ഉത്തമപൂരുഷോത്തംസരത്‌നം ഭവാന്‍
ആലിംഗനംചെയ്തുവലെ്‌ളാ ഭാവാനെ ലോ
കാലംബനഭൂതനാകിയ രാഘവന്‍.
ലക്ഷമീഭഗവതി ദേവിക്കൊഴിഞ്ഞു സി
ദ്ധിക്കുമോ മറ്റൊരുവര്‍ക്കുമതോര്‍ക്ക നീ.
ധന്യനാകുന്നതു നീ ഭുവനത്തിങ്ക
ലിന്നതിനിലെ്‌ളാരു സംശയം മത്സഖേ!
സോദരനോടും ജനകാത്മജയോടു
മേതൊരിടത്തുനിന്നന്‍പൊടു കണ്ടിതു
രാമനെ നീ, യവനെന്തുപറഞ്ഞതും
നീ മുദാ രാമനോടേന്തോന്നു ചൊന്നതും
യാതൊരിടത്തുറങ്ങീ രഘുനായകന്‍
സീതയോടും കൂടി നീയവിടം മുദാ,
കാട്ടിത്തരികെന്നു കേട്ടുഗുഹന്‍ തദാ
വാട്ടമില്‌ളാത്തൊരു സന്തോഷ ചേതസാ
ഭക്തന്‍ ഭരതനത്യുത്തമനെന്നു തന്‍
ചിത്തേനിരൂപിച്ചുടന്‍ നടന്നീടിനാന്‍.
യത്ര സുപ്‌തോ നിശി രാഘവന്‍ സീതയാ
തത്ര ഗത്വാ ഗുഹന്‍ സത്വരം ചൊല്‌ളിനാന്‍:
കണ്ടാലുമെങ്കില്‍ കുശാസ്തൃതം സീതയ
കൊണ്ടല്‍വര്‍ണന്‍ തന്‍ മഹാശയനസ്ഥലം.
കണ്ടുഭരതനും മുക്തബാഷ്‌പോദകം
തൊണ്ടവിറച്ചു സഗദ്ഗദം ചൊല്‌ളിനാന്‍:
ഹാ സുകുമാരീ! മനോഹരീ!ജാനകീ!
പ്രാസാദമൂര്‍ദ്ധ്‌നി സുവര്‍ണതല്പസ്ഥലേ
കോമളസ്‌നിഗ്ദ്ധധവളാംബരാസ്തൃതേ
രാമേണ ശേതേ കുശമയവിഷ്ടരേ നിഷ്ഠൂരേ
ഖേദേന സീതാ മദീയാഗ്രജന്മനാ.
മദ്ദോഷകാരണാലെന്നതു ചിന്തിച്ചു
മിദ്ദേഹമാശു പരിത്യജിച്ചീടുവന്‍
കില്‍ബിഷകാരിണിയായ കൈകേയിതന്‍
ഗര്‍ഭത്തില്‍ നിന്നു ജനിച്ചൊരുകാരണം
ദുഷ്‌കൃതിയായതി പാപിയാമെന്നെയും
ധിക്കരിച്ചീടിനേന്‍ പിന്നെയും പിന്നെയും.
ജന്മസാഫല്യവും വന്നിതനുജനു
നിര്‍മ്മലമാനസന്‍ ഭാഗ്യവാനെത്രയും
അഗ്രജന്‍ തന്നെപരിചരിച്ചെപേ്പാഴും
വ്യഗ്രം വനത്തിനു പോയതവനലേ്‌ളാ.
ശ്രീരാമദാസദാസന്മാര്‍ക്കു ദാസനാ
യാരൂഢഭക്തിപൂണ്ടേഷ ഞാനും സദാ
നിത്യവും സേവിച്ചുകൊള്‍വനെന്നാല്‍ വരും
മര്‍ത്ത്യജന്മത്തിന്‍ ഫലമെന്നു നിര്‍ണ്ണയം.
ചൊല്‌ളൂ നീയെന്നോടെവിടെ വസതി കൌ
സല്യാതനയനവിടേക്കു വൈകാതെ
ചെന്നു ഞാനിങ്ങു കൂട്ടിക്കൊണ്ടുപോരുവ
നെന്നതു കേട്ടുഗുഹനുമുരചെയ്താന്‍: