രാഷ്ട്രപിതാവിന്റെ സ്മരണയില്‍ രാജ്യം ഇന്ന് ഗാന്ധി ജയന്തി ആഘോഷിക്കുന്നു. മഹാത്മാഗാന്ധിയുടെ നൂറ്റി അമ്ബതാം ജന്മദിനം. ഗാന്ധിജിയോടുള്ള ബഹുമാനാര്‍ത്ഥം ഐക്യരാഷ്ട്രസഭ ഇതേ ദിവസം അന്താരാഷ്ട്ര അഹിംസാദിനമായാണ് ആചരിക്കുന്നത്. 1869 ഒക്ടോബര്‍ രണ്ടിന് ഗുജറാത്തിലെ പോര്‍ബന്തറിലാണ് മോഹന്‍ദാസ് കരംചന്ദ് ഗാന്ധി ജനിച്ചത്. അഹിംസയിലൂടെയും സത്യഗ്രഹമെന്ന ശക്തിയേറിയ സമരമുറയിലൂടെയും ഇന്ത്യയെ സ്വാതന്ത്ര്യത്തിന്റെ പൊന്‍പുലരിയിലേക്ക് നയിച്ച ഗാന്ധി പിന്നീട് ഗാന്ധിജിയെന്ന പേരില്‍ അറിയപ്പെട്ടു. ഇന്നും ലോകമെമ്പാടും ഗാന്ധിയന്‍ തത്വങ്ങള്‍ അംഗീകരിക്കപ്പെടുകയും പിന്തുടരുകയും ചെയ്യുന്നു എന്നതിന്റെ വ്യക്തമായ തെളിവാണ് ഗാന്ധിജയന്തി ദിനം അന്താരാഷ്ട്ര അഹിംസാ ദിനമായി ആചരിക്കുന്നത്.