അംബികേ, പേർത്തും, മരിപ്പതിന്മുൻപ് ഞാ—
നൻപിയന്നെന്മൊഴിയൊന്നു നീ കേൾക്കണേ!
ദൂരെ,യക്കാണുന്ന കുന്നുകൾക്കപ്പുറ-
ത്താരണ്യകുഞ്ജത്തിലൊന്നിലേതെങ്കിലും;
കാണാൻകഴിഞ്ഞേക്കു,മിക്കലഹങ്ങൾക്കു
കാരണക്കാരിയാം മാദ്രികായക്ഷിയെ.
അന്നു, വെറുതെയാ വൈശ്രവണാലയം-
തന്നിൽ, വിളിക്കാതെ ചെന്നുകേറി, സ്വയം,
ഇക്കലാപത്തിൻ കതിനകൊളുത്തിയ
കത്തിജ്ജ്വലിക്കുന്ന തീക്കൊള്ളിയാണവൾ!
ഇല്ല,യെന്നെങ്കിലും കണ്ടുമുട്ടാതിരി-
ക്കില്ല,ക്കനിവറ്റ കാളസർപ്പത്തെ ഞാൻ!-
എന്നിട്ടുവേണ,മെനിക്കു,വിറക്കൊണ്ടു-
നി,ന്നാ മുഖത്തു രണ്ടാട്ടുകൊടുക്കുവാൻ!
എങ്കിലേ, കെട്ടൊന്നടങ്ങുകയുള്ളു ചെ-
റ്റെൻകരൾക്കൊമ്പിലെക്കോപദാവാനലൻ.

അൻപാർന്നു പേർത്തതും, മരിപ്പതിൻമുമ്പു ഞാ-
നംബികേ, നീ,യെൻമൊഴിയൊന്നു കേൾക്കണേ!
പച്ചപിടിച്ചൊരിക്കുന്നിൻചുവട്ടിലി,ലി-
പ്പച്ചപ്പുതപ്പിട്ട താഴ്വരത്താഴയിൽ;
എന്തിനീ, ക്കല്ലി, ലതേ, മഞ്ഞുതുള്ളികൾ
ചിന്തുമിക്കല്ലിലിരുന്നുകൊണ്ടങ്ങനെ;
ഒന്നുപോ,ലായിരം പ്രേമപ്രതിജ്ഞക-
ളെന്നോടു ചെയ്തിരിക്കുന്നു, മദ്വല്ലഭൻ!
ലജ്ജിച്ചടുത്തിരിക്കുന്നൊരെൻ കൈത്തല-
പ്പൊൽത്തളിർ മന്ദമുയർത്തിപ്പിടി,ച്ചതിൽ;
സദ്രസ,മെത്രസുരഭിലചുംബനം
മുദ്രണം ചെയ്തില്ല മജ്ജീവനായകൻ!!!
എന്നപോ,ലായതി,ലെത്ര കണ്ണീർകണം
ചിന്നിയിട്ടില്ല, മൽപ്രാണപ്രിയതമൻ!
ആ നല്ലകാല, മവതരിപ്പിച്ചിത-
ന്നാനന്ദബാഷ്പകണങ്ങണെ, നിങ്ങളെ!
നിങ്ങളും മാഞ്ഞുപോ, യാ നല്ലകാലവു-
മിങ്ങിനിക്കിട്ടാത്തമട്ടിൽ, പറന്നുപോയ്!
ഹന്ത, ഞാനിന്നു തൂകുന്നതോ?-മന്മനം
വെന്തുരുകും തുടു കണ്ണീർകണികകൾ!
എന്തന്തരം!- കഷ്ട, മോർക്കാനരുതെനി-
ക്കെന്തു ചെയ്യാം?- ഹതഭാഗ്യയായ്പ്പോയി, ഞാൻ!
നാനാനുഭൂതികൾക്കേകസങ്കേതമാം
നാകമേ,നീയെന്നെ നോക്കുന്നതെങ്ങനെ?
നീടുറ്റഭാഗ്യം തുളുമ്പും വസുന്ധരേ,
നീ, യെന്റെ ഭാരം, സഹിക്കുന്നതെങ്ങനെ?
മാരണദേവതേ, മാരണദേവതേ,
മാറാതെനിൽക്കും കൊടുംകാളമേഘമേ!
ഭാഗ്യവാന്മാർതന്നരികേ കടന്നുപോം
ഭാഗ്യഹീനന്മാ, രസംഖ്യമുണ്ടൂഴിയിൽ;
കേവലമെന്തൊക്കെ വന്നുചേർന്നീടിലും
ജീവിച്ചിരിക്കുവാനിഷ്ടപ്പെടുന്നവർ!
അത്രയ്ക്കകക്കാമ്പഴിഞ്ഞു, ഹാ, നിന്നൊടി-
ന്നർത്ഥിപ്പു ഞാ, നിതാ, മാരണദേവതേ!—
അൻപിൽ, നീ മജ്ജീവിതപ്രകാശത്തിന്റെ
മുമ്പിലൂടൊന്നു കടന്നുപോകേണമേ!
ഹാ, ഞൊടിക്കുള്ളിലെന്നാത്മാവിലൊട്ടുക്കു
നീ, നിൻ കരിനിഴലൊന്നു വീശേണമേ!
വേദനമാത്രമാണിജ്ജീവിതം!—മതി
വേഗമൊന്ന, യ്യോ, മരിപ്പിക്കുകെന്നെ നീ!
ഏറെത്തളർന്നൊരെൻഹൃത്തി,ലൊരു മഹാ-
ഭാരമായ്, തൂങ്ങിക്കിടപ്പൂ നീ, യെപ്പോഴും!
പാര, മെൻകൺപോളകളിലും, നീയിതാ-
ഭാരമേറ്റുന്നൂ—മരിക്കട്ടെ ഞാനിനി!

അൻപാർന്നു, പേർത്തും, മരിപ്പതിൻമുൻപു ഞാ-
നംബികേ, നീ യെൻമൊഴിയൊന്നു കേൾക്കണേ!
അറ്റംപെടാത്തൊരിക്കാട്ടി,ലൊരിക്കലു-
മൊറ്റയ്ക്കു വീണു മരിക്കുകയില്ല ഞാൻ!
എന്തുകൊണ്ടെന്നാൽ, ഭയങ്കരചിന്തക-
ളന്തരംഗത്തിലുദിച്ചുദിച്ചങ്ങനെ;
സ്വാപത്തിലുംകൂടി വിട്ടുപിരിയാതെ
രൂപമെടുക്കുന്നു മേല്ക്കുമേ, ലെന്തിനോ;
പേലവമാം രോമകംബളത്തിന്നുമേൽ
കാലടിയൊച്ചപോൽ, നിത്യം നിശകളിൽ,
അത്യന്തദൂരത്തി, ലുൾക്കുന്നുകളിൽനി-
ന്നെത്തുന്ന നാനാമൃതസ്വനവീചികൾ;
കർണ്ണപുടത്തിൽ പതിയുന്നവേളയിൽ
നിർണ്ണയിക്കുന്നിതവതൻ സമാപ്തി ഞാൻ!—
വർണ്ണനാതീതമാണെങ്കിലും, സ്പഷ്ടമായ്
നിർണ്ണയിക്കുന്നിതവതൻ സമാപ്തി ഞാൻ!—
അത്ഭുതാശങ്കാവകീർണ്ണമെൻലക്ഷ്യ, മ-
തല്പാല്പമായ്, മങ്ങി ദൂരത്തു കാൺമു ഞാൻ;
തൻപിഞ്ചുപൈതലിൻ രുപം, ജനിപ്പതിൻ-
മുൻപൊരു മാതാവതൂഹിച്ചിടുന്നപോൽ!
തൻപിഞ്ചുപൈതൽ!- നടുങ്ങുന്നതെന്തു ഞാൻ?
കമ്പിതമാവാതെ,ന്തെന്റെ കൈകാലുകൾ?…
ഹാ, മന്ദഭാഗ്യ ഞാ;നയ്യോ ജനിക്കുകി-
ല്ലോമനപ്പൈതലെനിക്കൊന്നൊരിക്കലും;
തൽപിതാവിന്റെ മിഴികളുമേന്തിനി-
ന്നെപ്പൊഴുമെന്നെയസഹ്യപ്പെടുത്തുവാൻ!