ചില തർജ്ജിമകൾ

ഹാസ്‌ലിറ്റിനെപ്പോലെ, ഒരു വിഷയത്തെ അധികരിച്ചു പ്രസ്താവിച്ചുകൊണ്ടുവന്ന അവസരത്തിൽ ഒരു വലിയ ശാഖാചംക്രമണത്തിനു ഞാനും അധീനനായിപ്പോയി. നമുക്കു പരിഭാഷയിലേക്കുതന്നെ മടങ്ങുക.

ബ്രൗണിങ്ങിന്റെ കൃതികൾ മലയാളത്തിലേക്കു വിവർത്തനം ചെയ്യുവാൻ വലിയ വിഷമമുണ്ടെന്നു ഞാൻ സൂചിപ്പിച്ചുവല്ലോ. ശ്രീമാന്മാരായ നാലപ്പാട്ടു നാരായണമേനോൻ, ജി. ശങ്കരക്കുറുപ്പ് തുടങ്ങിയ കവികൾ ഈ വിഷയത്തിൽ ശ്രമിക്കുമെങ്കിൽ കൈരളിക്കു വലിയ സഹായമായിരിക്കും. ഈ രണ്ടു കവികളുടെ പേർ പ്രത്യേകം ചൂണ്ടിക്കാണിച്ചത് അവർ വർത്തമാനവിഷയത്തിൽ മറ്റെല്ലാരെയുംകാൾ മികച്ചുനിൽക്കുന്നതുകൊണ്ടാണ്. സ്വതഃസിദ്ധമായ അപ്രഹിതമായ പ്രതിഭാവിലാസവും കവിതാവാസനയും സവിശേഷം കളിയാടുന്നവർവേണം വിവർത്തനത്തിനും ഒരുമ്പെടുവാൻ. പലയിടങ്ങളിലും വലിയ ക്ലിഷ്ടത കണ്ടെക്കാമെങ്കിലും നാലപ്പാടന്റെ ‘പൗരസ്ത്യദീപ’വും (Light of Asia by Edwin Arnold) ശങ്കരക്കുറുപ്പിന്റെ ‘വിലാസലഹരി’യും (Rubaiyat of Omer Khayyam) ഇതിനു പ്രത്യേകം സാക്ഷ്യം വഹിക്കുന്നു. മിസ്റ്റർ കുറുപ്പ് ഉമാറിന്റെ കാവ്യം കുറച്ചുകൂടി നിഷ്കർഷിച്ചു പഠിക്കുകയും, തർജ്ജിമയിൽ കൂടുതൽ ശ്രദ്ധപതിപ്പിക്കുകയും ചെയ്തിരുന്നുവെങ്കിൽ വിലാസലഹരിയുടെ ഇന്നു കാണുന്ന വിലാസവായ്പിന് ഇതിലും മാറ്റുകൂടിയേനേ എന്നാണ് എനിക്കു തോന്നുന്നത്. റൂബായ് യാത്തിന്റെ വിവർത്തനത്തെക്കാൾ ഫാഫിസ്സിന്റെ ചില കൃതികൾ അദ്ദേഹം പരിഭാഷപ്പെടുത്തിയിട്ടുള്ളത് കൂടുതൽ കമനീയമായിരിക്കുന്നു.

പനിനീർപ്പൂവാലെന്റെ
മാറിടം സുമാകീർണ്ണം
തനിമുന്തിരിച്ചാറാൽ
പാനഭാജനം പൂർണ്ണം
(സൂര്യകാന്തി-ശങ്കരക്കുറുപ്പ്)

എന്നിങ്ങനെ അർത്ഥപുഷ്ടിയും ശബ്ദസൗകുമാര്യവും ഒരുമിച്ചു സമ്മേളിച്ച് ആശയത്തിനു ക്ഷതം സംഭവിക്കാതെ ആകർഷകമായിത്തീർന്നിട്ടുള്ള പരിഭാഷാരൂപങ്ങൾ മലയാളത്തിൽ വേറെ ഇല്ലെന്നുതന്നെ പറയാം. വളരെ നിഷ്കർഷിച്ചു നടത്തിയ ഒരു താരതമ്യപഠനത്തിനുശേഷം എനിക്കുണ്ടായിട്ടുള്ള ഒരഭിപ്രായമാണിത്. ഹാഫിസ്സിന്റെ കൃതികളെല്ലാം പഠിക്കുവാൻ എനിക്കു സൗകര്യം ലഭിച്ചത് അടുത്തകാലത്താണ്. ഇംഗ്ലീഷിലേക്കു പലരും ആ മഹാകവിയുടെ കൃതികൾ പരിഭാഷപ്പെടുത്തിയിട്ടുണ്ടെങ്കിലും അവയിൽ മിസ് ഗർട്റൂഡ് ബെല്ലിന്റെ കൃതികൾക്കാണ് ആംഗലസാഹിത്യത്തിൽ പ്രഥമസ്ഥാനം സിദ്ധിച്ചിട്ടുള്ളത്. ഹാഫിസ്സിന്റെ കൃതികളിൽ തന്നെ, വിവർത്തനത്തിന് ഏറ്റവും എളുപ്പമായിട്ടുള്ളതും രണ്ടാം കിടയിൽപ്പെട്ടിട്ടുള്ളതുമായ നാലഞ്ചു ലഘുപദ്യങ്ങൾ മാത്രമേ മിസ്റ്റർ കുറുപ്പും തർജ്ജിമചെയ്തു കാണുന്നുള്ളു.