സുധാംഗദ (ഖണ്ഡകാവ്യം)
കലർപ്പിന്റെ കാരണം
മേൽവിവരിച്ചവിധത്തിലുള്ള ഒരാജ്ഞയ്ക്കു താനേയങ്ങനെ വിധേയനായിത്തീരുമ്പോൾ മാത്രമേ ഉത്തമകലാസൃഷ്ടി ഉത്പാദിതമാവുകയുള്ളു. അല്ലെങ്കിൽ ഒരു കവിക്ക് എന്തുകൊണ്ട് ഏതവസരത്തിലും കവിതയെഴുതുവാൻ സാധിക്കുന്നില്ല? എത്ര പ്രതിഭാശാലിയായ ഒരു കവിയെങ്കിലുമാകട്ടെ; ഒരിടത്ത് അയാളെ പിടിച്ചിരുത്തിയിട്ട് കടലാസും പേനയും മുമ്പിൽവച്ച് ഇത്രവരിയിൽ ഒരു കവിതയെഴുതണമെന്നു പറഞ്ഞു നിങ്ങൾ ഒരു വിഷയം കൊടുത്തുനോക്കൂ. അയാൾ എന്തെന്നില്ലാതെ വിഷമിക്കുന്നതു കാണാം. നിശ്ചിതസമയത്തിനുള്ളിൽ ദ്രുതകാകളിയിലോ ശാർദ്ദൂലവിക്രീഡിതത്തിലോ- എന്നു വേണ്ട നിങ്ങൾ നിർദ്ദേശിക്കുന്ന വൃത്തത്തിൽ- അതും അയാൾ സമർത്ഥനാണെങ്കിൽ മാത്രം- കുറേ വരികൾ എഴുതിവച്ചേക്കും. പക്ഷേ, അതു കവിതയാവുകയില്ല. കാരണം, അപ്പോൾ ആ ശക്തി അയാളിൽ പ്രവർത്തിച്ചു എന്നു വരുന്നതല്ല. നമ്മുടെ അംഗുലീചലനമാത്രയിൽ അടുത്തെത്തുന്ന ഒന്നായിരുന്നു ആ ശക്തിവിശേഷമെങ്കിൽ യാതൊരു വിഷമതയും നേരിടുകയില്ലായിരുന്നു!
ശസ്ത്രജ്ഞന്മാരോ, നിരൂപകന്മാരോ, എന്തുതന്നെ പറഞ്ഞാലും എന്റെ അനുഭവം ഒരിക്കലും എന്റെ അനുഭവമായിത്തീരാതിരിക്കുകയില്ല. ഞാൻ പലപ്പോഴും കവിത എഴുതിയിട്ടുണ്ട്; ചിലപ്പോൾ കവിത എഴുതിപ്പോയിട്ടുണ്ട്. ഇവയിൽ രണ്ടാമത്തേതു സംഭവിച്ചിട്ടുള്ള അവസരങ്ങളിൽ ഞാൻ എന്നെത്തന്നെ മറന്നിരുന്നു. ഞാൻ മുൻകൂട്ടി ചിന്തിച്ചിട്ടില്ല. വൃത്തനിർണ്ണയം ചെയ്തിട്ടില്ല…. ആകസ്മികമായി എന്നിൽ എവിടെനിന്നോ ഒരു മിന്നൽ!- ഞാൻ എഴുതുകയാണ്. വായിക്കുമ്പോൾ അതിനു വൃത്തമുണ്ട്. ഞാൻ കവിത ചൊല്ലുന്നതു കേട്ടിട്ട്, ‘നിങ്ങളാണോ നിങ്ങളുടെ കവിതയെഴുതുന്ന’തെന്ന്, ഇതിനിടയിൽ അനേകംപേർ എന്നോട് നേരിട്ട് ചോദിച്ചിട്ടുണ്ട്. എനിക്കിതുമാത്രം അറിയാം. കവിത താനേയങ്ങനെ എഴുതിപ്പോകുന്ന അവസരത്തിൽ എന്റെ ഹൃദയം സംഗീതസമ്പൂർണ്ണമായിരുന്നു. ആ സംഗീതംപോലെ മറ്റൊന്നും എന്നെ ആകർഷിച്ചിട്ടില്ല. ഞാനതിൽ താണുമുങ്ങി നീന്തിപ്പുളച്ചുപോകും. ആ സംഗീതപ്രവാഹത്തിന്റെ തിരമാലകളിലങ്ങനെ പിന്നിട്ടുപിന്നിട്ട് എങ്ങോട്ടെന്നില്ലാതെ ഒഴുകിപ്പോകും- വെറും സ്വപ്നം!
ചിലപ്പോൾ ഒരു കവിത എഴുതിവരുമ്പോളായിരിക്കും ആ എഴുതിപ്പോകൽ ഉണ്ടാവുക. പകുതിയോളം എത്തിക്കാണും, അപ്പോഴാണ് ആ മിന്നലിന്റെ ഉദയം!- പിന്നെ എനിക്കു ക്ലേശമില്ല; ആലോചിച്ചാലോചിച്ചു തല ചൂടുപിടിച്ചിട്ടും കൈയിലെത്താത്ത പദങ്ങൾ, അതുവരെ ചിന്തിച്ചിട്ടില്ലാത്ത ആശയങ്ങൾ ഒന്നിനു പുറകേ മറ്റൊന്ന്, അതിനു പുറകേ വേറൊന്ന്, ഇങ്ങനെ ധാരായന്ത്രത്തിൽനിന്നു ജലബിന്ദുക്കൾ എന്നപോലെ, താനേയങ്ങു തുള്ളിപ്പുറപ്പെടുകയായി. അതു തീരുന്നതുവരെ, യഥാർത്ഥത്തിൽ, നിർവാണാത്മകമായ ഒരു സ്വപ്നം തന്നെയാണ്. ഞാൻ അനേകം പ്രാവശ്യം ആ അനുഭൂതിയിൽ അലിഞ്ഞു ചേർന്നിട്ടുണ്ട്. ആ രീതിയിൽ താനേ ഹൃദയത്തിൽനിന്നും പൊട്ടിപ്പുറപ്പെടുന്ന ആ അജ്ഞാതനിർഝരത്തിൽ, അറിയാതെതന്നെ, ഞാൻ മുൻപു പ്രസ്താവിച്ചവിധം ഉപബോധമനസ്സിൽ ഒളിഞ്ഞുകടന്നു വിശ്രമം കൊള്ളുന്ന എന്റെ സ്വന്തമല്ലാത്ത ചില കല്ലോലങ്ങളും, സംക്രമിച്ചു ചേർന്നെന്നുവരാം. എന്നാൽ അതിലും, എന്റെ വ്യക്തിപരമായ ആത്മസ്ഫുരണം, തീർച്ചയായും, അല്പമെങ്കിലും കാണാതിരിക്കില്ല.
Leave a Reply