നടുവിൽ പെറ്റു പിറന്നൊരു പൊണ്ണ-
ത്തടിയനെയിപ്പോളാർക്കും വേണ്ടാ;
അടിയനു കാലപുരത്തിനു പോവാൻ
മടികൊണ്ടല്ലാ ഉരചെയ്യുന്നത്
പെറ്റുവളർത്തൊരു മാതാവിങ്ങനെ
മുറ്റും നമ്മെയുപേക്ഷിക്കുമ്പോൾ
മറ്റുള്ളനുജന്മാർക്കും ജ്യേഷ്ഠനും
മുറ്റും ക‍ൃപയുണ്ടെന്നറിയേണം;
മലവും മുത്രവുമുറ്റി വളർത്തൊരു
മാതാവിന്നുടെ കല്പനകേൾപ്പാൻ
മടിയുണ്ടോയിനി വിരവൊടു ചെന്നാ
ബകനുടെ വായിൽ പുക്കു വസിക്കാം;
വലുയാതിട്ടൊരു സർപ്പം വന്നഥ
പുരമുറിതന്നിലകത്തു കടന്നു
പെരുവഴിപോക്കനുമവിടേക്കെത്തി;
തരമിതു കൊള്ളാമിവനെക്കേറ്റി
പാമ്പിനെയങ്ങു പിടിപ്പിക്കേണം
പാമ്പതു ചത്തെന്നാലും കൊള്ളാം
പാന്ഥൻ ചത്തെന്നാലും കൊള്ളാം
പാപം പെരുവഴിപോക്കനിരിക്കും;
ഇങ്ങനെയുള്ളൊരു കൌശലമിപ്പോൾ
നിങ്ങളുമങ്ങു വിചാരിക്കുന്നു;”മകനേ!
എന്തീവക പരിഹാസമിദാനീം
എന്നുള്ളത്തിലുറപ്പുണ്ടായിതു-
മെന്നുണ്ണിക്കറിവാനെളുതായോ?
ഉദ്ധതനായ ഹിഡിംബാസുരനെ
യുദ്ധംചെയ്തുടനവനെ ജയിച്ചൊരു
വീരാ! നീയിബ്ബകനെ വധിപ്പാൻ
പോരാത്തവനോ പവനതനൂജ!
വിപ്രദ്രോഹിയതാകിയ ബകനെ
ക്ഷിപ്രം ചെന്നു വധിപ്പിനി മേലിൽ
വിപ്രന്മാരെപ്പരിപാലിച്ചാ-
ലൽപവുമല്ല നമുക്കും സുകൃതം.”

 

ചമ്പതാളം