭക്തിയോടു
മാചാര്യനോടുമൃഷിവാടംപ്രാപിച്ചനേരം
ആമോദപൂര്‍വ്വം പൂജിച്ചാചാരംപൂണ്ടുനിന്ന
രാമലക്ഷ്മണന്മാരെക്കാണാനായി നൃപേന്ദ്രനും
സൂര്യചന്ദ്രന്മാരെന്നപോലെ ഭൂപാലേശ്വര
നന്ദന്മാരെക്കണ്ടു ചോദിച്ചു നൃപേന്ദ്രനും:
‘കന്ദര്‍പ്പന്‍ കണ്ടു വന്ദിച്ചീടിന ജഗദേക
സുന്ദരന്മാരാമിവരാരെന്നു കേള്‍പ്പിക്കേണം.
നരനാരയണന്മാരാകിയ മൂര്‍ത്തികളോ
നരവീരാകാരം കൈക്കൊണ്ടു കാണായതിപേ്പാള്‍?’
വിശ്വാമിതനുമതു കേട്ടരുള്‍ചെയ്തീടിനാന്‍:
‘വിശ്വസിച്ചാലും മമ വാക്യം നീ നരപതേ!
വീരനാം ദശരഥന്‍!തന്നുടെ പുത്രന്മാരില്‍
ശ്രീരാമന്‍ ജ്യേഷ്ഠനിവന്‍ ലക്ഷ്മണന്‍ മൂന്നാമവന്‍.
എന്നുടെ യാഗം രക്ഷിച്ചീടുവാനിവരെ ഞാന്‍
ചെന്നു കൂട്ടിക്കൊണ്ടുപോന്നീടിനാനിതുകാലം.
കാടകംപുക്കനേരം വന്നൊരു നിശാചരി
താടകതന്‍നെയൊരു ബാണംകൊണ്ടെയ്തു കൊന്നാന്‍.
പേടിയും തീര്‍ന്നു സിദ്ധാശ്രമം പുക്കു യാഗ
മാടല്‍കൂടാതെ രക്ഷിച്ചീടിനാന്‍ വഴിപോലെ
ശ്രീപാദാംബുജരജഃസ്പൃഷ്ടികൊണ്ടഹല്യതന്‍
പാപവും നശിപ്പിച്ചു പാവനയാക്കീടിനാന്‍
പരമേശ്വരമായ ചാപത്തെക്കാണ്‍മാനുള്ളില്‍
പരമാഗ്രഹമുണ്ടു നീയതു കാട്ടിടേണം.’
ഇത്തരം വിശ്വാമിത്രന്‍തന്നുടെ വാക്യം കേട്ടു
സത്വരം ജനകനും പൂജിച്ചുവഴിപോലെ
സല്‍ക്കാരായോഗ്യന്മാരാം രജപുത്രന്മാരെക്ക
ണ്ടുള്‍ക്കുരുന്നിങ്കല്‍ പ്രീതി വര്‍ദ്ധിച്ച ജനകനും
തന്നുടെ സചിവനെ വിളിച്ചു നിയോഗിച്ചു
‘ചെന്നു നീ വരുത്തേണമീശ്വരനുടെ ചാപം”
എന്നതുകേട്ടു മന്ത്രിപ്രവരന്‍ നടകൊണ്ടാനന്നേരം

ജനകനും കൗശികനോടു ചൊന്നാന്‍:
‘രാജനന്ദനനായ ബാലകന്‍ രഘുവരന്‍
രാജീവലോചനന്‍ സുന്ദരന്‍ ദാശരഥി
വില്‌ളിതുകുലച്ചുടന്‍ വലിച്ചു മൂറിച്ചീടില്‍
വല്‌ളഭനിവന്‍ മമ നന്ദനയ്‌ക്കെന്നു നൂനം.”
‘എല്‌ളാമീശ്വരനെന്നേ ചൊല്‌ളാവിതെനിക്കിപേ്പാള്‍
വില്‌ളിഹ വരുത്തീടു”കെന്നരുള്‍ചെയ്തു മുനി.