സുധാംഗദ (ഖണ്ഡകാവ്യം)
‘നിർവൃതി’
ബ്രൗണിങ്ങിന്റെ കൃതികൾ പരിഭാഷപ്പെടുത്തുമ്പോൾ കുറച്ചധികം സ്വാതന്ത്ര്യം എടുക്കേണ്ടതായിവരും. ‘ഒന്നിച്ചുചേർന്നുള്ള ഒടുവിലത്തെ കുതിരസ്സവാരി’ (The Last Ride Together) എന്ന അദ്ദേഹത്തിന്റെ ഒരു ഉത്തമ നാടകീയസ്വയോക്തി (Dramatic Monologue), ‘നിർവൃതി’ എന്ന പേരിൽ വിവർത്തനം ചെയ്ത് ഞാൻ ‘സഹൃദയ’യിൽ പ്രസിദ്ധീകരിക്കുകയുണ്ടായി. മലയാളത്തിൽ ആവിർഭവിച്ചിട്ടുള്ള ബ്രൗണിങ്ങിന്റെ ആദ്യത്തെ കൃതി ഇതാണെന്നു തോന്നുന്നു. ആംഗലസാഹിത്യത്തിലും ഭാഷാസാഹിത്യത്തിലും ഒന്നുമ്പോലെ പ്രാവീണ്യം സമ്പാദിച്ചിട്ടുള്ള പലേ സുഹൃത്തുക്കളും തദ്വിഷത്തിൽ, ആ പ്രസിദ്ധീകരണത്തിനുശേഷം, എനിക്കു നല്കിയിട്ടുള്ള പ്രോത്സാഹനങ്ങളും അനുമോദനങ്ങളും ബ്രൗണിങ് കൃതികളുമായി കൂടുതൽ അടുക്കുവാൻ എനിക്കു പ്രേരകമായിത്തീർന്നിട്ടുണ്ട്. Andrea Del Sarto, Rabi Ben Ezra, Grammarian’s Funeral, Fra Lippo Lippi തുടങ്ങിയ അദ്ദേഹത്തിന്റെ കൃതികൾ അടുത്തുതന്നെ പ്രസിദ്ധപ്പെടുത്തണമെന്നു ഞാൻ വിചാരിക്കുന്നു.
അനുകരണങ്ങൾ
ഭാഷാപോഷണത്തിൽ, വിവർത്തനത്തിന് ഒരു വലിയ പങ്കുണ്ടെന്നുള്ളതിൽ സംശയമില്ല. മലയാളഭാഷയിൽ, സ്വതന്ത്രങ്ങളെന്നു പറയാവുന്ന കൃതികൾ വളരെ കുറച്ചുമാത്രമേയുള്ളു. ബാക്കിയുള്ളതെല്ലാം വിവർത്തനങ്ങളല്ല, മറ്റു കൃതികളുടെ ഛായയിൽ നിന്നുകൊണ്ടു നിർമ്മിച്ചുവിടുന്ന വികൃതങ്ങളും നിർജ്ജീവങ്ങളുമായ വെറും അനുകരണരൂപങ്ങൾ മാത്രമാണ്. ഉദാഹരണമായി നോവൽ, നാടകം മുതലായ സാഹിത്യശാഖകൾ എടുത്തു പരിശോധിച്ചു നോക്കുക. മിസ്റ്റർ ചന്തു മേനവന്റെയും, സി.വി. രാമൻപിള്ളയുടെയും ഏതാനും ആഖ്യായികകളെ ഒഴിച്ചു നിർത്തിയാൽ പിന്നെ കൈരളിക്കു സ്വന്തമെന്നഭിമാനിക്കത്തക്ക ഒരൊറ്റ നോവൽപോലും ഉണ്ടെന്ന് ഞാൻ വിചാരിക്കുന്നില്ല. മലയാളത്തിൽ ഒരു സ്വതന്ത്രനാടകകർത്താവിന്റെ പേർ പറയാൻ ആവശ്യപ്പെട്ടാൽ ഞാൻ മിഴിച്ചുനിന്നുപോകും. അടുത്തകാലത്ത് ഈ.വി., കൈനിക്കര, കെ. രാമകൃഷ്ണപിള്ള തുടങ്ങിയ ചിലർ നാടകവിഷയത്തിലേക്ക് ശ്രദ്ധയെ തിരിച്ചുവിട്ടതായിക്കാണാം. എഡ്‌വിൻ മഡലൈൻ തുടങ്ങിയ സായിപ്പന്മാരും മദാമ്മമാരും, കരുണാകരൻനായരും കമലാക്ഷിയമ്മയും മറ്റുമായി വേഷമാറി വന്നു കാട്ടിക്കൂട്ടുന്ന വേതാളകോലാഹലങ്ങളാണ് നോവൽസാഹിത്യത്തിൽ ഇന്നു നാം കാണുന്നത്. അവയുടെ നിർമ്മാതാക്കൾ മൂലകൃതികളുടെ ആത്മാവിനെ ആട്ടിപ്പായിച്ച്, വെറും നിർജ്ജീവശരീരങ്ങളെ മാത്രം എടുത്ത്, അവയുടെതന്നെ മജ്ജയും മാസവും ചീന്തിപ്പറിച്ചുകളഞ്ഞ് വെറും അസ്ഥിപഞ്ജരങ്ങളാക്കിയിട്ടാണ് അമ്മുടെ മുൻപിൽ അവതരിപ്പിക്കുന്നത്. ഇതു മൂലഗ്രന്ഥകാരന്മാരോടു ചെയ്യുന്ന ഒരു വലിയ കടും കൈയാണെന്ന് അക്കൂട്ടർ ഓർമ്മിക്കാത്തതു കഷ്ടംതന്നെ.
Leave a Reply