ഉക്തമെന്നാകിലുമിക്കാര്യമെന്നാലെ
കര്‍ത്തവ്യമലെ്‌ളന്നു വച്ചടങ്ങുന്നവന്‍
പിത്രോര്‍മ്മലമെന്നുചൊല്‌ളുന്നു സജ്ജന
മിത്ഥമെല്‌ളാം പരിജ്ഞാതം മയാധുനാ
ആകയാല്‍ താതനിയോഗമനുഷ്ഠിപ്പാ
നാകുലമേതുമെനിയ്ക്കില്‌ള നിര്‍ണയം
സത്യം കരോമഹം, സത്യം കരോമഹം
സത്യം മയോകതം മറിച്ചു രണ്ടായ് വരാ
രാമപ്രതിജ്ഞ കേട്ടോരു കൈകേയിയും
രാമനോടാശു ചൊല്‌ളീടിനാലാദരാല്‍:
താതന്‍ നിനക്കഭിഷേകാര്‍ത്ഥമായുട
നാദരാല്‍ സംഭരിച്ചോരു സംഭാരങ്ങള്‍
കൊണ്ടഭിഷേകം ഭരതനു ചെയ്യണം
രണ്ടാം വരം പിന്നെയുണ്ടൊന്നു വേണ്ടുന്നു
നീ പതിന്നാലു സംവത്സരം കാനനേ
താപസവേഷേണ വാഴുകയും വേണം
നിന്നോടതു നിയോഗിപ്പാന്‍ മടിയുണ്ടു
മന്നവനിന്നതു ദു:ഖമാകുന്നതും
എന്നതു കേട്ടു ശ്രീരാമനും ചൊല്‌ളിനാന്‍:
ഇന്നതിനെന്തൊരു വൈഷമ്യമായതും?
ചെയ്കഭിഷേകം ഭരതനു ഞാനിനി
വൈകാതെ പോവന്‍ വനത്തിനു മാതാവേ!
എന്തതെന്നോടു ചൊല്‌ളാഞ്ഞു പിതാവതു
ചിന്തിച്ചു ദു:ഖിപ്പതിനെന്തു കാരണം?
രാജ്യത്തെ രക്ഷിപ്പതിന്നു മതിയവന്‍
രാജ്യമുപേക്ഷിപ്പതിന്നു ഞാനും മതി
ദണ്ഡമത്രേ രാജ്യ ഭാരം വഹിപ്പതു
ദണ്ഡകവാസത്തിനേതുമെളുതലേ്‌ളാ
സ്‌നേഹമെന്നെക്കുറിച്ചേറുമമ്മക്കുമീ
ദ്ദേഹമാത്രം ഭരിക്കെന്നു വിധിക്കയാല്‍
ആകാശഗംഗയെ പാതാളലോകത്തു
വേഗേന കൊണ്ടു ചെന്നാക്കി ഭഗീരഥന്‍
തൃപ്തി വരുത്തി പിതൃക്കള്‍ക്കു പൂരുവും
തൃപ്തനാക്കീടിനാന്‍ താതനു തന്നുടെ
യൌവനം നല്‍കിജ്ജരാനരയും വാങ്ങി
ദിവ്യന്മാരായവര്‍ പിതൃപ്രസാദത്തിനാല്‍
അല്പമായൊള്ളോരു കാര്യം നിരൂപിച്ചു
മല്പിതാ ദു:ഖിപ്പതിനില്‌ളവകാശം