മലയാളസാഹിത്യത്തിന്റെ ഇനിയത്തെ വളർച്ച

മലയാളസാഹിത്യത്തിന്റെ ഇനിയത്തെ വളർച്ച മുഴുവൻ യൂറോപ്യൻ സാഹിത്യത്തെ മാത്രം ആധാരമാക്കിയായിരിക്കും എന്നു ദീർഘദർശനം ചെയ്യുന്നത് ഒരിക്കലും അസ്ഥാനത്തല്ല. ഹിന്ദി, ബംഗാളി തുടങ്ങിയ ഇതര ഭാരതീയസാഹിത്യങ്ങൾക്കും മലയാളസാഹിത്യപോഷണത്തിൽ തുച്ഛമായ ഒരു പങ്കുണ്ടായിരിക്കുമെന്നുള്ളതു തീർച്ചയാണ്. സംസ്കൃതസാഹിത്യത്തിന്റെ പിടിയിൽനിന്നും മലയാളം ഇന്നിപ്പോൾ നിശ്ശേഷം വിട്ടുകഴിഞ്ഞു എന്നുപറയാം. ആംഗലസാഹിത്യത്തെ അത് ആശ്ലേഷം ചെയ്യാൻ തുടങ്ങി. ആ ബന്ധം കാലക്രമത്തിൽ അധികമധികം ദൃഢീഭവിച്ചു വരികയേയുള്ളു എന്നതിൽ സംശയമില്ല. അതിനാൽ ആംഗലസാഹിത്യത്തെ മാത്രം ആധാരമാക്കാതെ യൂറോപ്യൻ സാഹിത്യങ്ങളെ ആകമാനം ലക്ഷ്യമാക്കിക്കൊണ്ടുവേണം ഇനിയത്തെ സാഹിത്യകാരന്മാരുടെ സംരംഭമെന്നും, പത്രങ്ങളും മാസികകളും ഇക്കാര്യത്തിൽ പ്രത്യേകം ഔത്സുക്യം പ്രദർശിപ്പിച്ചെങ്കിൽ മാത്രമേ അതു പരിപൂർണ്ണവിജയത്തിൽ എത്തിച്ചേരുകയുള്ളുവെന്നും പ്രത്യേകം സൂചിപ്പിക്കേണ്ടിയിരിക്കുന്നു. ഇന്നുള്ള പത്രമാസികകളിൽ മാതൃഭൂമി ആഴ്ചപ്പതിപ്പുമാത്രമേ അതി അല്പമായിട്ടെങ്കിലും അഭിരുചി പ്രദർശിപ്പിക്കുന്നുള്ളു. ഇത്രയും പൊതുവേ പ്രസ്താവിച്ചുകൊണ്ട് ഇനി ഞാൻ ഈ മുഖവുരയ്ക്ക് ആധാരമായ ഗ്രന്ഥത്തിലേക്ക് പ്രവേശിച്ചുകൊള്ളുന്നു.

സുധാംഗദ

ഈ ഖണ്ഡകാവ്യം ടെന്നിസൺന്റെ ‘Oenone’ എന്ന കൃതിയെ ആധാരമാക്കി രചിച്ചിട്ടുള്ള ഒന്നാണെന്നു ഞാൻ ആരംഭത്തിൽ തന്നെ സൂചിപ്പിച്ചു കഴിഞ്ഞു. അന്തരീക്ഷത്തിനും കഥാപാത്രങ്ങൾക്കും ഭാരതീയത്വം കല്പിച്ചുകൊണ്ടാണ് ഞാനിതു രചിച്ചിട്ടുള്ളത്. ഇത് എനിക്കിഷ്ടമുള്ള ഒരു സമ്പ്രദായമല്ലെന്ന് ഈ മുഖവുരയുടെ ഇതുവരെയുള്ള ഭാഗം വായിച്ചാൽ, ഒരാൾക്കു നിഷ്പ്രയാസം ഗ്രഹിക്കുവാൻ കഴിയും. പദാനുപദതർജ്ജമിയ്ക്കൊരുമ്പെട്ടാൽ ഇപ്പോൾ ഈ കൃതിക്കു കാണുന്ന സാരള്യത്തിനു വലിയ ഉടവുതട്ടിയേക്കുമെന്ന ഭയം കൊണ്ടാണ് ഞാൻ ഇങ്ങനെ മാറ്റംവരുത്തിയത്. ടെന്നിസൺതന്നെ യവനമഹാകവിയായ ഹോമറിന്റെ ‘ഇലിയഡ്’ (Iliad) എന്ന ഇതിഹാസ മഹാഗ്രന്ഥത്തിൽനിന്നും ഇതിവൃത്തം മാത്രം സ്വീകരിച്ച്, സ്വമനോധർമ്മംകൊണ്ട് ചായം പിടിപ്പിച്ച് അഭിനവമായ ഒരാകർഷകത്വത്തോടുകൂടി പ്രസ്തുതകൃതിയെ ആഗലേയസാഹിത്യലോകത്തിൽ അവതരിപ്പിച്ചിട്ടുള്ളതെന്നോർക്കുമ്പോൾ, അത്രത്തോളം സ്വാതന്ത്ര്യമെടുക്കാഞ്ഞ എന്നെ അധികമാരും കുറ്റപ്പെടുത്തുമെന്നു തോന്നുന്നില്ല.

സാധാരണായായി കഥാഗാത്രത്തെ മാത്രം മൂലഗ്രന്ഥത്തിൽനിന്നും സ്വീകരിച്ച് സ്വതന്ത്രമായ ഒരു പദ്ധതിയിൽക്കൂടി കാവ്യനിർമ്മാണം ചെയ്യുന്ന പതിവുവിട്ട്, കഥാഗാത്രത്തിനോ, അതിന്റെ സൗകുമാര്യത്തിനാധാരമായ ഇരതഘടകങ്ങൾക്കോ, ചമൽക്കാരത്തിനോ, അല്‌പമെങ്കിലും, പരുക്കുതട്ടാതെ, മൂലഗ്രന്ഥത്തിൽ കാണപ്പെടുന്ന കഥാപാത്രങ്ങൾക്കും അന്തരീക്ഷത്തിനും പ്രതിരൂപമായും ഔചിത്യത്തിനു ഭംഗം വരാത്തവിധത്തിലും അവയെ സ്വയം സൃഷ്ടിച്ചും കാവ്യനിർമ്മിതി സാധിക്കുകയാണ് ഞാൻ ഇവിടെ ചെയ്തിട്ടുള്ളത്. മൂലകൃതിയിലുള്ള ഒരൊറ്റ ആശയവീചിയെങ്കിലും ഞാൻ വിട്ടുകളഞ്ഞിട്ടില്ലെന്നു മാത്രമല്ല, അവതന്നെ കേരളീയരുടെ അഭിരുചിക്കനുയോജ്യമായവിധത്തിൽ അവയെ എന്റെ സ്വന്തം കൽപനാശക്തികൊണ്ട് നിറംപിടിപ്പിക്കുകകൂടി ചെയ്തിട്ടുണ്ട്. മൂലകൃതിയിൽ ആദ്യന്തം തുളുമ്പിക്കാണുന്ന ശോകാന്തകമായ വികാരസാന്ദ്രതയ്ക്കു യാതൊരു ശൈഥില്യവും സംഭവിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധ പതിപ്പിച്ചിട്ടുണ്ട്. മൂലഗ്രന്ഥവുമായി ഒത്തുനോക്കി ഒരു താരതമ്യപഠനത്തിനൊരുമ്പെടുന്ന നിഷ്പക്ഷബുദ്ധിയായ ഒരു സഹൃദയൻ, തീർച്ചയായും എന്റെ സ്വാതന്ത്യം കൂടുതൽ ഗുണപ്രദമായിട്ടുണ്ടെന്നു സമ്മതിക്കുകതന്നെ ചെയ്യും. സുധാംഗദയിൽ, കഥാപാത്രങ്ങൾക്കും അന്തരീക്ഷത്തിനും വരുത്തിയിട്ടുള്ള മാറ്റത്തിന്റെ മാറ്ററിയുവാൻ മൂലഗ്രന്ഥത്തിലെ കഥ മനസ്സിലാക്കുന്നതു നന്നായിരിക്കാം. അതു ചുവടെ ചേർത്തു കൊള്ളുന്നു