ധരണീദേവി! കേട്ടാലും നീ ദുരിതമയ്യോ! ദുര്യോഗമേ
മരണഭീതികൊണ്ടല്ല ഞാനുരചെയ്തീടുന്നു
മമ ഗൃഹത്തിൽ ഞാനുമെന്റെ മഹിഷിയും മാത്രമേയുള്ളു
മമ വിനാശം വന്നുപോയാൽ വംശമേ പോയി
സന്തതിയില്ലാ‍ഞ്ഞു ലോകേ സന്താപംകൊണ്ടോരോ കർമ്മം
അന്തണർ കഴിച്ചീടുന്നു കുന്തീദേവി! കേട്ടാലും നീ
ഇപ്പോൾ നമ്മുടെ ഭാര്യയ്ക്കു ഗർഭമെട്ടു മാസമായി
അർഭകനുണ്ടാമെന്നൊരു ശങ്ക തോന്നുന്നു
മകനുണ്ടായിക്കാണുവോളം ബകനുണ്ടോ പാർത്തിരിക്കുന്നു?
ശകടത്തിന്റെ ശബ്ദം പാർത്തങ്ങിരിക്കുന്നു മൂ‍ഡൻ
അംബികേ! ഞാനെന്തുവേണ്ടു ജന്മദേഷംകണ്ടോരോരോ
കർമ്മദോഷം വന്നുപോയാൽ കരഞ്ഞാൽമാറുമോ!”

അന്തണവരനുടെ സന്താപമെല്ലാം കേട്ടു
ചിന്താവിഷാദത്തോടെ കുന്തീദേവിയും ചൊന്നാൾ:
“വേദിയശ്രേഷ്ഠാ! ഭവാൻ ഖേദിക്കവേണ്ട ചെറ്റും
ഖേദിക്കുന്നന്തേ പാഴിൽ മോദിച്ചു വാണുകൊൾക;
നാലഞ്ചു മക്കളിനിക്കുണ്ടിപ്പോളതിലൊരു
ബാലനേത്തരുന്നുണ്ടു കാലന്നു കാഴ്ചവെപ്പാൻ;
പത്തുമാസം ചുമന്നു പെറ്റു വളർത്ത ഫലം
മുറ്റം വരേണമെങ്കിൽ മറ്റുള്ള ജനങ്ങൾക്കു
കുറ്റം വരാതെകണ്ടു കറവുകൾ തീർത്തേ തീരു
മക്കളുണ്ടായിവന്നാൽ മതാക്കൾക്കെല്ലോ സുഖം.”