സുധാംഗദ (ഖണ്ഡകാവ്യം)
എങ്കിലും, ഗംഗേ, മരിപ്പതിൻമുൻപിലെൻ
സങ്കടമ്മൊന്നിതു കേൾക്ക നീയംബികേ!
അത്യന്തസുന്ദരി—ഹാ കഷ്ട, മെന്തിനാ—
ണാത്യന്തസുന്ദരിയാകും പ്രണയിനി?
സുന്ദരിയല്ലി ഞാൻ?—ആയിരം പ്രാവശ്യ—
മെന്നൊ, ടാണെന്നോതിയിട്ടുണ്ടു മൽപ്രിയൻ
ചാരുതയില്ലായ്കയില്ലെന്നി, ലെന്നല്ല
ചാരിത്രശക്തിയുമുള്ളവളാണു ഞാൻ.
നിൽക്കുന്നു, ശാർദ്ദൂലസിംഹാദിയാം ഘോര—
ദുഷ്ടമൃഗങ്ങ,ളെന്മുന്നിൽ, പ്രശാന്തരായ്.
വാലാട്ടിനിൽക്കുന്നു പുള്ളിപ്പുലിക,ളെൻ
താലോലമേറ്റുകൊ,ണ്ടീ വനവീഥിയിൽ!
ദുഷ്ടജന്തുക്കൾക്കുപോലു, മെന്നോടുള്ളി—
ലിഷ്ടമു,ണ്ടത്ര ദയാവതിയാണു ഞാൻ.
എന്നിട്ടു, മയ്യോ, കനിവെഴാതെന്തുകൊ—
ണ്ടെന്നെയിക്കാട്ടിൽ വെടിഞ്ഞൂ മദ്വല്ലഭൻ?
ആ രതീദേവി, യെൻ ജീവേശനേകുമാ
നാരി വിശ്വൈകവിലാസിനിതന്നെയോ?
എന്നെ നിശ്ശേഷം മറന്നുവോ?—ഹാ, കഷ്ട—
മെങ്ങു നീ, യെങ്ങു നീ, ജീവസർവ്വസ്വമേ!
വയ്യെനിക്കൊന്നും, ദഹിക്കുന്നു മന്മന—
മയ്യോ, വരില്ലേ തിരിച്ചെന്നടുത്തു നീ?
കഷ്ടമപ്പൂവുടൽ മാറോടു ചേർത്തൊന്നു
കെട്ടിപ്പിടിക്കാൻ കൊതിച്ചുനിൽക്കുന്നു ഞാൻ!
ജീവാധിനാഥ, ഭവാനിന്നു മൽപാർശ്വ—
ഭൂവിലിനിയും തിരിച്ചുവന്നെത്തുകിൽ,
വേനലിൽ വീഴും മഴത്തുള്ളികൾപോലെ
ഞാനത്തുടുത്ത കവിളിലും ചുണ്ടിലും,
തപ്താധരങ്ങളുരുമ്മിത്തുരുതുരെ—
യർപ്പിക്കുമായിരം ചുംബനപ്പൂവുകൾ!
അത്യന്തസുന്ദരിയായവളാരെന്ന
സത്യ, മന്നേരമറിഞ്ഞുകൊള്ളും ഭവാൻ!
ആ ഗളത്തിങ്കൽ കരംകോ,ർത്തിനി, വിട്ടു—
പോകാതെ, നിർത്തും പിടിച്ചു ഞാനങ്ങയെ!
ആ മാറിൽ, ഞാൻ, തല ചാച്ചു, നിബിഡമാം
രോമകദംബം, നനയ്ക്കുമെന്നശ്രുവിൽ!
എന്നടു, ത്തയ്യോ, തിരിച്ചുവന്നാലുമൊ—
ന്നെങ്ങു, നീ, യെങ്ങു നീ, ജീവസർവ്വവമേ?…
അംബികേ, പേർത്തു, മരിപ്പതിന്മുൻപു ഞാ—
നൻപിയന്നെൻമൊഴിയൊന്നു, നീ കേൾക്കണേ!
വണ്ടണിച്ചെണ്ടിനാൽ, പൂങ്കുയിൽപ്പാട്ടിനാൽ,
പണ്ടീ വനങ്ങൾ രസിപ്പിച്ചു ഞങ്ങളെ!
അന്നീ മരതകക്കാട്ടി,ലെൻ നാഥനോ,—
ടൊന്നിച്ചുവാണു സുഖിച്ച കാലങ്ങളിൽ;
ഈ മേഖലകൾ, ഹിമാലയസാനുക്കൾ
ശ്രീമയവൈകുണ്ഠരംഗങ്ങളായി മേ!
തിങ്ങിത്തുളുംബിയിരുന്നു, നിരവദ്യ—
സംഗീതമൊ, ന്നന്നവയിലെല്ലാറ്റിലും!
ഇന്നവയെല്ലാം നരകങ്ങൾ ശൂന്യങ്ങ—
ളൊന്നുമില്ലാത്ത വെറും മരുഭൂമികൾ!
ഭീതിപ്പെടുത്തുകയാണവിയി, ന്നനു—
ഭൂതികളറ്റുള്ളൊ, രെൻ ചേതനകളെ
എങ്ങിനിപ്പോകും?—നശിച്ചു നശിച്ചു, ചെ—
റ്റുമ്നേഷമേകും സമസ്തവസ്തുക്കളും!
എല്ലാം വെറും പൊള്ള, യാശിക്കുവാനെനി—
ക്കില്ലിനിയൊന്നും—മുഷിഞ്ഞു മജ്ജീവിതം!
Leave a Reply