ചക്രായുധപ്രിയന്മാരാകും പാർത്ഥന്മാരേക-
ചക്രാഖ്യദേശത്തെ പ്രവേശിച്ചോരാനന്തരം
കുന്തീപുത്രന്മാർ വിപ്രവേഷം ധരിച്ചുകൊണ്ടു
സന്തോഷത്തോടെയവർ ഭിക്ഷയുമേറ്റുകൊണ്ടു
നല്ലോരു ലൌകികമതുള്ളോരു ഭൂസുരന്റെ
ഇല്ലത്തു വാസംചെയ്തു ചെല്ലുന്ന കാലത്തിങ്കൽ

തത്ര സമീപത്തുള്ളൊരു ഭൂസുര-
സത്തമനുടെ ഭവനത്തിലൊരുന്നാൾ
എത്രയുമേറ്റം വാച്ചൊരു നിലവിളി
രാത്രിയിലവിടെക്കേട്ടുതുടങ്ങി;‌
എന്തീവണ്ണമൊരന്തണവരനും
അന്തർജ്ജനവും ദാസികളും ബഹു
സന്താപിച്ചു കരഞ്ഞീടുന്നൊരു
ബന്ധമതെന്നെന്നുണ്ടായില്ല;
കുന്തീദേവി തിരഞ്ഞു തിരഞ്ഞഥ
സന്ധ്യാസമയേ ചെന്നുകരേറി
അന്തഃപുരമതിലാശു കടന്നി-
ട്ടന്തികസീമനി ചെല്ലുന്നേരം
മുണ്ടു വിരിച്ചു ശയിക്കും ദ്വിജനെ-
ക്കണ്ടുടനരികേ ചെന്നിതു കുന്തി
അന്തസ്താപം പൂണ്ടു പതുക്കെ
ചോദ്യംചെയ്തിതു കുന്തീദേവി:
“എന്തീവണ്ണമൊരന്തണവരനും
അന്തർജ്ജനവും വൃഷളീജനവും
അന്തിക്കിങ്ങനെ മുറയിടുവാനൊരു
ബന്ധമതെന്നൊടു കേൾപ്പിക്കേണം;