ചെറുകഥ

ചെറുകഥ, നോവൽ, നാടകം, ഉപന്യാസം മുതലായ ഇതര സാഹിത്യശാഖകളിലും കവികളുടെ ഇതേ രോഗംതന്നെ പകർന്നിട്ടുള്ളതായി കാണാം. ഇന്നത്തെ പത്രമാസികകളിൽ കാണുന്ന ചെറുകഥകളിൽ ഭൂരിഭാഗവും വെറും അനുകരണങ്ങളാണ്; ചിലതെല്ലാം സ്വതന്ത്ര തർജ്ജിമകൾതന്നെയാണ്; എന്നിരുന്നാലും അവയുടെ മുകളിൽ പേർ വച്ചിരിക്കുന്നവർ അക്കാര്യമൊന്നും സൂചിപ്പിച്ചുകാണാറില്ല. ശ്രീമാൻ എസ്. കെ. പൊറ്റെക്കാട്ട് ഈ സംഗതി വിശദപ്പെടുത്തിക്കൊണ്ട് ഒരു ലേഖനം, നവജീവനിലാണെന്നു തോന്നുന്നു, പ്രസിദ്ധപ്പെടുത്തിയിരുന്നത്, ഞാൻ വായിക്കുകയുണ്ടായി.

ശ്രീമാൻ വക്കം എം. അബ്ദുൽക്കാദർ മലയാളത്തിലെ ‘നാലു കഥാകൃത്തുകൾ’ എന്ന പേരിൽ നവജീവൻ വാരികയിൽ തുടർച്ചയായി പ്രസിദ്ധപ്പെടുത്തിയ ഒരു നീണ്ട ലേഖനം എന്റെ ശ്രദ്ധയെ അത്യന്തം ആകർഷിച്ചിട്ടുള്ള ഒന്നാണ്. അദ്ദേഹത്തിന്റെ അഭിപ്രായങ്ങളിൽ മിക്കതിനോടും ഞാൻ യോജിക്കുന്നു. മലയാളത്തിൽ മറ്റു സാഹിത്യവിഭാഗങ്ങളെ അപേക്ഷിച്ച് ഏറ്റവും ഭാസുരമായ ഒരു വികാസദശയെ പ്രാപിച്ചിട്ടുള്ള സാഹിത്യശാഖ ‘ചെറുകഥ’യാണ്.