ദുരന്തരാഗം

ഹാ, മൽപ്രഭോ, ഹൃദയനായക, മാനസത്തിൽ
നാമന്നു കാത്തനുഭവിച്ച നവാനുരാഗം
ആ മാമലയ്കുമുകളിൽ പതിവായ് പതിക്കും
തൂമഞ്ഞുപോൽ പരമനിർമ്മലമായിരുന്നു.       1

ശ്രീതാവുമംബരതലത്തിലലഞ്ഞുലഞ്ഞു-
ള്ളേതാനുമഭ്രശകലങ്ങളിയന്നിണങ്ങി
സ്ഫീതാഭമായവയിലൂടവതീർണ്ണമാമ-
ശ്ശീതാംശുപോൽ ധവളകോമളമായിരുന്നു.       2

ഓതുന്നിതന്യർ, തവ ചിന്തകൾ പെട്ടകൂടി-
ച്ചേതസ്സില് വിങ്ങി ഞെരിയുന്ന വിനാശവൃത്തം
ഏതാനുമുണ്ടു കഴിവെങ്കി,ലതൊറ്റയാക്കാ-
നേതാദൃശം, കരുതിയെത്തി തവാന്തികേ ഞാൻ.       3

വന്നാലു,മിന്നിനി നമുക്കവസാനമായി-
ട്ടൊന്നിച്ചിരുന്നു നറുമുന്തിരിയാസ്വദിക്കാം
എന്നിട്ടു നാളെ, യവിടെ, പ്പുഴവക്കിനോള-
മൊന്നിച്ചു ചെ, ന്നിരുവഴിക്കു പിരിഞ്ഞുപോകാം       4

അത്തോടു ചെന്നെവിടെവെച്ചിരുശാഖയായി-
ത്തത്തിപ്പിടഞ്ഞു പിരിയു,ന്നവിടത്തിലെത്തി
ചിത്താധിനായക, ഭവാനൊടു യാത്രയും ചൊ-
ന്നുൾത്താപമോടിവൾ തനിച്ചു തിരിച്ചുപോരാം.       5

അയ്യോ, ചതിച്ചു വിധിയെന്നെ, യെനിക്കൊതൊട്ടും
വയ്യേ സഹിപ്പതി, നിതെന്തിനു വന്നുകൂടി?
അയ്യോ, വിധേ, പരമദുർഭഗ ഞാ,നെനിക്കു
വയ്യേ, ജഗത്തിലിനിയെന്തിനു ഞാനിരിപ്പൂ?       6

ഏകാന്തരംഗയുതനായ് നിജപത്നിതന്റെ

കാർകുന്തളത്തിൽ നര വെൺകളിവീശുവോളം
പോകാതെ, യേകനിയലായ്കി, ലൊരംഗനയ്ക്കു
ശോകാന്തയായ് മുറവിളിക്കണമിപ്രകാരം!

(മാതൃഭൂമി ആഴ്ചപ്പതിപ്പ്)

എന്റെ വിവർത്തനത്തിൽ, മൂലത്തിൽ ഉള്ളതിനേക്കാൾ ഏതാനും വരികൾ കൂടുതൽ വന്നിട്ടുണ്ട്. മൂലത്തിൽ കാണാത്ത
പല പദങ്ങളും കടന്നുകൂടിയിട്ടുമുണ്ട്. പക്ഷേ, മൂലത്തിലുള്ള ആശയം അല്പമെങ്കിലും ഞാൻ വിട്ടുകളഞ്ഞിട്ടില്ലെന്നും,
അല്പം സ്വാതന്ത്ര്യം എടുത്തുവെങ്കിലും, അതു വിവർത്തനത്തെ കൂടുതൽ ആകർഷകമാക്കിത്തീർക്കുവാൻ
മാത്രമാണെന്നും, ശത്രുക്കൾപോലും സമ്മതിച്ചേ ഒക്കൂ.

Love’s very pain in sweet
Bit its rewards is in the world divine:

എന്ന ഷെല്ലിയുടെ രണ്ടുവരി,

ദിവ്യരാഗത്തിൽ വേദനപോലും
നിർവൃതിയാണു സോദരി
സ്വർഗ്ഗലോകത്തിലാണതിനുള്ള
നിസ്തുലമാം പ്രതിഫലം!

(മാതൃഭൂമി ആഴ്ചപ്പതിപ്പ്)

എന്നിങ്ങനെ നാലുവരിയായി മാറിയെങ്കിലും, ആശയത്തിനു തർജ്ജിമകൊണ്ടു വലിയ പരിക്കുപറ്റിയിട്ടുണ്ടെന്നു
തോന്നുന്നില്ല.