ന്യൂജഴ്‌സി: ബെസ്റ്റ് ഡോക്ടര്‍ അവാര്‍ഡ് ആരോഗ്യ സേവന രംഗത്ത് തന്റെ ജീവിതം ഉഴിഞ്ഞു വച്ച ഡോ: സാറാ ഈശോക്ക്. ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന ദേശീയ മാധ്യമ കോണ്‍ഫറന്‍സില്‍ ബെസ്റ്റ് ഡോക്ടര്‍ അവാര്‍ഡ് ഡോ: സാറാ ഈശോക്ക് നല്‍കും. സാമൂഹിക സാംസ്‌ക്കാരിക രംഗങ്ങളില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച വിശിഷ്ട വ്യക്തിത്വത്തിന് ഉടമയാണ് ഡോ: സാറാ ഈശോ. സൗമ്യത മുഖമുദ്രയാക്കിയ സോ: സാറാ, സാമൂഹ്യ ബോധവല്‍ക്കരണത്തിനായി ഒട്ടനവധി ആര്‍ട്ടിക്കിളുകള്‍ എഴുതിയിട്ടുണ്ട്.കാന്‍സര്‍ സപെഷലിസ്റ്റായ ഡോ: സാറാ ഈശോ, കഴിഞ്ഞ കുറേ വര്‍ഷമായി ന്യൂജഴ്‌സിയിലെ ഓഷ്യന്‍ കൗണ്ടിയിലെ ഓഷ്യന്‍ ഹെമറ്റോളജി ആന്‍ഡ് ഓങ്കോളജിയുമായി ചേര്‍ന്നു നടത്തി വരുന്ന കാന്‍സര്‍ സര്‍വൈവേഴ്‌സ് ഡേ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമാണ്. 365 ദിവസത്തില്‍ ഒരു ദിവസമെങ്കിലും കാന്‍സറിനെ കുറിച്ചുള്ള ഓര്‍മ്മകളില്‍ നിന്നും വിട്ട് വൈല്‍ഡ് വെസ്റ്റ് നൃത്തങ്ങളും, ഭക്ഷണവുമൊക്കെയായി ഒരു ആഘോഷമായാണ് കാന്‍സര്‍ സര്‍വൈവേഴ്‌സ് ഡേ കൊണ്ടാടുന്നത്. കോട്ടയം മെഡിക്കല്‍ കോളേജില്‍ നിന്നും മെഡിക്കല്‍ ബിരുദം എടുത്ത്, ന്യൂയോര്‍ക്കിലെ, ന്യൂയോര്‍ക്ക് മെഡിക്കല്‍ കോളജില്‍ ഹെമറ്റോളജി ആന്‍ഡ് ഓങ്കോളജിയില്‍ ഉപരിപഠനം പൂര്‍ത്തിയാക്കിയ ശേഷം, കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ആ മേഖലയില്‍ തന്നെ സേവനം ചെയ്തു വരികയാണ് ഡോ: സാറാ ഈശോ.
തിരക്കേറിയ ഔദ്യോഗിക ജീവതത്തിനിടയില്‍ മലയാള ഭാഷയെ മറക്കുന്നില്ല എന്നതിന്ന് തെളിവാണ്, ന്യൂയോര്‍ക്കില്‍ നിന്നും പ്രസദ്ധീകരിക്കുന്ന പ്രമുഖ മാസികയായ ‘ജനനി’ യുടെ ലിറ്റററി എഡിറ്ററായി സേവനമനുഷ്ഠിക്കുന്നത്. ജനനി മാസികയില്‍ സ്ഥിരമായി വനിതാരംഗം എന്ന പംക്തിയും ഡോ: സാറാ ചെയ്യുന്നുണ്ട്. അതോടൊപ്പം നിലയ്ക്കാത്ത സ്പന്ദനം എന്ന പുസ്തകവും അവര്‍ എഴുതി പ്രസദ്ധീകരിച്ചിട്ടുണ്ട്.