ബകവധം (തുള്ളല് കഥ)
ഉണ്ണി ക്ഷയിച്ചതുകൊണ്ടോ കന്യാ
പ്പെണ്ണിനപായം വന്നതുകൊണ്ടോ
കള്ളൻ വന്നു കടന്നു ഗൃഹേ മുത-
ലുള്ളതശേഷം കട്ടതുകൊണ്ടോ
ഉള്ളിലിവണ്ണമൊരാധി ഭവിപ്പാ-
നുള്ളൊരു മൂലമതരുൾചെയ്യേണം.”
കുന്തീദേവി പറഞ്ഞതുമിങ്ങനെ
അന്തണവരനും കേട്ടൊരു നേരം
സന്തതമങ്ങറിയിച്ചു തുടങ്ങീ
സന്താപോദയകാരണമെല്ലാം:
“ബകനെന്നുണ്ടൊരു രാക്ഷസനവനുടെ
മകനാകാനും മതിയല്ലന്തകൻ.
അച്ചതിയൻ ബഹുമർത്ത്യരെ വന്നു പി-
ടിച്ചിഹ മുഞ്ഞി കടിച്ചും ഞങ്ങടെ
ഇല്ലങ്ങളിൽ വന്നല്ലൽ പിണച്ചും
നെല്ലും പണവും കട്ടുകവർന്നും
തെല്ലും കൃപയില്ലംഗനമാരേ-
ക്കൊല്ലുന്നതിനൊരു സംഖ്യയുമില്ലാ;
വല്ലായ്മകളിവചെയ്കനിമിത്തം
എല്ലാവരുമായൊത്തോരു ദിവസം
വ്യസനത്തോടെേ ഞങ്ങളശേഷം
സമയം ചെയ്തു കൊടുത്താർ ശഠന്;
വേദം ചൊല്ലും ബ്രാഹ്മണൻ ബകനുടെ
പാദം ചെന്നു പിടിച്ചു പറഞ്ഞു
“വേദിയർ ഞങ്ങൾ ബകാസുര നിന്നെ-
സാദരമിന്നു നമസ്കൃതി ചെയ്യാം
ഒാരോദിവസവുമോരോഭൂസുര-
നോദനദാനം ചെയ്തൂടുന്നേൻ;
പത്തു പിടിച്ച പറയ്ക്കങ്ങിരുപ-
ത്തഞ്ചുപറച്ചോറുണ്ടാക്കീടാം
അതിനിഹ ചേരും ചാരുരസാള-
ക്കറിയങ്ങൊരുവിധമുണ്ടാക്കീടാം
വെള്ളമൊഴിക്കാതങ്ങു കലക്കീ-
ട്ടുള്ളൊരു തൈരു തിളച്ചു കുറുക്കി
ശർക്കരമുളകും ചേർത്തതിനിടയിൽ
ചുക്കും ജീരകമിടചേർത്തങ്ങനെ
വയ്ക്കുന്നോരെരിപുളിമധുരക്കറി
മിക്കതുമങ്ങു രസാളക്കറിയും
അന്നമതൊക്കെച്ചാട്ടേലേറ്റി –
ക്കന്നുകൾ നാലും പൂട്ടിക്കെട്ടി
കൊണ്ടുവരാമിനി ദിവസംതോറും
രണ്ടുവിധം വാക്കില്ല നമുക്ക്;
ഇങ്ങനെ ഞങ്ങടെ സങ്കടമെല്ലാ-
മങ്ങറിയിച്ചിതു ദൈവനിയോഗാൽ;
ഇല്ലക്കാരെച്ചാർത്തി ബ്രാഹ്മണ-
രെല്ലാംകൂടിസ്സമയംചെയ്തു
വച്ചു വിരിഞ്ഞതിനിദ്ദിനമങ്ങു ല-
ഭിച്ചു മഹാസുരനശനം ചെയ്‌വാൻ
വാശ്ശതുമിങ്ങനെ വച്ചുകൊടുക്കാ-
മീശ്വരകല്പിതമല്ലോ സകലം;
അന്നം നല്കുന്നവനേക്കൂടി-
ത്തിന്നുന്നതു ബഹുസങ്കടമയ്യോ!
ഞങ്ങടെ ജാതകഫലമീവണ്ണം
നാന്മുഖനനൊന്നു വരച്ച വരയ്ക്കു
നീക്കം വരുമോ ജനനീ! ആയതു
മായ്ക്കാമെന്നാലാകുകയില്ല.
പദം. ദ്വിജാവന്തിചായ്പ്
Leave a Reply