“ഉണ്ണീ! വരിക ഭീമാ! ഭൂമിസുരേന്ദ്രൻതന്റെ
കണ്ണുനീർ കണ്ടിനിക്കു കരച്ചിൽ മാറുന്നില്ലയ്യോ!
ക്ഷീണത്വം പെരുത്തോരു ക്ഷിതിസുരനവനുടെ-
പ്രാണനെ രക്ഷിക്കേണം പവനനന്ദനാ! കേൾ നീ
അങ്ങേക്കൂറ്റില്ലാത്തെരു അവനീസുരനേയുള്ളൂ
അങ്ങോന്റെ ജനനിയുമന്തർജ്ജനവുമുണ്ട്
അദ്ദേഹം വേണമിന്ന് അരക്കനു ചോർ കൊടുപ്പാൻ
ബന്ധുക്കളാരുമില്ല ബകനു ചോർ കൊണ്ടുപോവാൻ
അന്തണനതുകൊണ്ടു വിവശനായ് മേവീടുന്നു:
സന്താപമതു കണ്ടു സഹിയാഞ്ഞു ഞാനും ചൊന്നേൻ
കുന്തിയാകുമെനിക്കു കുഞ്ഞുങ്ങൾ നാലഞ്ചുണ്ട്
ആയതിലൊരുത്തനെ അയയ്ക്കുന്നുണ്ടിപ്പോൾത്തന്നെ
ആയവനരക്കനാ അന്നവും കൊണ്ടുപോകും
ഊഴിസുരേശനൊരു കാരുണ്യം ചെയ്തുവെങ്കിൽ
പാഴിലാകയുമില്ലാ പരിചിലനുഗ്രഹിക്കും
എങ്ങനെ വേണ്ടു ഭീമാ എളുതാമോ നിനക്കത്?”

അമ്മ പറഞ്ഞതിനുത്തരമൊന്നു
ചിരിച്ചു പറഞ്ഞു വൃകോദരവീരൻ:
“അമ്മേ! നിങ്ങൾ പരഞ്ഞതിനർത്ഥം
ചെമ്മേ ഞാനറിയുന്നിതു നൂനം:
എെവർ സുതന്മാരുള്ളതിലിവനൊരു
ദൈവതയില്ലാതുള്ള മനുഷ്യൻ
തിന്മാനല്ലാതൊന്നിനു കൊല്ലരു-
തിമ്മാപാപിയെ ബകനു ഭുജിപ്പാൻ
സമ്മാനിച്ചാലിന്നിതു കൊള്ളാം
നമ്മൾക്കൊരു കെടുകാര്യവുമില്ല
മറ്റുള്ളനുജന്മാർക്കും ജ്യേഷ്ഠനും
കൊറ്റിനു പിന്നെയലമ്പലുമില്ലാ.
കുറ്റവുമല്ലിതു മാതാവിനു താൻ
പെറ്റ കുമാരന്മാരിലൊടുക്കം
പെറ്റവനിൽക്കനിവേറും, ജനകനു
മൂത്തവനിൽക്കനിവെന്നു പ്രസിദ്ധം;