രചന:ചങ്ങമ്പുഴ കൃഷ്ണപിള്ള (1937)

മുഖവുര

അപ്രഗല്ഭമായ എന്റെ തൂലികയുടെ അഞ്ചുദിവസത്തെ ചപലകേളിയുടെ സന്താനമാണ് ഈ ‘സുധാംഗദ’.
മൂന്നുവർഷത്തിനുമുമ്പ്, ഞാൻ എറണാകുളത്തു മഹാരാജകീയകലാശാലയിൽ പഠിച്ചുകൊണ്ടിരുന്ന കാലത്ത്,
സതീർത്ഥ്യന്മാരായ എന്റെ ചില സുഹൃത്തുക്കൾ, ആംഗലേയമഹാകവി ‘ആൽഫ്രഡ് ടെന്നിസൺ’ന്റെ ‘CENONE’ എന്ന
കാവ്യഗ്രന്ഥം എനിക്കു തരികയും, അതു മലയാളത്തിലേക്ക് തർജ്ജിമ ചെയ്താൽ കൊള്ളാമെന്നാവശ്യപ്പെടുകയും
ചെയ്തു. അതിനുമുൻപുതന്നെ ടെന്നിസൺന്റെ എല്ലാ കൃതികളും വായിക്കുക മാത്രമല്ല, അവയിൽ നന്നെന്നു
തോന്നിയിട്ടുള്ള ഏതാനും ലഘുകവിതകൾ പരിഭാഷപ്പെടുത്തുകകൂടി ചെയ്തിട്ടുണ്ടെങ്കിലും, കീറ്റ്സ്, ഷെല്ലി, ബൈറൺ,
ബ്രൗണിങ് തുടങ്ങിയ മറ്റു മഹാകവികളെപ്പോലെ ടെന്നിസണോ വേഡ്‌സ്‌വർത്തോ എന്റെ ഭാവനയെ ഗാഢമായി
സ്പർശിച്ചിട്ടുണ്ടെന്നുപറയാൻ നിവൃത്തിയില്ല. എന്റെ അഭിനന്ദനത്തിനു തികച്ചും പാത്രമായിട്ടുള്ള ടെന്നിസൺന്റെ
ഏകകൃതി ‘In Memorium’ എന്ന വിലാപകാവ്യം മാത്രമാണ്. അക്കാരണത്താൽ ആ ഗ്രന്ഥത്തിന്റെ വിവർത്തനഭാരം
എനിക്കു വിഷമകരമായിത്തോന്നുകയും, അതിൽനിന്നൊഴിഞ്ഞു മാറുവാൻ ഞാൻ കഴിയുന്നതും ശ്രമിക്കുകയും ചെയ്തു.
എന്നാൽ അത്ര എളുപ്പത്തിൽ പിന്മടക്കാവുന്നവരായിരുന്നില്ല എന്റെ സുഹൃത്തുക്കൾ. ഒടുവിൽ,
‘മനസ്സില്ലാമനസ്സോടെ’യാണെങ്കിലും എനിക്കാ കൃത്യത്തിൽ ഏർപ്പെടേണ്ടതായി വന്നുകൂടി.
പ്രാരംഭത്തിൽത്തന്നെ, വലിയ പ്രോത്സാഹനമാണ് എനിക്ക് സിദ്ധിച്ചത്. എന്റെ പ്രിയസ്നേഹിതന്മാരും, യഥാർത്ഥ
സഹൃദയന്മാരുമായ മിസ്റ്റർ കുന്നുകുഴി നാരായണപിള്ള ബി. എ., ചന്ദ്രത്തിൽ കൃഷ്ണപിള്ള ബി. എ. എന്നീ രണ്ടു
മാന്യന്മാർ പതിവുപോലെ നേരമ്പോക്കു പറഞ്ഞിരുന്നു രസിക്കുവാനായി എന്റെ ഭവനത്തിൽ വന്നപ്പോൾ ഈ
ഗ്രന്ഥത്തിന്റെ അതുവരെ എഴുതിയഭാഗം ഞാൻ അവരെ വായിച്ചുകേൾപ്പിച്ചു. അവരതിൽ എന്തെന്നില്ലാതെ
രസിക്കുകയും എന്റെ സംരംഭത്തിൽ ഹൃദയപൂർവ്വം അനുമോദിക്കുകയും ചെയ്തു. അവരുടെ ആ അഭിനന്ദനം
എന്റെ നിർമ്മാണഗതിയെ ത്വരിപ്പിച്ചു. മൂന്നു ദിവസത്തിനുള്ളിൽ ബാക്കിഭാഗവും എഴുതിത്തീർത്തു. അങ്ങനെയിരിക്കെ
എന്റെ ആത്മസുഹൃത്തും ഉത്തമകവിയുമായ ശ്രീമാൻ ടി. എൻ. ഗോപിനാഥൻനായർ ഇടപ്പള്ളിയിൽ വന്നുചേർന്നു.
ഞാൻ ‘സുധാംഗദ’ മുഴുവൻ അദ്ദേഹത്തെ വായിച്ചുകേൾപ്പിച്ചു. ആ സുഹൃത്ത് എന്റെ മറ്റൊരു കൃതിക്കും
ഇത്രത്തോളം മഹത്തായ ഒരഭിനന്ദനം നല്കിയിട്ടില്ല. പിന്നീടദ്ദേഹം എനിക്കയച്ചിട്ടുള്ള ഓരോ കത്തിലും
സുധാംഗദയെക്കുറിച്ച് എന്തെങ്കിലും ഒരു പ്രസ്താവം കാണുമായിരുന്നു. കലാശാലയിലെ എന്റെ സുഹൃത്തുക്കൾക്കും
സംതൃപ്തിയായി. ഉടൻതന്നെ അതച്ചടിപ്പിക്കണമെന്നായി അവരുടെ നിർബന്ധം. സഹജമായുള്ള അലസതമൂലം അതു
നോട്ടുപുസ്തകത്തിൽതന്നെ കിടന്നു. അപ്പോഴേയ്ക്കും കലാശാല അടച്ച്, സുഹൃത്തുക്കൾ അങ്ങിങ്ങായി പിരിഞ്ഞു
പോയതിനാൽ, പിന്നീടാരും നിർബന്ധിക്കാനുണ്ടായില്ല. അങ്ങനെ രണ്ടുകൊല്ലംകൂടി പഴയ നോട്ടുപുസ്തകത്തിൽത്തന്നെ
സുധാംഗദയ്ക്കു കഴിച്ചുകൂട്ടേണ്ടിവന്നു. ഇക്കൊല്ലം തിരുവനന്തപുരത്തു പഠിക്കാനായി വന്നപ്പോൾ മിസ്റ്റർ ടി. എൻ.
ഗോപിനാഥൻനായർ അതിന്റെ പ്രസിദ്ധീകരണത്തിൽ വീണ്ടും നിർബന്ധം തുടങ്ങി. അങ്ങനെ, അതിതാ, സൂര്യപ്രകാശം
കണ്ടുതുടങ്ങുന്നു…