“അന്നമെനിക്കല്ലേ കൊണ്ടന്നതു
പൊണ്ണാ! വാരിത്തിന്നാതേ നീ;
എന്നൊടു വന്നിഹ നേർപ്പോരുണ്ട്;
എന്നതിലൊരുവരുമെന്നുടെ മുമ്പിൽ
നിന്നു പിണങ്ങീടുന്നവരില്ലാ;
ഇക്ഷിതിതലമതിൽ നമ്മേക്കാളൊരു
മുഷ്ക്കരനുണ്ടായ്‌വന്നതു കൊള്ളാം!
അന്നത്തേയും തിന്നുമുടിക്കും
നിന്നെയെടുത്തു വിഴുങ്ങുന്നേരം
എന്നുടെയുള്ളിൽ വിശപ്പും തീരും
നിന്നുടെ വിക്രമവിരുതും തീരും;”
എരിപുളി മധുരക്കറിയും കൂട്ടി-
പ്പരിചിനൊടങ്ങു ഭുജിച്ചിതു ഭീമൻ;
ഉണ്ടീലെന്നൊരു കോപത്തോടെ
പണ്ടേതിലുമൊന്നേറ്റമടുത്തു
വൃക്ഷം പിഴുതു പിടിച്ചിഹ ബകനും
തൽക്ഷണമെത്തിയടിച്ചുതുടങ്ങി;
ഘോരത പെരുകിന യുദ്ധംചെയ്തി-
ട്ടാറു ദിനങ്ങൾ കഴിഞ്ഞിതുപോലും!
ഭീമദ്വിജനുമടുത്തുപിടിച്ചതി-
രോഷത്തോടെയടിച്ചിതു ബകനെ
മാമലപോലെ മറിച്ചുടനവനെ
ഭൂമിയിലൻപോടിട്ടു നൃപേന്ദ്രേൻ;
ബകനുടെ ശവമതു നായും നരിയും
തരസാവന്നു ഭജിച്ചുതുടങ്ങി;
ഗ്രാമജനങ്ങൾ പറഞ്ഞിതു: “നമ്മുടെ
ഭീമബ്രാഹ്മണനെങ്ങാനുണ്ടോ?”
“ഭീമബ്രാഹ്മണനെന്നുള്ളാളുടെ
നാമംമാത്രം ഭുവി ശേഷിച്ചു;”
അപ്പോൾ വന്നൊരു വിപ്രൻ ചൊന്നാൻ:
“അപ്പോയാളു തിരിച്ചുവരുന്നു;”
“എന്നാലായാൾ ബകനുടെ മുമ്പിൽ
ചെന്നില്ലെന്നു തെളിച്ചും ചൊല്ലാം;”
“എന്നല്ലായാൾ ബകനെത്തല്ലി-
ക്കൊന്നെന്നും ചിലർ ചൊല്ലുന്നുണ്ട്:”
എന്നു പറഞ്ഞവർ മേവുന്നേരം
വന്നിതു ഭീമദ്വിജനവിടപ്പോൾ;
ഗ്രാമജനങ്ങൾ പ്രസാദിച്ചവനേ
നലമൊടു ഗാഢാശ്ലേഷംചെയ്തു;
അൻപും ബഹുമാനവുമുൾക്കൊണ്ട്
തമ്പികളും പരമാനന്ദിച്ചു
“നന്മനിനക്കിഹ മേന്മേൽ വരു” മെ-
ന്നമ്മയുമഗ്രജനും വരമേകി
മോദംവന്നു മഹാബ്രാഹ്മണരനു-
വാദവുമേകി സുഖിച്ചു വസിച്ചു

 

ബകവധം ഓട്ടന്‍തുള്ളല്‍ സമാപ്തം