തദനു നിജ ജനനിയുടെ വചനമതു കേട്ടുടൻ
താണുതൊഴുതു പറഞ്ഞു വൃകോദരൻ
“കളിവചനമിതു ജനനി! കനിവൊടു പൊറുക്കണം
കാര്യബോധം നമുക്കില്ലായ്കയല്ലെടോ!
കനിവിനൊടു ബകനുടയ വധമതു കഴിച്ചു ഞാൻ
വിപ്രദേശത്തിന്റെ രക്ഷവരുത്തുവൻ.”
ഇതി തൊഴുതു പവനസുതനഴകിനൊടുകൂടവേ
ഇല്ലത്തുചെന്നു കേറിപ്പറഞ്ഞീടിനാൻ:
“അതിചപല ദുരിതമതിയാകും ബകനു ഞാൻ
അന്നവുംകൊണ്ടു പോവാനിഹ വന്നുതേ
അതിനിവിടെയുചിതതര ധവളരുചിയന്നവും
നാലഞ്ചു കുംഭം നിറച്ചു രസാളവും
പോത്തു നാലും നല്ല ചാടും കണക്കിനേ
കൊണ്ടുവന്നീടുവിനന്തണശ്രേഷ്ഠരേ!”
വിരവിനൊടു പവനസുതഭാഷിതം കേട്ടുതൻ
ആരണശ്രേഷ്ഠനും കോപ്പൂകൂട്ടീടീനാൻ.

അന്നമതൊക്കെച്ചാടതിലേറ്റി-
ക്കന്നുകൾ നാലും പൂട്ടിക്കെട്ടി
അന്തണവരനൊടു യാത്രയുമുടനേ
ആദരവോടു പറഞ്ഞു തിരിച്ചു.

കാടും മലകളുടെ മൂടും കടന്നുചെന്നു
ചാടും കരടികളെ ഒാടിച്ചു വിരവോടെ
പേടി കൂടാതെ തല്ലി മണ്ടിച്ചു ഭീമസേനൻ
വൻപുള്ള ഭീമസേനൻ കൊമ്പൻകൊലയാനേടെ
കൊമ്പു പിടിച്ചൊടിച്ചു കമ്പം വരുത്തുകയും
എന്തൊരു ഘോഷമിന്നങ്ങന്തികേ കേൾക്കാകുന്നു
ചിന്തിച്ചു ബകാസുരൻ ചന്തത്തിൽ വസിക്കുമ്പോൾ
അടിച്ചും ആനകൾവാലു പിടിച്ചും ആടോപമോടു
ചൊടിച്ചും ബകന്റെ ദിക്കിൽ ഗമിച്ചു; അങ്ങതുനേരം.

മര്‍മ്മളതാളം