ബകവധം (തുള്ളല്‍ കഥ)
രണ്ടോ നാലോ മാസത്തിനക-
ത്തുണ്ടായ്‍വരുമഗ്രജനുടെ വേളി
എന്നാലുടനേ നിന്നുടെ വാഞ്ഛിത-
മങ്ങു ലഭിക്കും അംബുജനയനേ!
പോന്നാലും നീ നമ്മൊടുകൂടി ന-
ടന്നാലായതു മംഗലമധികം.”
എന്നു പറഞ്ഞവൾ കൈക്കു പിടിച്ചു പു-
ണർന്നുടനങ്ങു നടന്നു തുടങ്ങീ;
മകളെപ്പോലേ ലാളനവും ചെ-
യ്തകളങ്കാമലഹൃദയാ കുന്തീ
ശാലിഹോത്രിയെന്നുള്ള മഹാവ്രത-
ശാലി വാഴുമദ്ദിക്കിനു ചെന്നു;
ഭിക്ഷയേറ്റു നടമാടിന സമയേ
ഭിക്ഷുവാകിന പരാശരസുതമുനി
തൽക്ഷണം വെളിയിൽ വന്നു വിളങ്ങി
ഭിക്ഷനൽകിയരുൾചെയ്തു സമോദം:
“ശോകമെന്നതു വൃഥാ ഫലമല്ലോ
പാകശാസനസമാന നരേന്ദ്രാ!
ഏകചക്രയെന്നുണ്ടൊരു ഗ്രാമ മ-
നേക ഭൂസുരഗൃഹങ്ങളുമുണ്ട്
തത്ര ചെന്നു ബത ഭിക്ഷയുമേറ്റു പ-
വിത്രവൃത്തി സുഖമോടു കഴിപ്പിൻ
ശത്രു ചെയ്ത ചതിതന്നെ ഭവാന്മാർ-
ക്കെത്രയും ഗുണമതായ് വരുമല്ലോ;
ഭീമസേനനു ഹിഡിംബിയെ വേൾപ്പാൻ
താമസേ കിമപി ദോഷവുമില്ലാ
നാമവും കമലപാലികയെന്ന-
ക്കാമിനിക്കു പരികല്‌പിതമല്ലോ”
ജാതതാപസകുലേശ്വനിത്ഥം
ജാതമോദമരുൾചെയ്തു മറഞ്ഞു
ഭീമനും കമലപാലികതന്നുടെ
കാമമൻപിനൊടു ചെയ്തതിമോദാൽ;
Leave a Reply