രിത്തിരിനേരമിരുന്നീടിനോരനന്തരം
ഗൗതമീതീരേ മഹാകാനനേ പഞ്ചവടീ
ഭൂതലേ മനോഹരേ സഞ്ചരിച്ചീടുന്നൊരു
യാമിനീചരി ജനസ്ഥാനവാസിനിയായ
കാമരൂപിണി കണ്ടാള്‍ കാമിനി വിമോഹിനി,
പങ്കജധ്വജകുലിശാങ്കുശാങ്കിതങ്ങളായ്
ഭംഗിതേടീടും പദപാതങ്ങളതുനേരം.
പാദസൗന്ദര്യം കണ്ടു മോഹിതയാകയാലെ
കൗതുകമുള്‍ക്കൊണ്ടു രാമാശ്രമമകംപുക്കാള്‍. 740
ഭാനുമണ്ഡലസഹസ്രോജ്ജ്വലം രാമനാഥം
ഭാനുഗോത്രജം ഭവഭയനാശനം പരം
മാനവവീരം മനോമോഹനം മായാമയം
മാനസഭവസമം മാധവം മധുഹരം
ജാനകിയോടുംകൂടെ വാണീടുന്നതു കണ്ടു
മീനകേതനബാണപീഡിതയായാളേറ്റം.
സുന്ദരവേഷത്തോടും മന്ദഹാസവുംപൊഴി
ഞ്ഞിന്ദിരാവരനോടു മന്ദമായുരചെയ്താള്‍ഃ
‘ആരെടോ ഭവാന്‍? ചൊല്‌ളീടാരുടെ പുത്രനെന്നും
നേരൊടെന്തിവിടേക്കു വരുവാന്‍ മൂലമെന്നും, 750
എന്തൊരു സാദ്ധ്യം ജടാവല്ക്കലാദികളെല്‌ളാ
മെന്തിനു ധരിച്ചിതു താപസവേഷമെന്നും.
എന്നുടെ പരമാര്‍ത്ഥം മുന്നേ ഞാന്‍ പറഞ്ഞീടാം
നിന്നോടു നീയെന്നോടു പിന്നെച്ചോദിക്കുമലേ്‌ളാ.
രാക്ഷസേശ്വരനായ രാവണഭഗിനി ഞാ
നാഖ്യയാ ശൂര്‍പ്പണഖ കാമരൂപിണിയലേ്‌ളാ
ഖരദൂഷണത്രിശിരാക്കളാം ഭ്രാതാക്കന്മാ
ര്‍ക്കരികേ ജനസ്ഥാനേ ഞാനിരിപ്പതു സദാ.
നിന്നെ ഞാനാരെന്നതുമറിഞ്ഞീലതും പുന
രെന്നോടു പരമാര്‍ത്ഥം ചൊല്‌ളണം ദയാനിധേ!” 760
‘സുന്ദരി! കേട്ടുകൊള്‍ക ഞാനയോദ്ധ്യാധിപതി
നന്ദനന്‍ ദാശരഥി രാമനെന്നലേ്‌ളാ നാമം.
എന്നുടെ ഭാര്യയിവള്‍ ജനകാത്മജാ സീത
ധന്യേ! മല്‍ഭ്രാതാവായ ലക്ഷമണനിവനെടോ.
എന്നാലെന്തൊരു കാര്യം നിനക്കു മനോഹരേ!
നിന്നുടെ മനോഗതം ചൊല്‌ളുക മടിയാതെ.”