അടന്തതാളം

“തവ വര വരബലം കൊണ്ടും
ഗുരുതരം ശരബലം കൊണ്ടും
പുനരവൻ കരബലം കൊണ്ടും
ഘരതരം ഹരിബലം കൊണ്ടും
ഹരിസുതൻ വരബലം കൊണ്ടും
വിരുതനായി വരുമതേ വേണ്ടു.”

ഇത്ഥം മുനികളുടെ സിദ്ധാന്തമെല്ലാം കേട്ടു
മുഗ്ദ്ധേന്ദുചൂഡൻ മൃദുമന്ദസ്മിതവും തൂകി
ഉത്തരമൊന്നവർകൾക്കുൾത്താപം തീരുവാനാ-
യത്രമാത്രമെങ്കിലുമൊന്നരുൾ ചെയ്തില്ലേതും;
“ചെറ്റും തിരുമനസ്സിൽ പറ്റുന്ന ഭാവമില്ല,
കുറ്റം വരാതെ കണ്ടു തെറ്റെന്നു പോക നല്ലു,
വമ്പുള്ള ഭൃംഗിരിടി വന്നു പുറത്തിറക്കും-
മുമ്പേ ഗമിച്ചുകൊൾകനല്ലൂ നമുക്കെന്ന”വർ
കുമ്പിട്ടു കൂപ്പിത്തിരുമുമ്പിൽനിന്നിങ്ങു പോന്നു;
വമ്പിച്ച താപസൻമാരെല്ലാരുമൊരുമിച്ചു
ചിന്തിച്ചുറച്ചവരും പാർവ്വതീദേവിയുടെ
അന്തികേ ചെന്നുനിന്നുണർത്തിച്ചു വൃത്താന്തങ്ങൾ;
“കുന്തീതനയനെത്രനാളുണ്ടു സേവിക്കുന്നു
നിന്തിരുവടിയേതും ബോധിച്ചില്ലയോ ദേവി!
ചെന്തീകണക്കവൻറെ ദേഹം ജ്വലിച്ചീടുന്നു
വെന്തീടുമാറായല്ലോ മൂന്നു ഭുവനങ്ങളും;
ഇന്നു മുനികൾ ഞങ്ങൾ ചെന്നങ്ങുണർത്തിച്ചിട്ടും
ഒന്നുമരുൾ ചെയ്യാഞ്ഞു പോന്നു ഞങ്ങളെല്ലാരും;
കുന്നിൻ മകളേ! നീ താൻ ചെന്നങ്ങുണർത്തിച്ചെന്നാൽ
നന്നായ് ഫലിക്കുമെന്നു തോന്നുന്നു ഞങ്ങൾക്കെല്ലാം;
തൃക്കണ്മുനകൾ കൊണ്ടു വക്കാണിക്കുന്നനേരം
മുക്കണ്ണൻ തമ്പുരാൻറെ മുഷ്കൊന്നു താണുപോകും;
ഇക്കണ്ട പുരുഷന്മാർ നെയ്ക്കുംഭം പോലെതന്നെ
മൈക്കണ്ണിമാരെല്ലാരും തീക്കട്ടയെന്നപോലെ;
ചൊൽക്കൊള്ളും വിദ്വാൻ മാരുരയ്ക്കുന്ന വാക്കിന്നുണ്ടോ
ഭോഷ്കായ് വരുന്നൂ നീയിളകാതിരുന്നാൽ പോരാ;

ശ്രോത്രപ്രിയം പറക മാത്രമല്ലിതു നിൻറെ
നേത്രപ്രസാദമതിമാത്രം പ്രസിദ്ധമല്ലോ;
നേത്രം മൂന്നുള്ളവൻറെ ഗാത്രം പാതി മേടിപ്പാൻ
പാത്രമായല്ലോ നീയും ഗോത്രാധിരാജപുത്രീ!”
എന്നതുകേട്ടു ഗിരിനന്ദിനി ഭഗവതി
മന്ദഹാസവും ചെയ്തു മന്ദമൊന്നരുൾ ചെയ്തു!

“ഇന്നു ഞാൻ മടിയാതെ ചന്ദ്രശേഖരനോട്
എല്ലാമുണർത്തിച്ചീടാമൊന്നൊഴിയാതെതന്നെ
എന്നാലറിയാമല്ലെൊ എന്നേ പറഞ്ഞുകൂടൂ
എന്നോടും കോപിച്ചെങ്കിൽ അന്നേരം മാറിപ്പോരാം”
എന്നരുൾ ചെയ്തു ദേവി ചെന്നു ഗിരീശൻ മുമ്പിൽ
വന്ദനം ചെയ്തു നിന്നാൾ മന്ദസ്മിതവും തൂകി.