ടെന്നിസൺ

ഈ കൃതി പഠിക്കുമ്പോൾ ഇതിനാധാരമായ മൂലകൃതിയുടെ കർത്താവിനെയും അദ്ദേഹത്തിന്റെ കവിതാപദ്ധതിയെയും കുറിച്ച് അല്പമെങ്കിലും അറിഞ്ഞിരിക്കേണ്ട ആവശ്യമുണ്ട്.

ആൽഫ്രെഡ് ടെന്നിസൺ 1809-ആഗസ്റ്റ് 6-ാം തീയതി ലിൻകോൺഷയറിയിൽ, സോമേഴ്സ്ബി എന്ന സ്ഥലത്തു ജനിച്ചു. ശൈശവത്തിൽത്തന്നെ പ്രകൃതിയോട് അതിർകവിഞ്ഞ ഒരു പ്രേമം അദ്ദേഹത്തിന്റെ ഹൃദയത്തിൽ വേരൂന്നി. അഞ്ചുവയസ്സുള്ളകാലത്ത് അദ്ദേഹത്തിന് ‘കാറ്റിൽ, സംസാരിക്കുന്ന ഒരു സ്വരം’ കേൾക്കാമായിരുന്നുവത്രേ. കേംബ്രിഡ്ജിൽ ട്രിനിറ്റികോളേജിൽ പഠിക്കുന്നകാലത്ത് ആർദർ ഹല്ലാം എന്ന ഒരാത്മസുഹൃത്തിനെ അദ്ദേഹത്തിനു കിട്ടി. ആ സ്നേഹിതനോടുള്ള ദൃഢമായ സൗഹാർദ്ദം ആജീവനാന്തം ടെന്നിസൺന്റെ ആത്മമണ്ഡലത്തെ തരളിതമാക്കിത്തീർത്തിരുന്നു. ആ പ്രിയസുഹൃത്തിന്റെ അകാലചരമത്തിൽ അനുശോചിച്ചുകൊണ്ട് ടെന്നിസൺ നിർമ്മിച്ചിട്ടുള്ളതാണ് In Memoriam എന്ന ലോകോത്തരമായ വിലാപകാവ്യം. കോളേജിൽ പഠിക്കുന്നകാലത്ത് ‘Poems Chiefly Lyrical’ എന്ന ഒരു കാവ്യസമാഹാരം അദ്ദേഹം പ്രസിദ്ധപ്പെടുത്തുകയും ‘ടിംബുക്ടൂ’ എന്ന ഒരു കവിതയ്ക്ക് വൈസ് ചാൻസലറുടെ വകയായി ഒരു മെഡൽ സമ്പാദിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ കൃതികളുടെ രണ്ടാമത്തെ വാല്യം പുറത്തുവന്നതോടുകൂടി വിമർശകന്മാർ തലയുയർത്തിത്തുടങി. ലോഹൺട് അവയെ ഹൃദയപൂർവ്വം സ്തുതിച്ചുവെങ്കിലും വിൻസൺ, ലോക്‌ഹാർട്ട് തുടങ്ങിയ നിരൂപകന്മാർ അദ്ദേഹത്തെ കഠിനമായി ആക്രമിക്കുകയാണുണ്ടായത്. തൽഫലമായി പത്തുകൊല്ലക്കാലത്തേക്ക് ഒരു നീണ്ട മൗനംദീക്ഷിക്കുവാൻ ടെന്നിസൺ പ്രേരിതനായി. എന്നാ അക്കാലത്ത് അദ്ദേഹം കാവ്യകലയിൽ തുടർച്ചയായി പരിശ്രമം ചെയ്തുകൊണ്ടിരുന്നു. ഇതിനിടയിലാണ് ഹല്ലാം മരിച്ചത്. 1842-ൽ അദ്ദേഹം മറ്റൊരു വാള്യം പ്രസിദ്ധപ്പെടുത്തി. അതോടുകൂടി സ്ഥിരപ്രതിഷ്ഠമായ ഒരു അസ്ഥാനം ആംഗലസാഹിത്യത്തിൽ അദ്ദേഹത്തിനു ലഭ്യമായി. ‘ഇന്നു ജീവിച്ചിരിക്കുന്ന കവികളിൽ തീർച്ചയായും ഒന്നാമൻ’ എന്നു വേഡ്സ്‌വർത്ത് അദ്ദേഹത്തെ പ്രശംസിച്ചു. 1850-ൽ വേഡ്സ്‌വർത്തിന്റെ മരണത്തോടുകൂടി ‘പൊയറ്റ് ലറേറ്റി’ന്റെ സ്ഥാനം അദ്ദേഹത്തിനു കിട്ടുകയും അക്കൊല്ലംതന്നെ, തന്റെ ബാല്യകാലത്തെ പ്രണയത്തിനു പാത്രമായ ‘എമിലീ സെല്വുഡ്ഡി’നെ വിവാഹം കഴിക്കുകയും ചെയ്തു. പറയത്തക്കവിധം സ്തോഭകരങ്ങളായ സംഭവങ്ങൾ ഒന്നുംതന്നെ അദ്ദേഹത്തിന്റെ ജീവിതത്തിലുണ്ടായിട്ടില്ല; അത് ഒരു തടാകംപോലെ ശാന്തനിർമ്മലമായിരുന്നു. 1884-ൽ അദ്ദേഹം ‘പിയർ’ സ്ഥാനത്തിനർഹനായി; 1892-ൽ അദ്ദേഹം പരലോകപ്രാപ്തനാകുകയും ചെയ്തു.

പ്രധാന കൃതികൾ

മോർട്ഡി ആർദർ, ഈനോൺ, ലോട്ടൊസ് ഈറ്റേഴ്സ്, രാജകുമാരി (The Princess), സ്മാരകവിലാപം (In Memoriam), മാഡ്, ഇനോക്, ആർഡൻ ക്വീൻമേരി, ഹാറോൾഡ്, ബൊക്കെറ്റ് മുതലായവയാണ് ടെന്നിസൺന്റെ പ്രധാന കൃതികൾ. ഇവയിൽ ഒടുവിലത്തെ മൂന്നും നാടകങ്ങളാണ്. ഇതു കൂടാതെ ഒട്ടേറെ ലഘുപദ്യങ്ങളും അദ്ദേഹം നിർമ്മിച്ചിട്ടുണ്ട്.