ധർമ്മാത്മജസഹജൻ ചാടുമുരുട്ടി നടന്നതിവേഗാൽ
കാറ്റിൻമകനുടെ വരവായതുകണ്ടു മൃഗങ്ങളുമെല്ലാം
തെറ്റെന്നു ഭയപ്പെട്ടോടിയൊളിച്ചിതു കാടുകൾതോറും
ആനത്തലവന്മാർതങ്ങടെ വാലു പിടിച്ചു മറിച്ചും
ആനകളുടെ കൊമ്പു ടിച്ചുപൊടിച്ചു തകർത്തും
ഒട്ടല്ല മൃഗങ്ങളെയെല്ലാം കുത്തിക്കൊന്നു പുളച്ചും
കലശലുമതിഘോരമതങ്ങു തുടർന്നഥ കാടു കടന്നു.

കാരികതാളം

ദാരുണതരനാകിന മാരുതി ഭീമൻ
കാടു കടന്നു ബകനോടുമണഞ്ഞു
ഘോരനതാമവനുടെചാരെ കടന്നു
ഭീമനുടയ ഗർവ്വുകളേറെമുതിർന്നു;
ചെന്നുകടന്നഥ ചാടുമുറപ്പി-
ച്ചന്നമെടുത്തു ഭുജിച്ചു തുടങ്ങി:
ഒാരോ പിണ്‌ഡമുരുട്ടിയുമുണ്ടും
ഒന്നിടയിട്ടങ്ങസുരനെ നോക്കി
ഭുക്തികഴിച്ചഥ ഭുജവുമുയർത്തി-
ശ്ശത്രുനിശാചര മാടിവിളിച്ചും
“വാടാ! സകലനിശാചരമൂഢാ!
പോടാ! നിന്നുടെ ചോറും കറിയും
മൂഢാ! ഞാനിതു ഭക്ഷിക്കുന്നു
കോടാഹംകൃതി ഭീമൻ ധീമൻ;
കോളല്ലാത്ത നിനക്കു ചമച്ച ര-
സാളക്കറി പുനരെന്തിനുകൊള്ളാം
ചോളച്ചോറ്റിനു ചേനത്തൊലി കറി
നീളക്കേളി പഴഞ്ചൊല്ലിങ്ങനെ
നിച്ചിരിയാ നീ നമ്മുടെയിലയിൽ
എച്ചിലെടുപ്പാൻ വാടായിപ്പോൾ
അച്ചികൾ വേണ്ടും വേലയെടുത്താ-
ലെച്ചിച്ചോറൊരുതെല്ലുു ഭുജിക്കാം
ആണല്ലാത്തവനന്തണവരനുടെ
കാണം മുതലുകൾ തിന്നു മുടിച്ചു
പെണ്ണുങ്ങളെയും ബ്രാഹ്മണരേയുമി-
വണ്ണം വന്നും കൊന്നും തിന്നും
പൊണ്ണത്തടിയൻ മനുജന്മാരെ-
ക്കൊന്നു തിമിർത്തു നടക്കും നിന്നുടെ-
യുള്ളിലഹമ്മതിയുള്ളതു കളവാൻ
കൊല്ലാമേയിസ്സമയവുമിപ്പോൾ;”
ഭീമദ്വിജനുടെ വാക്കുകൾ കേട്ടതി-
രോഷത്തോടുപറഞ്ഞിതു ബകനും: