ടെന്നിസൺന്റെ ഈനോൺ
മേൽപ്രസ്താവിച്ച കഥയിൽനിന്നും ഒരുഭാഗം മാത്രമേ ടെന്നിസൺ സ്വീകരിച്ചിട്ടുള്ളു. വിരഹാകുലയായ ഈനോണിനെക്കൊണ്ട് നാടകീയമായ രീതിയിൽ ടെന്നിസൺ ആ വിരഹത്തിനു കാരണമായിത്തീർന്ന സംഭവങ്ങളെ വിസ്തരിപ്പിക്കുകയാണ് ചെയ്യുന്നത്. ‘ഐഡ്’ മലയുടെ ഒരു താഴ്വരയിൽ- പ്രണയസാന്ദ്രങ്ങളായ അനേകമനേകം നിർവാണരംഗങ്ങൾക്ക് ഒരുകാലത്തു തനിക്കും തന്റെ പ്രാണേശ്വരനും അങ്കമൊരുക്കിത്തന്ന അതേ താഴ്വരയിൽ- അവൾ എത്തുന്നു. ആ ഗിരിദേവതയെ അഭിസംബോധനചെയ്ത് ദുരന്തമായ തന്റെ ജീവിതകഥ തേങ്ങിത്തേങ്ങിക്കരഞ്ഞുകൊണ്ടു പറഞ്ഞു കേൾപ്പിക്കുന്നു.
സുധാംഗദയിലെ മാറ്റങ്ങൾ
1.ഹിമാലയം (ഐഡ്)‘ഐഡി’നു പകരം ഹിമവൽത്തടങ്ങളാണ് ഈ കൃതിയിൽ ഞാൻ ചിത്രീകരിച്ചിട്ടുള്ളത്. കഥാപാത്രങ്ങൾ യക്ഷചാരണഗന്ധർവാദികളാകയാൽ അവരുടെ ആവാസസ്ഥാനമെന്നു നൂറ്റാണ്ടുകളായി ഭാരതീയർ സങ്കല്പിച്ചുപോരുന്ന ഹിമാലയത്തെ സ്വീകരിച്ചതിൽ അനൗചിത്യമുണ്ടായിരിക്കുകയില്ലല്ലോ. അതുപോലെതന്നെ മലയ്ക്കു പകരം, ഗംഗാനദിയെയാണ് സുധാംഗദ അഭിസംബോധനചെയ്തു വിലപിക്കുന്നത്. പിരണീസ് പർവ്വതപംക്തികളുടെ, ഫ്രാൻസിലേക്ക് ഇറങ്ങിക്കിടക്കുന്ന കാട്ടെറെറ്റ് മലഞ്ചെരിവിലിരുന്നാണ് ടെന്നിസൺ ‘ഈനോൺ’ എന്ന കൃതിയുടെ ഒരു വലിയ ഭാഗം എഴുതിയിട്ടുള്ളത്. എനിക്കിങ്ങനെയുള്ള സൗകര്യങ്ങളൊന്നും ഉണ്ടായിട്ടില്ല. ഇടയ്ക്കിടയ്ക്ക് എന്റെ കൊച്ചനുജത്തിയായ ‘ഇന്ദിര’യുടെ കൊഞ്ചിക്കുഴഞ്ഞുകൊണ്ടുള്ള അർത്ഥമില്ലാത്ത ആയിരം ചോദ്യങ്ങൾക്കു സമാധാനം പറഞ്ഞുകൊണ്ട് ഏകാന്തത ഒരിക്കലും കാൽകുത്തിയിട്ടില്ലാത്ത എന്റെ ഭവനത്തിലിരുന്നാണ് എന്റെ സുധാംഗദയുടെ സൃഷ്ടി. ശരിയായ ‘മല’ എന്നു പറയുന്ന വസ്തു ഞാൻ ഒരിക്കൽ കണ്ടിട്ടുള്ളത് ശബരിക്കു പോയപ്പോഴും, നിലമ്പൂർ സാഹിത്യപരിഷത്തിൽ പങ്കെറ്റുത്ത അവസരത്തിലുമാണ്. ആ അനുഭവങ്ങളുടെ അനുസ്മരണവും, ഭാവനയുടെ കതിർവരിക്കലും കൂട്ടിച്ചേർത്ത് ഞാൻ ഹിമവൽത്തടങ്ങളെ പദങ്ങൾകൊണ്ടിവിടെ വരച്ചുകാണിച്ചിട്ടുണ്ട്! അതു ശരിയായിട്റ്റുണ്ടോ എന്നെനിക്കറിഞ്ഞുകൂടാ.
2.വാസന്തചൂഡൻ (പാരീസ്)പാരീസിനെക്കുറിച്ചുള്ള പൂർണ്ണവിവരം മുൻപു കൊടുത്തിട്ടുള്ള കഥയിൽനിന്നറിയാം. പാരീസിന്റെ ഇതരജീവിതകഥകളുമായി ഈ കൃതിക്ക് യാതൊരു ബന്ധവുമില്ലാത്തതിനാൽ ദേവവർഗ്ഗത്തിൽപ്പെട്ട ഒരാളായി മാത്രം നാം ധരിച്ചിരുന്നാൽ മതി. അതുകൊണ്ട് വാസന്തചൂഡൻ എന്ന ഒരു ഗന്ധർവനെ തൽസ്ഥാനത്തു കല്പിച്ചു. അദ്ദേഹത്തെക്കുറിച്ചു നമുക്കറിയുവാനാവശ്യമുള്ളതെല്ലാം എന്റെ കൃതിയിൽനിന്നു ലഭിക്കും.
3.സുധാംഗദ (ഈനോൺ)ഈനോണിന്റെ സ്ഥാനത്തു ഞാൻ സൃഷ്ടിച്ചിട്ടുള്ള ഒരു ജലകന്യകയാണു സുധാംഗദ. അവൾ വാസന്തചൂഡന്റെ പത്നിയാണ്; ഒരു ജല ദേവന്റെ പുത്രിയും, കൂടുതൽ വിവരങ്ങളൊന്നും നമുക്ക് ഈ കൃതിയെ സംബന്ധിച്ചിടത്തോളം അറിയേണ്ടതായിട്ടില്ല.
4.ഹേര (ലക്ഷ്മി)സ്വർഗ്ഗത്തിലെ രാജ്ഞിയും, ദേവന്മാരുടെ അധിപനായ സ്യൂസിന്റെ പത്നിയുമായ ഒരു ദേവിയാണ് ഹേര. അവൾക്കു പ്രതിരൂപമായി നമുക്ക് സ്വീകരിക്കാവുന്നത് ഇന്ദ്രാണിയെയാണ്. പക്ഷേ, ഞാനിവിടെ ഒരു മാറ്റം വരുത്തി. അളവറ്റ സമ്പത്താണല്ലോ ആ ദേവത വാഗ്ദത്തം ചെയ്യുന്നത്. അതുകൊണ്ട് സമ്പത്തിന്റെ അധിഷ്ഠാനദേവതയായ ലക്ഷ്മീദേവിയെ തൽസ്ഥാനത്തു പ്രതിഷ്ഠിച്ചതു കൂടുതൽ അനുയോജ്യമായിരിക്കാനേ വഴിയുള്ളു.
5.പല്ലാസ്, അതീനെ (സരസ്വതി)വിജ്ഞാനത്തിന്റെയും ശക്തിയുടെയും മൂർത്തിയാണ് അതീനെ. ശരീരമാകമാനം ഒരു കവചംകൊണ്ടു മൂടി, കൈയിൽ ആയുധങ്ങളോടുകൂടി സ്യൂസിന്റെ ശിരസ്സിൽനിന്നും ആവിർഭവിച്ച ഒരു ദേവിയാണവൾ. ജ്ഞാനം, ബുദ്ധിശക്തി മുതലായവയാണ് അവൾ പ്രദാനം ചെയ്യാമെന്ന് ഏല്ക്കുന്നത്. അവളുടെ സ്ഥാനത്തു നമുക്കു സങ്കല്പിക്കാവുന്ന ഏക ദേവി, സരസ്വതിയാണ്. അക്കാരണത്താൽ അതീനെയുടെ സ്ഥാനത്തു ഞാൻ സരസ്വതിയെ കല്പിച്ചു.
6.അഫ്രോഡെയ്റ്റ് (രതി)കടൽത്തിരകളിൽനിന്നും ജനിച്ചവളാണു അഫ്രോഡെയ്റ്റ്. ഈ സാദൃശ്യം കടൽമകളായ ലക്ഷ്മീദേവിക്കാണുള്ളതെങ്കിലും മറ്റൊരു കാര്യത്തിൽ വലിയ ഒരു വ്യത്യാസമുണ്ട്. അഫ്രോഡെയ്റ്റ് എന്നത് ‘വീനസ്സി’ന്റെ മറ്റൊരു പേരാണ്. ‘അഫ്രോസ്’(നുര) എന്ന പദത്തിൽ നിന്നാണ് അഫ്രോഡെയ്റ്റ് എന്ന പേർ വീനസ്സിനു കിട്ടിയത്—കടലിലെ നുരകളിൽനിന്നും ഉയർന്നുവന്നവൾ. എന്നാൽ വീനസ്സ് പ്രേമത്തിന്റെയും സൗന്ദര്യത്തിന്റെയും ദേവതയാണ്. സൈപ്രസ് ദ്വീപിന്റെ പടിഞ്ഞാറേ തീരത്തുള്ള പഫോസ് പുരാതനനഗരത്തിനു തൊട്ടുകൊടക്കുന്ന സമുദ്രത്തിൽനിന്നായിരുന്നു വീനസ്സിന്റെ ജനനം. വീനസ്സ് എന്ന പദം കേൾക്കുമ്പോൾതന്നെ അപ്രമേയമായ ഒരു സൗന്ദര്യത്തിന്റെ പ്രതീതിയാണു നമുക്കുണ്ടാവുക. അതുപോലെ ലോകൈകസുന്ദരിയായ ഒരു പ്രണയിനിയെയാണ് പാരീസിനു കൊടുക്കാമെന്ന് അവൾ പറയുന്നതു. ആകയാൽ അവളുടെ സ്ഥാനത്ത് ‘രതീദേവി’യെ കല്പിക്കുന്നത് ഏറ്റവും സമുചിതമായിരിക്കുമെന്ന് എനിക്കു തോന്നി.
7.ഐറിസ് (ഇറിസ്)—മാദ്രികമഴവില്ലിന്റെ ദേവതയാണ് ഇറിസ്. ദേവകളുടെ, വിശേഷിച്ചും ബ്യൂണോ(ഹേരേ)വിന്റെ ദൂതിയായിട്ടാണ് യവനന്മാരുടെ ഇതിഹാസങ്ങളിൽ അവളെ ചിത്രീകരിച്ചിട്ടുള്ളത്. ഈനോണിൽ ഇവളെക്കുറിച്ച് ഒരു സൂചനമാത്രമേയുള്ളൂ—അവളുടെ നാമധേയം ആ കൃതിയിൽ അത്ര പ്രാധാന്യമുള്ളതൊന്നുമല്ല. അവളുടെ സ്ഥാനത്ത് കലഹത്തിനു കാരണക്കാരിയായി ‘മാദ്രിക’ എന്ന ഒരു യക്ഷിയെ അവതരിപ്പിച്ചിരിക്കുന്നു.
മൂലകൃതിയിൽനിന്നും പ്രധാനമായി ഈ മാറ്റങ്ങളേ ഞാൻ വരുത്തിയിട്ടൂള്ളു. എന്നാൽ കവിതയിൽ എന്റെ സ്വന്തമായി പല ആശയങ്ങളും കടന്നുകൂടിയിട്ടുണ്ടെന്നു പറയാം. ഈ മുഖവുരയുടെ ആദ്യഭാഗത്ത് അതിനൊരുദാഹരണം ഞാൻ പ്രത്യേകമെടുത്തു കാണിച്ചിട്ടുണ്ടല്ലോ. എവിടെയെല്ലാമാണ് അങ്ങനെ സംഭവിച്ചിട്ടുള്ളതെന്നു പ്രത്യേകം പ്രത്യേകം എടുത്തു ചൂണ്ടിക്കാണിക്കുവാൻ ഈ മുഖവുരയിൽ നിവൃത്തിയില്ല.
Leave a Reply