“അയ്യോ! ശിവ ശിവ! ജനനീ! നീയിതു
ചെയ്യണമെന്നല്ലുരചെയ്യുന്നതു
ശിവ ശിവ! നിന്നുടെ മക്കളിലൊരുവനെ
ബകനിഹ തിന്മാൻ നല്കണമെന്ന്
അഭിരുചിയെന്നുടെമനസ്സിലിദാനീം
നഹി നഹി മഹിതഗുണാലയഭൂഷണി;
അച്ഛൻതന്നാണിങ്ങനെയൊരുവക-
യിച്ഛിച്ചല്ലാ ‍ഞാൻ പറയുന്നത്
അങ്ങോൻ ജനനിക്കങ്ങോൻ പിന്നെ
അന്യമൊരാശ്രയമില്ലിഹ ഭുവനേ
ഇങ്ങു സുതന്മാർ നാലഞ്ചുണ്ടവർ-
തങ്ങൾക്കീശ്വരഭക്തിയുമുണ്ട്
ഇങ്ങനെയുള്ളേടത്തുതകാഞ്ഞാ-
ലെങ്ങുമവർക്കൊരു സുഖമാവില്ലാ
മക്കളിലൊരുവനു തെല്ലു കരുത്തു-
ണ്ടവനെയയയ്ക്കാമെന്നൊരു പക്ഷം;
അവനെയയച്ചാലവനിഹ പിന്നെ
ബകനെക്കാലചെയ്‌വാനും പോരും
അല്ലെന്നാകിലവന്നുടെ മേനി-
യ്ക്കല്ലൽ വരാതെ തരിച്ചിഹ പോരും;
എരിപുളിമധുരക്കറിയും ചോറും
പരിചൊ‌ടു വെച്ചു ചമയ്ക്കേ വേണ്ടു;
ഇറുപത്തഞ്ചുപറച്ചോർ വയ്പാ-
നിരുവരുകൂടാതങ്ങെളുതാമോ?
ചെമ്പു പിടിച്ചിഹ വയ്പാൻ നമ്മുടെ
നമ്പൂര്യച്ഛൻ താനേ മതിയോ?
അന്തർജ്ജനവും ഞാനുംകൂടി
സന്ധിച്ചിങ്ങനെ സാധിപ്പിക്കാം.”
അന്തണവരരും സന്തോഷിച്ചു
കുന്തീദേവിയെ യാത്രയുമാക്കി ;
അച്യുതഭഗവാൻ തന്നുടെ സാക്ഷാ-
ലച്ഛൻ പെങ്ങളെതാകിയ കുന്തി
വിടുതിയിലുടെ ചെന്നഥ സുതനേ
ഝടിതിവിളിച്ചു പറഞ്ഞിതു ഗൂഢം: