പതിനേഴാം അഷ്ടപദി ഭാഷ

മലഹരി അടന്ത

രാത്രിയിലൊരുത്തിയുമായി രമിച്ചനു
രാഗജാഗരകഷായിതമായിരിക്കും
നേത്രവും വഹിച്ചു സൗഭാഗ്യം കാട്ടുവാനെന്റെ
നേരെ വന്നു നില്പാനിന്നൊരു ചൊല്ലി കൃഷ്ണാ
പോക കേശവ വല്ലേടത്തും നീ
കോകകാമിനിയല്ല ഞാന്‍ ഭവാന്‍
രാ കഴിയുമ്പോള്‍ പോന്നുവന്നീടുവാന്‍ ചക്ര
വാകവുമല്ലെന്നു വഴിയേ ധരിച്ചാലും (പോക…)

ഉറക്കവുമിളച്ചന്യനയന കജ്ജളംകൊണ്ടു
കറുക്കപ്പെട്ടിരിക്കുന്നൊരധരത്തെത്തന്റെ
നിറത്തിനനുരൂപമാക്കിക്കൊണ്ടിഹ വന്നു
നിരര്‍ത്ഥമാംവണ്ണം നില്‍പ്പാനൊരുചൊല്ലീ (പോക…)

നവങ്ങളാം നഖവ്രണങ്ങളെക്കൊണ്ടങ്കിതമായ
തവ വസുസ്സവളുടെ രതിപാരവശ്യം
വിവരണം ചെയ്യുന്നു ശിവശിവ ജീവനുള്ള ഈ
ശവത്തിനിന്നിതൊക്കെയും കാണാമാറായല്ലോ (പോക…)

ഹന്ത തവാധരത്തിങ്കലകപ്പെട്ട
ദന്തവ്രണംകണ്ടിനിക്കെത്രയും
സന്താപമേറുന്നു മുറിവെന്‍മുഖമായ
ചെന്തളിരിന്മേലില്ലായ്ക മുഖം (പോക…)

കറുപ്പേറും ശരീരത്തേപ്പോലെ നിന്റെ മനസ്സും
കറുത്തിരിക്കുന്നുവെന്നവസ്ഥയാ തോന്നി
വരുത്തിയ മാനിനിമാരെയെല്ലാം
പുറത്താക്കിച്ചമച്ചേച്ചുപോമോ മറ്റാരാന്‍ (പോക…)

വഞ്ചിച്ചു മാനേലുംമിഴിമാരെ വധിപ്പാന്‍
സഞ്ചരിക്കുന്നു ഭവാന്‍ വനംതോറും
കിഞ്ചന മുലതന്ന പൂതനയെത്തന്നെ
പഞ്ചതയെ നയിച്ചില്ലേ നീ ബാല്യേ (പോക…)

നമ്പിയ നാരിയുടെ കയ്യിലിഴുകിയ
ചെമ്പഞ്ചിച്ചാറുനീര്‍ മാറത്തിപ്പോഴും
അമ്പോടകത്തുള്ള മാരമരത്തിന്റെ
കൊമ്പുതളിര്‍ത്തോണം കാണപ്പെടുന്നു (പോക…)

കേള്‍ക്ക വിദ്വാന്മാരേ ജയദേവന്‍ വര്‍ണ്ണിച്ച
കേശവവഞ്ചിത ഖണ്ഡിതസ്ത്രീയുടെ
നാക്കുമ്മേന്നുദിച്ച വിലാപം നിങ്ങള്‍ക്കൊരു
നാളും ഭവതാപം ഭവിക്കയില്ലാര്‍ക്കും (പോക…)

ശ്ലോകം

തവേദം പശ്യന്ത്യാഃ പ്രസരദനുരാഗം ബഹിരിവ
പ്രയാപാദാലക്തഛുരിതമരുണദ്യോതി ഹൃദയം ്യു
മമാദ്യ പ്രഖ്യാതപ്രണയഭരഭംഗേന കിതവ
ത്വദാലോകശ്ശോകാദപി കിമപി ലജ്ജാംജനയതി ്യു്യു

അന്തര്‍മ്മോഹനമൗലി ഘൂര്‍ണ്ണനചലന്മന്ദാര വിസ്രംസന
സ്തബ്ധാകര്‍ഷണലോചനോത്സവമഹാമന്ത്രഃ കുരംഗീദൃശാം ്യു
ദൃപ്യദ്ദാനവദൂയമാനദിവിഷദ്ദുര്‍വ്വാരദുര്‍വ്വേദനാ
ദ്ധ്വംസഃകംസരിപോഃപ്രരോപയതുവഃശ്രേയാംസി വംശീരവ ്യു്യു